കേംപ കോള ഇനി റിലയന്‍സ് കുപ്പിയില്‍; കോക-കോള വില കുറച്ചു

കോള വിപണിയില്‍ മത്സരം മുറുകുന്നു

Update:2023-03-17 15:54 IST

Image : Facebook/ Reliance Industries

കേംപ കോള! 1970കളിലെ ജനപ്രിയ ഇന്ത്യന്‍ കോള ബ്രാന്‍ഡ്. പെപ്‌സിയോടും കോക-കോളയോടും മത്സരിക്കാന്‍ കേംപ കോളയെ പുത്തന്‍ഭാവത്തില്‍ പുനരവതരിപ്പിക്കുകയാണ് ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലെ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്.

1970കളിലെ യുവാക്കളുടെയും കുട്ടികളുടെയും പ്രിയ ശീതളപാനീയ ബ്രാന്‍ഡായി ഖ്യാതി നേടുകയും കോക-കോള, പെപ്‌സി തുടങ്ങിയ വൈദേശിക ബ്രാന്‍ഡുകളുടെ വരവോട് വിസ്മൃതിയിലാവുകയും ചെയ്ത കേംപ കോള ബ്രാന്‍ഡിനെ കഴിഞ്ഞവര്‍ഷം ജൂലായ്-സെപ്തംബറിലാണ് റിലയന്‍സ് സ്വന്തമാക്കിയത്. ന്യൂഡല്‍ഹി ആസ്ഥാനമായ പ്യുവര്‍ ഡ്രിംഗ്‌സ് ഗ്രൂപ്പില്‍ നിന്ന് 22 കോടി രൂപയ്ക്കായിരുന്നു ഏറ്റെടുക്കല്‍.
വിപണി കൈയടക്കാന്‍ കേംപ
കേംപ കോളയെ പുത്തന്‍ രൂപത്തില്‍ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് വിപണിയിലെത്തിച്ച് കഴിഞ്ഞു. ആദ്യം തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് വിപണികളിലവതരിപ്പിച്ച കേംപ കോള ഇപ്പോള്‍ റിലയന്‍സിന്റെ റീട്ടെയില്‍ സ്‌റ്റോറുകള്‍, ജിയോമാര്‍ട്ട്, മറ്റ് ചെറുകിട വ്യാപാരശാലകള്‍ എന്നിവിടങ്ങളിലും ലഭിക്കും. കോളയ്ക്ക് പുറമേ കേംപ ലെമണ്‍, കേംപ ഓറഞ്ച് എന്നീ രുചികളിലും കേംപ കോള ലഭ്യമാണ്.
മത്സരം കടുക്കും
200 മില്ലി ലിറ്ററിന്റെ (എം.എല്‍) കേംപ കോളയ്ക്ക് വില പത്ത് രൂപയാണ്. ഇതേ അളവിലെ കോക-കോളയ്ക്ക് വില 15 രൂപയായിരുന്നു. വിപണിവിഹിതം പിടിച്ചുനിര്‍ത്തുക ലക്ഷ്യമിട്ട് കോക-കോളയും വില ഇപ്പോള്‍ 10 രൂപയായി കുറച്ചു. പെപ്‌സി ഇതുവരെ വില വിലക്കുറവ് പ്രഖ്യാപിച്ചിട്ടില്ല.
കേംപ കോള 500 എം.എല്ലിന് 20 രൂപ, 600 എം.എല്ലിന് 30 രൂപ, ഒരു ലിറ്ററിന് 40 രൂപ, രണ്ട് ലിറ്ററിന് 80 രൂപ എന്നിങ്ങനെയാണ് വില. എന്നാല്‍, പെപ്‌സിയുടെയും കോക-കോളയുടെയും 250 എം.എല്ലിന് വില 20 രൂപയാണ്. 2.25 ലിറ്ററിന് വില 99 രൂപ.
ചൂടേറുന്ന വിപണി
വേനല്‍ക്കാലം അടുത്തിരിക്കേ തന്നെ ചൂടിന്റെ കാഠിന്യമേറിക്കഴിഞ്ഞു. കോള കമ്പനികള്‍ക്ക് കൂടുതല്‍ വില്‍പനയുള്ള കാലമാണിത്. ഈ സാഹചര്യത്തിലാണ് കേംപ കോളയോടുള്ള മത്സരം കടുപ്പിക്കാനെന്നോണം കോക-കോള വിലയിളവ് നടപ്പാക്കുന്നത്. അമേരിക്കന്‍ ബ്രാന്‍ഡായ കോക-കോള ഏറ്റവും ഉയര്‍ന്ന വില്‍പന വളര്‍ച്ച രേഖപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
Tags:    

Similar News