ഏകീകൃത അറ്റാദായത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി ഡിഎല്‍എഫ്

മുന്‍വര്‍ഷത്തെക്കാള്‍ 39 ശതമാനം നേട്ടം

Update: 2022-07-30 11:21 GMT

മികച്ച വില്‍പ്പനയിലൂടെ ജൂണില്‍ അവസാനിച്ച പാദത്തില്‍ റിയല്‍റ്റി മേഖലയില്‍ മികച്ച നേട്ടം സ്വന്തമാക്കി ഡിഎല്‍എഫ് ലിമിറ്റഡ്. ഡിഎല്‍എഫിന്റെ ഏകീകൃത അറ്റാദായത്തില്‍ 39 ശതമാനം വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 337.16 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ അറ്റാദായം 469.56 കോടി രൂപയായി.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്ത വരുമാനം 1,242.27 കോടി രൂപയില്‍ നിന്ന് 1,516.28 കോടി രൂപയായി ഉയര്‍ന്നതായും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വ്യക്തമാക്കുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വില്‍പ്പന ബുക്കിംഗ് രണ്ട് മടങ്ങ് ഉയര്‍ന്ന് 2,040 കോടി രൂപയിലെത്തിയെന്നും ഡിഎല്‍എഫ് പ്രസ്താവനയില്‍ പറഞ്ഞു.
ആഡംബര പദ്ധതിയായ 'ദി കാമേലിയാസ്' ആണ് ഈ പാദത്തിലെ വില്‍പ്പന ബുക്കിംഗില്‍ 352 കോടി രൂപ സംഭാവന ചെയ്തതെന്നും ഡിഎല്‍എഫ് പറയുന്നു.
വിപണി മൂലധനത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഡിഎല്‍എഫ്. 330 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 153-ലധികം റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ ഇതുവരെ വികസിപ്പിച്ചെടുക്കാന്‍ കമ്പനിക്കായിട്ടുണ്ട്. റെസിഡന്‍ഷ്യല്‍, കൊമേഴ്സ്യല്‍ സെഗ്മെന്റുകളിലായി ഗ്രൂപ്പിന് 215 ദശലക്ഷം ചതുരശ്ര അടി കൂടി വികസിപ്പിക്കാനുള്ള ശേഷിയുമ നിലവിലുണ്ട്.


Tags:    

Similar News