ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയ്ക്ക് മൂക്കുകയര്‍ വീഴുമോ? എന്താണ് പുതിയ ഇ-കോമേഴ്‌സ് നയം
ഫ്‌ളാഷ് സെയിലുകള്‍ക്ക് നിരോധനം വരും.പുതിയ മാറ്റങ്ങള്‍ അറിയാം.
ഓണ്‍ലൈന്‍ മേഖലയിലെ തട്ടിപ്പുകുറയ്ക്കാനും കച്ചവടത്തിന്റെ ധാര്‍മ്മികതയ്ക്കുമായി പുതിയ ഇ-കോമേഴ്‌സ് നയങ്ങള്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിയമങ്ങളുടെ കരട് രേഖ പ്രകാരം, ഫ്‌ളാഷ് സെയിലുകള്‍ക്ക് നിരോധനം വരും. അതിനൊപ്പം കൃത്യസമയത്ത് ഉപയോക്താവ് ഓഡര്‍ ചെയ്ത വസ്തു എത്തിച്ചില്ലെങ്കില്‍ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ശിക്ഷയും പിഴയും നേരിടേണ്ടിവരും. ഫുഡ് ആന്റ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് മന്ത്രാലയമാണ് പുതിയ നിയമത്തിനായുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
പുതിയ നിയമങ്ങള്‍ പ്രകാരം ഇ- കൊമേഴ്‌സ് സംരംഭങ്ങള്‍ക്കു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ഓണ്‍ലൈന്‍ വിപണന രംഗത്തെ സുതാര്യതയ്ക്കും ഈ രംഗത്തെ നിയന്ത്രണങ്ങള്‍ക്കും, ഉപയോക്താവിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും വേണ്ടി നില കൊള്ളും. ഈ രംഗത്തെ കുത്തകവത്കരണം ഇല്ലാത്ത മത്സരം പ്രോത്സാഹിപ്പിക്കാനുമാണ് ഇതെന്ന് കേന്ദ്രം ഇറക്കിയ പ്രസ്താവന പറയുന്നു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട് തുടങ്ങിയ ഇ- കൊമേഴ്‌സ് കമ്പനികള്‍ വിപണിയിലെ മേല്‍ക്കൈ ദുരുപയോഗിക്കുന്നുവെന്ന പേരില്‍ കോംപറ്റീഷന്‍ കമ്മിഷന്റെ അന്വേഷണം നേരിടുന്നതിനിടെയാണ് കേന്ദ്രം ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.
അപ്രായോഗികമായ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കുന്നതും ചില പ്രത്യേക ഉല്‍പന്നങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്നതുമായ തുടര്‍ ഫ്‌ലാഷ് സെയിലുകള്‍ അനുവദിക്കില്ല എന്നും ഭേദഗതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്രം ഇപ്പോള്‍ പുറത്തിറക്കിയ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (ഇ-കോമേഴ്‌സ് റൂള്‍)2020 കരടു ചട്ടങ്ങള്‍ക്ക് അടുത്ത മാസം 6 വരെ ഭേദഗതികള്‍ നിര്‍ദേശിക്കാം. ഓണ്‍ലൈന്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് ക്രമസമാധാന സംവിധാനങ്ങള്‍ക്ക് 24 മണിക്കൂറുംപ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ ഒരുക്കണമെന്ന് പുതിയ നിര്‍ദേശങ്ങള്‍ പറയുന്നു.
ഓണ്‍ലൈനിലൂടെ ഉപഭോക്താവിന് വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും കാലാവധി വ്യക്തമാക്കണം. ഇറക്കുമതി ചെയ്തതെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ വിവരണത്തില്‍ നല്‍കണം. സേവനത്തിലുണ്ടാകുന്ന പോരായ്മയ്ക്ക് ഓണ്‍ലൈനില്‍ വില്‍പ്പന നടത്തുന്ന കമ്പനിക്ക് പൂര്‍ണ ഉത്തരവാദിത്തം ുണ്ടായിരിക്കും. കൂടാതെ വില്‍പ്പന പ്ലാറ്റ്‌ഫോമുകളെയും ഈ പരിധിയില്‍ കൊണ്ടുവരുമെന്നും ഭേദഗതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.