ഹെല്‍ത്ത് കെയര്‍ മേഖലയിലേക്ക് ഫ്ലിപ്കാര്‍ട്ട്

ഓണ്‍ലൈന്‍ ഫാര്‍മസി sastasundar.comല്‍ നിക്ഷേപം നടത്തി ഫ്ലിപ്കാര്‍ട്ട്

Update:2021-11-19 17:30 IST

വാള്‍മാര്‍ട്ടിൻ്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഫ്ലിപ്കാര്‍ട്ട് ഹെല്‍ത്ത് കെയര്‍ സേവനങ്ങളിലേക്ക് പ്രവേശിച്ചു. ഇതിൻ്റെ ഭാഗമായി കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫാര്‍മസി

SastaSundar.comൻ്റെ ഭൂരിഭാഗം ഓഹരികളും ഫ്ലിപ്കാര്‍ട്ട് സ്വന്തമാക്കി. ഇടപാടിൻ്റെ കൂടുതല്‍ വിവരങ്ങള്‍ ഇരുകമ്പനികളും പുറത്തുവിട്ടിട്ടില്ല.
ശാസ്ത സുന്ദര്‍ വെഞ്ചേഴ്‌സിൻ്റെ സഹസ്ഥാപനമായ ശാസ്തസുന്ദര്‍ ഹെല്‍ത്ത് ബഡി ലിമിറ്റഡിന് (എസ്എച്ച്ബിഎല്‍) കീഴിലാണ് sastasundar.com പ്രവര്‍ത്തിക്കുന്നത. 490 ഫാര്‍മസികള്‍ ആണ് ശാസ്തസുന്ദറിന് കീഴിലുള്ളത്. ജാപ്പനീസ് കമ്പനികളായ മിറ്റ്‌സ്ബുഷി കോര്‍പറേഷനും റോഹ്‌തോ ഫാര്‍മസ്യൂട്ടിക്കല്‍സിനും ഈ സ്ഥാപനത്തില്‍ നിക്ഷേപമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.58 കോടിയായിരുന്നു സ്ഥാപനത്തിൻ്റെ വിറ്റുവരവ്.
ഫ്ലിപ്കാര്‍ട്ട് ഹെല്‍ത്ത് + എന്ന പേരിലാണ് കമ്പനി ആരോഗ്യ സേവനങ്ങള്‍ അവതരിപ്പിക്കുന്നത്. ഇ-ഫാര്‍മസിയില്‍ തുടങ്ങി ഇ-ഡയഗ്നോസ്റ്റിക്സ്, ഇ-കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ അവതരിപ്പിക്കുമെന്ന് ഫ്ലിപ്കാര്‍ട്ട് ഹെല്‍ത്ത് + സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് വീര്‍ യാദവ് അറിയിച്ചു.
ഫ്ലിപ്കാര്‍ട്ട് ഒഴികെയുള്ള ഇ-കൊമേഴ്‌സ് ഭീമന്മാരെല്ലാം ഇ-ഫാര്‍മസി രംഗത്ത് നേരത്തെ തന്നെ നിക്ഷേപം നടത്തിയിരുന്നു.ഫ്ലിപ്കാര്‍ട്ടിൻ്റെ മുഖ്യ എതിരാളികളായ ആമസോണ്‍ 2020ല്‍ തന്നെ മരുന്ന് വില്‍ക്കാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം റിലയന്‍സ് ഓണ്‍ലൈന്‍ ഫാര്‍മസി നെറ്റ്‌മെഡ്‌സിനെ റിലയന്‍സ് ഏറ്റെടുത്തിരുന്നു. ഈ വര്‍ഷം ജൂലൈയിലാണ് ഇതേ മേഖലയിലെ പ്രമുഖരായ 1എംജിയില്‍ ടാറ്റ നിക്ഷേപം നടത്തിയത്.




Tags:    

Similar News