നേരിട്ടുള്ള ഷോപ്പിംഗിന് ബിഎന്‍പിഎല്‍ കാര്‍ഡുകള്‍, യുവാക്കളെ ലക്ഷ്യമിട്ട് ഫിന്‍ടെക്കുകള്‍

നേരിട്ടുള്ള ഷോപ്പിംഗിന് ബിഎന്‍പിഎല്‍ കാര്‍ഡുകള്‍, യുവാക്കളെ ലക്ഷ്യമിട്ട് ഫിന്‍ടെക്കുകള്‍

Update:2022-01-25 13:55 IST

Business card photo created by ijeab - www.freepik.com

നിങ്ങള്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്ന ഒരാളാണെങ്കില്‍ ബൈ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) ഓപ്ഷനെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ഇത്തരം സ്‌കീമില്‍ സാധനങ്ങള്‍ വാങ്ങിയ ശേഷം രണ്ടോ മൂന്നോ തവണകളായി പണം നല്‍കിയാല്‍ മതി. ആധാര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍ മാത്രം മതിയാകും ബിഎന്‍പിഎല്‍ ഇഎംഐ സ്‌കീമുകള്‍ ലഭിക്കുന്നതിന്.

ഇ-കൊമേഴ്‌സ് കമ്പനികളെ കൂടാതെ നിരവധി ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകളും ഇത്തരം സേവനങ്ങള്‍ നല്‍കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാത്ത, വേഗത്തില്‍ വായ്പ ലഭിക്കാന്‍ സാധ്യതയില്ലാത്ത യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത്തരം ബിഎന്‍പിഎല്‍ ഓഫറുകള്‍ അവതരിപ്പിക്കപ്പെട്ടത്. ഇപ്പോള്‍ അവ ഓഫ് ലൈന്‍ ഷോപ്പിംഗിലേക്കും എത്തുകയാണ്. അതായത് സാധാരണ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്ന കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും ഇവ ഉപയോഗിക്കാം.പേയുഫിനാന്‍സ്, യൂണി കാര്‍ഡ്, സ്ലൈസ് തുടങ്ങിയ കമ്പനികളൊക്കെ വിവിധ ബാങ്കുകളുമായി ചേര്‍ന്ന് ബിഎന്‍പിഎല്‍ കാര്‍ഡുകള്‍ പുറത്തിറക്കുന്നുണ്ട്.
യുണി കാര്‍ഡ് നിലവിലുള്ള ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ സ്ലൈസ് പുതു തലമുറയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബാങ്ക് അക്കൗണ്ടിലൂടെ പണം പിന്‍വലിക്കല്‍ അടക്കമുള്ള സൗകര്യങ്ങള്‍ യുണി കാര്‍ഡ് നല്‍കുന്നുണ്ട്. എല്ലാ കമ്പനികളും മൂന്ന് തവണകളായുള്ള പലിശ രഹിത ഇഎംഐയും തുടര്‍ന്ന് പലിശ ഈടാക്കി വിവിധ കാലാവധിയിലുള്ള ഇഎംഐകളുമാണ് നല്‍കുന്നത്.
ബിഎന്‍പിഎല്‍ രീതിയില്‍ കാര്‍ഡുകള്‍ അവതരിപ്പിച്ചപ്പോള്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ മൂന്ന് ഇരട്ടി വര്‍ധനവാണ് ഉണ്ടായതെന്ന് പേയു ഫിനാന്‍സ് പറയുന്നു. ഭാവിയില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ബിഎന്‍പിഎല്‍ കാര്‍ഡുകള്‍ ഭീഷണിയാവുമെന്നാണ് വിലയിരുത്തല്‍. ഫിന്‍ടെക്ക് സ്ഥാപനമായ സെസ്റ്റ് മണിയുടെ കണക്ക് പ്രകാരം ഓണ്‍ലൈനിലെ ആകെ വില്‍പ്പനയുടെ ഒരു ശതമാനത്തോളം ബിഎന്‍പിഎല്‍ രീതിയിലാണെന്നാണ്. 2026 ഓടെ 35 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ ബിഎന്‍പിഎല്ലിലൂടെ നടക്കുമെന്നാണ് വിലയിരുത്തല്‍.


Tags:    

Similar News