ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണി കുതിച്ചുയരും, ദീപക് പരേഖ് ഇങ്ങനെ പറയാന്‍ കാരണമെന്ത്?

'ഇന്ത്യയില്‍ വീടുകള്‍ക്കുള്ള ഡിമാന്റ് വീട് വാങ്ങുന്നവരില്‍ നിന്നാണ്, ഊഹക്കച്ചവടക്കാരില്‍ നിന്ന് അല്ല'

Update:2022-02-18 12:51 IST

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വന്‍ ഇടിവിലേക്ക് വീണ റിയല്‍ എസ്റ്റേറ്റ് മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. വീടുകളുടെ വില്‍പ്പനയിലും പുതുതായി വീടുകള്‍ അവതരിപ്പിച്ചതിലുള്ള വര്‍ധനവുമാണ് ഇതിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണി കുതിച്ചുയരുമെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു. എച്ച്ഡിഎഫ്സി ചെയര്‍മാന്‍ ദീപക് പരേഖിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണി മുന്നേറ്റത്തിന്റെ പാതയിലാണ്. പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള തലങ്ങളെ മറികടന്ന് പുതിയ വീടുകള്‍ അവതരിപ്പിച്ചതാണ് റിയല്‍റ്റി മേഖലയിലെ ആത്മവിശ്വാസത്തിന്റെ ഏറ്റവും വലിയ അടയാളമെന്നും അദ്ദേഹം പറയുന്നു. സിഐഐ റിയല്‍ എസ്റ്റേറ്റ് സംഗമത്തിന്റെ നാലാമത് എഡിഷനിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ വീടുകള്‍ക്കുള്ള ഡിമാന്റ് വീട് വാങ്ങുന്നവരില്‍ നിന്നാണെന്നും ഊഹക്കച്ചവടക്കാരില്‍ നിന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

'വീടുകള്‍ക്കുള്ള ആവശ്യം വളരെ ശക്തമാണ്. വലിയ ഭവനക്ഷാമവും തുടരുകയാണ്. കുറഞ്ഞ പലിശനിരക്കും ഇത്രയധികം പണലഭ്യതയും ഇന്നത്തെപ്പോലെ വീടുകള്‍ സ്വന്തമാക്കാനുള്ള ശക്തമായ ആഗ്രഹവും ഞാന്‍ കണ്ടിട്ടില്ല. വരുമാന വിലവാരം ഉയര്‍ന്നതിനാല്‍ യുവജനങ്ങള്‍ വേഗത്തില്‍ വീട് വാങ്ങാന്‍ ഇത് ഇടയാക്കും' അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് റിയല്‍ എസ്റ്റേറ്റ് മേഖല ശ്രദ്ധേയമായ പ്രതിരോധം പ്രകടിപ്പിച്ചിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റിലെ ശക്തരായ കളിക്കാര്‍ തങ്ങളുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ചിട്ടുണ്ടെന്നും എച്ച്ഡിഎഫ്സി ചെയര്‍മാന്‍ പറഞ്ഞു.
നേരത്തെ, 2020 നേക്കാള്‍ ഇന്ത്യയിലെ എട്ട് പ്രൈം ഹൗസിംഗ് മാര്‍ക്കറ്റുകളിലെ വീട് വില്‍പ്പന 2021 ല്‍ 13 ശതമാനത്തോളം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എട്ട് നഗരങ്ങളിലായി 2021 ല്‍ 2,05,936 വീടുകളാണ് വിറ്റഴിച്ചത്. 2020 ല്‍ ഇത് 1,82,639 വീടുകളായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ വില്‍പ്പന വര്‍ധിച്ചതാണ് പ്രധാനകാരണം. 2021 ല്‍ മുംബൈയില്‍ മൊത്തം 58,556 വീടുകളാണ് വിറ്റഴിച്ചത്. പുതിയ വീടുകള്‍ നിര്‍മിച്ചതില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2021ല്‍ 1.22 ലക്ഷം യൂണിറ്റുകള്‍ നിര്‍മിച്ചപ്പോള്‍ 2022 ല്‍ ഇത് 2.14 ലക്ഷം യൂണിറ്റുകളായി ഉയര്‍ന്നു. 75 ശതമാനത്തിന്റെ വര്‍ധന.


Tags:    

Similar News