ഭക്ഷ്യ റീറ്റെയ്ല്‍ മേഖലയില്‍ സാന്നിധ്യമുറപ്പിച്ച് അദാനി വില്‍മര്‍: കൊഹിനൂര്‍ റൈസിനെ ഏറ്റെടുത്തു
റെഡി ടു ഈറ്റ് അദാനി വില്‍മര്‍ കൂടുതല്‍ മേഖലകള്‍ കയ്യടക്കുന്നു
കൂടുതല്‍ മേഖലകളില്‍ സാന്നിധ്യമുറപ്പിച്ച് ഭക്ഷ്യ എണ്ണ ഉല്‍പ്പാദകരായ അദാനി വില്‍മര്‍ (Adani Wilmar (AWL) ഏറ്റവും പുതുതായി മകോര്‍മിക് സ്വിറ്റ്‌സര്‍ലന്‍ഡ് ജിഎംബിഎച്ച്-ല്‍ നിന്ന് പ്രശസ്തമായ 'കോഹിനൂര്‍' ബ്രാന്‍ഡ് ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 'കോഹിനൂര്‍' ബ്രാന്‍ഡ് മാത്രമല്ല, മക്കോര്‍മിക് സ്വിറ്റ്സര്‍ലന്‍ഡ് ജിഎംബിഎച്ചില്‍ നിന്നും റെഡി ടു ഈറ്റ്, റെഡി ടു കുക്ക് സെഗ്മെന്റുകളും കമ്പനി ഏറ്റെടുത്തിട്ടുണ്ട്.
സ്റ്റാപ്പ്ള്‍സ് വിഭാഗത്തിലേക്കും ശക്തമായ സാന്നിധ്യമാകുന്ന പുതിയ ഏറ്റെടുക്കല്‍ എന്നാല്‍ എത്ര തുകയ്ക്കാണ് നടത്തുന്നത് എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഫോര്‍ച്യൂണ്‍ എണ്ണയോടൊപ്പം ബസ്മതി സെഗ്മെന്റില്‍ ഫോര്‍ച്യൂണ്‍ ബസ്മതി റൈസും സജീവ സാന്നിധ്യമാണ്. ഇന്ത്യയില്‍ ഏറെ ജനപ്രീതി ആര്‍ജിച്ച ഒരു വിശ്വസനീയ ബ്രാന്‍ഡാണ് കോഹിനൂര്‍.
'കോഹിനൂര്‍ ബ്രാന്‍ഡിനെ ഫോര്‍ച്യൂണ്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അദാനി വില്‍മര്‍ സന്തുഷ്ടരാണ് എന്നാണ് ഏറ്റെടുക്കലിനെക്കുറിച്ച് അദാനി വില്‍മര്‍ ലിമിറ്റഡിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്.
ഈ ഏറ്റെടുക്കല്‍ ഇന്ത്യയിലെ കോഹിനൂര്‍ ബ്രാന്‍ഡിന് കീഴിലുള്ള 'റെഡി ടു കുക്ക്', 'റെഡി ടു ഈറ്റ്' കറികള്‍, മീല്‍സ് പോര്‍ട്ട്ഫോളിയോ എന്നിവയ്ക്കൊപ്പം കോഹിനൂര്‍ ബസ്മതി അരിയുടെ മേലും അദാനി വില്‍മറിന് പ്രത്യേക അവകാശം ഉണ്ടാകുമെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.