റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പുത്തനുണര്‍വ്, ലോഞ്ചുകള്‍ കുത്തനെ ഉയര്‍ന്നു

രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളിലെ പുതിയ ലോഞ്ചുകളാണ് വര്‍ധിച്ചത്;

Update:2022-06-29 15:56 IST

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് രംഗം പുത്തനുണര്‍വോടെ നീങ്ങുന്നു. വില്‍പ്പന കൂടിയതോടെ പുതിയ ലോഞ്ചുകളും കുത്തനെ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളിലെ പുതിയ ലോഞ്ചുകള്‍ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാലയളവില്‍ 28 ശതമാനം വര്‍ധനവാണ് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ പുതിയ ലോഞ്ചിലുണ്ടായത്. മുന്‍വര്‍ഷത്തേക്കാള്‍ 368 ശതമാനം വര്‍ധനവാണിത്. PropTiger.com ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

മുന്‍പാദത്തില്‍ ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങിലായി 79,530 റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ അവതരിപ്പിച്ചപ്പോള്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 1,02,130 യൂണിറ്റുകളാണ് ലോഞ്ച് ചെയ്ത്. അതേസമയം, ഇക്കാലയളവില്‍ ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിച്ചതോടെ ഭവന വിലകള്‍ കുതിച്ചുയര്‍ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഹമ്മദാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, പൂനെ എന്നിവയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിപണികള്‍.
റിപ്പോര്‍ട്ട് അനുസരിച്ച്, ജൂണ്‍ 30-ന് അവസാനിച്ച പാദത്തില്‍ ഭവന വില്‍പ്പന മുന്‍ പാദത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞകാലയളവിലെ 70,620 യൂണിറ്റുകളെ അപേക്ഷിച്ച് 74,330 യൂണിറ്റുകളാണ് ഏപ്രില്‍-ജൂണ്‍ മാസങ്ങളിലായി വിറ്റഴിച്ചത്.


Tags:    

Similar News