വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങി നെസ്ലെ ഇന്ത്യയും!

പുതിയ പ്ലാന്റില്‍ 62 ശതമാനവും സ്ത്രീകളായിരിക്കും.

Update: 2021-09-21 07:30 GMT

നെസ്ലെ ഇന്ത്യ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ ഇന്ത്യയിലെ ആകെ ജീവനക്കാരില്‍ 23 ശതമാനത്തോളം വനിതകളാണ്. ഇതിനു പുറമെയാണിത്. ഇക്കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് വനിതകള്‍ക്ക് വനിതാ റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. 10000 വനിതകളെ പുതുതായി നിയമിക്കുന്ന വാര്‍ത്ത ഒലയും പുറത്തുവിട്ടിരുന്നു.

രാജ്യത്തെ വന്‍കിട കമ്പനികള്‍ കൂടുതല്‍ വനിതാ പ്രാതിനിധ്യമുറപ്പിക്കുന്ന വിവിധ പദ്ധതികളാണ് സാമ്പത്തിക വര്‍ഷത്തിന്റെ ഈ പാദത്തില്‍ പങ്കിട്ടിരിക്കുന്നത്. നെസ്ലെയാണ് ഫുഡ്& ബെവറജസ് കമ്പനികളില്‍ ഇത്തരത്തില്‍ മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം, അതായത് 2020 ല്‍ കമ്പനി നടത്തിയ പുതിയ നിയമനങ്ങളില്‍ 42 ശതമാനം സ്ത്രീകളാണ്.
''2015 ല്‍ ഞാന്‍ നെസ്ലെ ഇന്ത്യയില്‍ വന്നപ്പോള്‍, ഇന്ത്യയിലെ മൊത്തം ജീവനക്കാരില്‍ ഏകദേശം 15-16 ശതമാനമായിരുന്നു സ്ത്രീകള്‍ എങ്കില്‍ ഇപ്പോള്‍ അത് 23 ശതമാനത്തിലേക്ക് നീങ്ങി.'' നെസ്ലെ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ സുരേഷ് നാരായണന്‍ മാധ്യമങ്ങളോട് ഒരു വെര്‍ച്വല്‍ മീറ്റിംഗില്‍ പ്രതികരിച്ചു.
എട്ട് പ്ലാന്റുകളാണ് നിലവില്‍ നെസ്ലെയ്ക്ക് ഇന്ത്യയിലുള്ളത്, 7700 ഓളം ജീവനക്കാരും. ഒരെണ്ണം ഉടന്‍ തുറക്കും. ഇതിലേക്കുള്ള നിയമനങ്ങളിലും മാര്‍ക്കറ്റിംഗ് ഉള്‍പ്പെടുന്ന വിഭാഗങ്ങളിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിലെ സാനന്ദിലുള്ള നെസ്ലെയുടെ പുതിയ പ്ലാന്റില്‍, ജനപ്രിയ ഇന്‍സ്റ്റന്റ് നൂഡില്‍സ് ബ്രാന്‍ഡായ മാഗി നിര്‍മ്മാണമാണ് പദ്ധതിയിട്ടിട്ടുള്ളത്. ഇവിടെ 62 ശതമാനം ജീവനക്കാരും സ്ത്രീകളായിരിക്കും. 700 കോടി മുതല്‍മുടക്കിലുള്ളതാണ് ഈ പ്ലാന്റ്.


Tags:    

Similar News