റിലയന്‍സും ഒഴിഞ്ഞു; ഫ്യൂചര്‍ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കാന്‍ കിഷോര്‍ ബിയാനി
ആമസോണുമായി നിയമ പോരാട്ടം നടത്തുകയും അതിനിടയില്‍ പാപ്പരത്വ നടപടികള്‍ നേരിടുകയും ചെയ്യുന്ന ഫ്യൂചര്‍ റീറ്റെയ്ല്‍ ലിമിറ്റഡിനെ മാറ്റി നിര്‍ത്തി ഗ്രൂപ്പിന് കീഴിലുള്ള മറ്റു കമ്പനികളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉടമ കിഷോര്‍ ബിയാനി
ഫ്യൂചര്‍ ഗ്രൂപ്പിനെ സാധ്യമായ എല്ലാ വഴികളിലൂടെയും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഉടമ കിഷോര്‍ ബിയാനി (Kishore Biyani) . ഗ്രൂപ്പിന് കീഴിലുള്ള ഫ്യൂചര്‍ റീറ്റെയ്ല്‍ ലിമിറ്റഡ് (Future Group) ഒഴികെയുള്ള കമ്പനികളെ എങ്ങനെയെങ്കിലും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്. ഫ്യൂചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍സ്, ഫ്യൂചര്‍ സപ്ലൈ ചെയ്ന്‍ സൊലൂഷന്‍സ്, ഫ്യൂചര്‍ കണ്‍സ്യൂമര്‍ , ഫ്യൂചര്‍ എന്റര്‍പ്രൈസസ് എന്നീ കമ്പനികളിലാണ് ഗ്രൂപ്പ് ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത്.
24713 കോടി രൂപ നല്‍കി ഫ്യൂചര്‍ റീറ്റെയ്‌ലിന്റെ () ആസ്തികള്‍ സ്വന്തമാക്കാനുള്ള ശ്രമം ഫ്യൂചര്‍ ഗ്രൂപ്പിന് വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ എതിര്‍ത്തതോടെ റിലയന്‍സ് റീറ്റെയ്ല്‍ ഉദ്യമത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഏകദേശം 18000 കോടി രൂപ കടമുള്ള ഫ്യൂചര്‍ റീറ്റെയ്‌ലിനെ പാപ്പരായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍. Reliance
എന്നാല്‍ ഫ്യൂചര്‍ ഗ്രൂപ്പിന് കീഴിലുള്ള ഫ്യൂചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍സ് അടക്കമുള്ള കമ്പനികള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഫ്യൂചര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന് 5000 കോടി രൂപ കടമുണ്ട്. എന്നാല്‍ ഫ്യൂചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് ബിസിനസിലെ കമ്പനിയുടെ ഓഹരികള്‍ വിറ്റൊഴിയാനുള്ള തയാറെടുപ്പ് നടത്തുന്ന കമ്പനിക്ക് ഇതിലൂടെ 3000 കോടി രൂപ സമാഹരിക്കാനാകും. കടബാധ്യത കുറയുന്നതോടെ കമ്പനിക്ക് മികച്ച നിലയില്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
കര്‍ണാടകയിലെ തുംകൂറില്‍ 110 ഏക്കര്‍ ഫുഡ് പാര്‍ക്ക് സ്വന്തമായുള്ള എഫ്എംസിജി കമ്പനിയായ ഫ്യൂചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡിനും അത് വിറ്റാല്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളൂവെന്നാണ് വിലയിരുത്തല്‍. ഫ്യൂചര്‍ സപ്ലൈ ചെയ്ന്‍ സൊലൂഷന്‍സ് ലിമിറ്റഡിന് രാജ്യത്തുടനീളം സ്വന്തമായി വെയര്‍ ഹൗസുകളുണ്ട്. നാഗ്പൂരില്‍ ഉള്ളത് രാജ്യത്തു തന്നെ ഏറ്റവും വലുതാണ്.
ഫ്യൂചര്‍ ലൈഫ് സ്റ്റൈല്‍ ഫാഷന്‍സ് ലിമിറ്റഡ് വായ്പാ തിരിച്ചടവില്‍ കാര്യമായ മുടക്കം വരുത്തിയിട്ടില്ല. ഇവയ്ക്ക് കീഴിലുള്ള ചില പ്രധാന ബ്രാന്‍ഡുകളെ വിറ്റ് പണം സമാഹരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. സ്വന്തം ബ്രാന്‍ഡുകള്‍ക്ക് മാത്രമായി എക്‌സ്‌ക്ലൂസിവ് ഔട്ട്‌ലെറ്റുകളും മറ്റു മള്‍ട്ടി ബ്രാന്‍ഡ് ഔട്ട്‌ലെറ്റുകളും കമ്പനി രാജ്യത്തുടനീളം നടത്തി വരുന്നുണ്ട്. മാത്രമല്ല, കോവിഡിന് ശേഷം മികച്ച നിലയിലേക്ക് മടങ്ങി വരുന്നതിന്റെ സൂചകളും കമ്പനി കാട്ടുന്നുണ്ട്.