പലിശ നിരക്ക് കുറഞ്ഞു; റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരം

കേരളത്തിലും മികച്ച വില്‍പ്പനയാണ് ഉണ്ടാകുന്നത്.

Update:2021-11-08 18:23 IST

കൊവിഡിനെ തുടര്‍ന്ന് മന്ദഗതിയിലായ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ കുതിപ്പാണ് കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ വീട് വാങ്ങള്‍ ശേഷിയും ഉയര്‍ന്നെന്നാണ് റിസര്‍ച്ച് സ്ഥാപനമായ ജെഎല്‍എല്ലിന്റെ റിപ്പോര്‍ട്ട്.

ചെന്നൈ നഗരത്തിലെ ഹോം പര്‍ച്ചേയ്‌സ് അഫോര്‍ഡബിലിറ്റി ഇന്‍ഡക്‌സ് 2020ലെ 178 പോയിന്റില്‍ നിന്ന് 188 ആയാണ് ഉയര്‍ന്നത്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഈ വളര്‍ച്ച പ്രകടമാണ്. ഈ വര്‍ഷം ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ 7 പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന 17 ശതമാനം ആണ് ഉയര്‍ന്നത്.

കൊവിഡിനെ തുടര്‍ന്ന് വീട് സ്വന്തമാക്കുക എന്ന ആഗ്രഹം പലരും മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറി വീട് സ്വന്തമാക്കാനായി ഭൂരിഭാഗവും മുന്നോട്ടു വരുന്നുണ്ട്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് വീട് വാങ്ങലിനെ സ്വാധീനിക്കുന്ന ഘടകങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വീടിന്റെ വില, വരുമാനം, ഭവന വായ്പാ നിരക്ക് എന്നിവയാണ് ആ ഘടകങ്ങള്‍.

സമ്പദ് വ്യവസ്ഥയില്‍ വീണ്ടെടുപ്പ് ഉണ്ടായതോടെ പലരുടെയും വരുമാനം കൊവിഡിന് മുമ്പത്തെ സ്ഥിയിലേക്ക് എത്തി. ഐടി മേഖലയില്‍ ഉള്‍പ്പടെ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. വീടുകളുടെ വിലയും ആളുകളുടെ തീരുമാനത്തെ സ്വാധീനിക്കുന്ന ഘടകമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നും വീടുകളുടെ വില വലിയ തോതില്‍ ഉയര്‍ന്നിട്ടില്ല. 2016-21 കാലയളവില്‍ ഹൈദരാബാദില്‍ മാത്രമാണ് വീടുകളുടെ വിലയില്‍ രണ്ടക്കത്തില്‍ അധികം (26%) വളര്‍ച്ചയുണ്ടായത്.

രാജ്യത്തെ ഭൂരിപക്ഷം സ്ഥലങ്ങളിലും 10 ശതമാനത്തില്‍ താഴെമാത്രമാണ് വീടുകളുടെ വില വര്‍ധിച്ചത്. വരുമാനത്തിലുണ്ടാകുന്ന വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍, ഇത് വീടുകള്‍ മേടിക്കാനുള്ള ആളുകളുടെ ശേഷിയും വലിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്.

എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഏറ്റവും ഗുണകരമായത് ബാങ്കുകള്‍ ഭവന വായ്പയുടെ പലിശ നിരക്ക് കുറച്ചതാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് പല ബാങ്കുകളും നല്‍കുന്നത്. 6.5 ശതമാനം മുതല്‍ പല പ്രമുഖ ബാങ്കുകളും വായ്പ അനുവദിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ പലിശ നിരക്ക് 6.7 ശതമാനം ആയാണ് കുറച്ചത്.

കേരളത്തില്‍ കൊച്ചിയില്‍ ഉള്‍പ്പടെ പല ബിൽഡേഴ്‌സും മികച്ച സെയിലാണ് ഇക്കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയത്. ആകെ യൂണീറ്റിന്റെ 20 ശതമാനം യൂണീറ്റുകളും ഇക്കാലയളവില്‍ പലരും വിറ്റഴിച്ചെന്ന്  റിപ്പോർട്ടുകൾ. വരും ദിവസങ്ങളിലും മികച്ച വില്‍പ്പനയാണ് കേരളത്തിലെ ബില്‍ഡേഴ്‌സ് പ്രതീക്ഷിക്കുന്നത്. സിമന്റുള്‍പ്പടെയുള്ള നിര്‍മാണ സാമഗ്രികളുടെ വില വലിയ തോതില്‍ ഉയരുന്നുണ്ടെങ്കിലും പലിശ നിരക്കിലുണ്ടായ കുറവും മറ്റു ഘടകങ്ങളും വില്‍പ്പന ഉയര്‍ത്തുകയായിരുന്നു.


Tags:    

Similar News