കരഭൂമിയാക്കാനുള്ള അപേക്ഷ നിരസിച്ചാല്‍ എന്തുചെയ്യണം?

കരഭൂമി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. അവനീഷ് കോയിക്കര മറുപടി നല്‍കുന്നു

Update:2021-08-05 16:09 IST

ചോദ്യം: ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കിയ ഭൂമി കരഭൂമിയായി ഉപയോഗിക്കാന്‍ 2016ല്‍ അപേക്ഷ നല്‍കി. ഇപ്പോള്‍ 97 ലക്ഷം രൂപ ഫീസ് അടക്കാന്‍ ആവശ്യപ്പെടുന്നു. അത് ശരിയാണോ? (ഡേവീസ് രാജു, കാസറഗോഡ്)

ഉത്തരം: അല്ല. 2017 ഡിസംബര്‍ 30 ന് പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് ഫീസടക്കാനുള്ള വകുപ്പ് നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെടുത്തിയത്്. അതിന് മുമ്പ് കൊടുത്ത അപേക്ഷകളില്‍ ഫീസടക്കാന്‍ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ 27എ (13) പ്രകാരം ആവശ്യപ്പെടാനാവില്ല എന്ന് വിശദീകരണം കൊടുക്കുക. അപേക്ഷ കൊടുത്ത തിയതി ശ്രദ്ധിക്കാതെ പോയതാകാം.

ചോദ്യം:ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കിയ ഭൂമി കരഭൂമിയായി ഉപയോഗിക്കാന്‍ 2017ല്‍ അപേക്ഷ നല്‍കി. ജില്ലാ കളക്ടര്‍ അത് നിരസിച്ചു. ഇനിയെന്ത് ചെയ്യാം? (കദീജ, പെരിന്തല്‍മ്മണ്ണ)

ഉത്തരം: ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് അപ്പീല്‍ കൊടുക്കുക. മാപ്പപേക്ഷയോടൊപ്പം 50 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പും 100 രൂപയുടെ ലീഗല്‍ ബെനിഫിറ്റ് മുദ്ര പതിപ്പിച്ച കോര്‍ട്ട് ഫീ സ്റ്റാമ്പും പതിക്കണം. ഉത്തരവ് കിട്ടി 30 ദിവസത്തിനകം അപ്പീല്‍ കൊടുക്കണം. 30 ദിവസം കഴിഞ്ഞാല്‍ കാലതാമസം മാപ്പാക്കാനുള്ള അപേക്ഷ കൂടി നല്‍കണം. മാപ്പപേക്ഷയോടൊപ്പം 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കണം. ഉത്തരവിന്റെ ശരിപ്പകര്‍പ്പ് ഒപ്പം വയ്ക്കണം .

ചോദ്യം:കരഭൂമിയായി ഉപയോഗിക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച അപേക്ഷ നിരസിച്ചു. ഇനിയെന്ത് ചെയ്യാം? (രശ്മി ആര്‍, തൃശ്ശൂര്‍)

ഉത്തരം:പ്രതികൂല തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാം. ഹര്‍ജ്ജി ഫയല്‍ ചെയ്യുന്നതിന് അപേക്ഷയുടെയും ഉത്തരവിന്റെയും പകര്‍പ്പ്, രസീത്/ എ.ഡി. കാര്‍ഡ് എന്നിവ നിര്‍ബന്ധമായും കരുതണം.


Tags:    

Similar News