ഉത്സവ സീസണില്‍ നെസ്‌ലെയും യൂണിലിവറും ഭയക്കുന്നത് എന്തിനെ?

ഉത്സവ സീസണ്‍ വരുമ്പോള്‍ സന്തോഷമല്ല രാജ്യത്തെ എഫ് എം സി ജി വമ്പന്മാര്‍ക്കുള്ളത്

Update: 2021-09-22 10:49 GMT

കോവിഡ് രണ്ടാം തരംഗം പിന്നിട്ട് രാജ്യത്തെ സമ്പദ് രംഗം തലയുയര്‍ത്തി വരുമ്പോഴും മനസ്സ് നിറഞ്ഞ് സന്തോഷിക്കാനാവാതെ രാജ്യത്തെ എഫ് എം സി ജി വമ്പന്മാര്‍. നവരാത്രി, ദീപാവലി ഉത്സവ സീസണുകളില്‍ പൊടിപൊടിച്ച കച്ചവടം പ്രതീക്ഷിക്കുന്ന എഫ് എം സി ജി വമ്പന്മാരെ ഇപ്പോള്‍ ആശങ്കയിലാക്കുന്നത് വിലക്കയറ്റയും തൊഴിലില്ലായ്മയുമാണ്.

''ഇന്ത്യയില്‍ ഇപ്പോഴും ഉയര്‍ന്ന തൊഴിലില്ലായ്മനിരക്കാണ്. ലക്ഷക്കണക്കിന് തൊഴിലുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. വെട്ടിച്ചുരുക്കിയ വേതനമാണ് പലര്‍ക്കും ഇപ്പോഴും ലഭിക്കുന്നത്. ഇതെല്ലാം ഇന്ത്യന്‍ കുടുംബങ്ങളുടെ ബജറ്റിനെ സ്വാധീനിക്കുന്നുണ്ട്. അതോടൊപ്പം ഉല്‍പ്പന്ന വിലകളും ഉയര്‍ന്നിരിക്കുന്നു. ഇത് എഫ് എം സി ജി ഉല്‍പ്പന്നങ്ങളുടെ ഡിമാന്റിനെ സ്വാധീനിക്കുക തന്നെ ചെയ്യും,'' നെസ്‌ലെ ചെയര്‍മാന്‍ സുരേഷ് നാരായണ്‍ കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.

സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നുവെന്നതിന്റെ സൂചന കാണുമ്പോഴും എഫ് എം സി ജി വിപണിയില്‍ അത്ര പെട്ടെന്ന് ഡിമാന്റ് ഉയരാനിടയില്ലെന്നാണ് വന്‍കിടക്കാരുടെ നിഗമനം. ലോഹങ്ങള്‍ അടക്കമുള്ളവയുടെ വില വര്‍ധന മൂലം കമ്പനികളുടെ ഉല്‍പ്പാദന ചെലവ് കൂടിയിട്ടുണ്ട്. ഇത് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്. ഇതോടൊപ്പം കുടുംബങ്ങളില്‍ പണമില്ലാത്ത അവസ്ഥ കൂടി വരുമ്പോള്‍ എഫ് എം സി ജി വിപണിയില്‍ ഉത്സവാഘോഷം പ്രതിഫലിക്കില്ലെന്ന നിഗമനമാണ് വമ്പന്മാര്‍ക്കുള്ളത്.
Tags:    

Similar News