സ്‌ക്വിഡ് ഗെയിം ടീ-ഷര്‍ട്ട്, കോക്കോമെലണ്‍ കളിപ്പാട്ടങ്ങള്‍, വിപണി വ്യാപിപ്പിക്കാന്‍ നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സിന്റെ നീക്കം സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് ഉള്‍പ്പടെയുള്ള ഷോകളുടെ പേരില്‍ ടീ-ഷര്‍ട്ടുകളും കപ്പുകളും പോസ്റ്ററുകളുമൊക്കെ ഓണ്‍ലൈനിലൂടെ വില്‍പ്പനയ്ക്ക് എത്തിക്കുന്ന ചെറുകിടക്കാരെ പ്രതികൂലമായി ബാധിച്ചേക്കും.

Update:2021-10-12 13:07 IST

ജനപ്രിയ ഷോകളുടെ ടീ ഷര്‍ട്ട് , കളിപ്പാട്ടങ്ങള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ വില്‍ക്കാന്‍ റീട്ടെയില്‍ ഭീമന്‍ വാള്‍മാര്‍ട്ടുമായി നെറ്റ്ഫ്ലിക്സ് സഹകരിക്കുന്നു. കഴിഞ്ഞ ജൂണില്‍ നെറ്റ്ഫ്ലിക്സ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് അമേരിക്കയില്‍ അവതരിപ്പിച്ചിരുന്നു. മറ്റ് രാജ്യങ്ങളിലേക്കും ഷോപ്പിംഗ് സൈറ്റിന്റെ സേവനം വ്യാപിപ്പിക്കാന്‍ ഇരിക്കെയാണ് വാള്‍മാര്‍ട്ടുമായുള്ള സഹകരണം. 24 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള വാള്‍മാര്‍ട്ടുമായി ചേര്‍ന്ന് കണ്‍സ്യൂമര്‍ പ്രോഡക്ട് ബിസിനസ് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

നിലവില്‍ നെറ്റ്ഫ്ലിക്സിന്റെ ഏഴു ഷോകളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളാണ് വാള്‍മാര്‍ട്ടില്‍ എത്തുന്നത്. ഇവ വാള്‍മാര്‍ട്ടില്‍ മാത്രം ലഭ്യമാകുന്നവയായിരിക്കും. ഭാവിയില്‍ കൂടുതല്‍ ഷോകളുടെ ഉത്പന്നങ്ങള്‍ എത്തിക്കും. നെറ്റ്ഫ്ലിക്സ് ഉത്പന്നങ്ങളുടെ പ്രീഓഡര്‍ ബുക്കിംഗ് വാള്‍മാര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്.
ഒരു പക്ഷെ ഇന്ത്യയില്‍ നെറ്റ്ഫ്ലിക്സ് ഉത്പന്നങ്ങള്‍ എത്തുക വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയില്‍ ഉള്ള ഫ്ലിപ്കാർട്ടിലൂടെ ആയിരിക്കും. നിലവില്‍ പല സെല്ലര്‍മാരും സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് ഉള്‍പ്പടെയുള്ള നെറ്റ്ഫ്‌ലിക്‌സ് ഷോകളുടെ ടീ ഷര്‍ട്ടുകള്‍, കപ്പുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ ഫ്‌ലിപ്കാര്‍ട്ടിലൂടെ വില്‍ക്കുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സ് ഉത്പന്നങ്ങള്‍ ഫ്‌ലിപ്കാര്‍ട്ട് ഇന്ത്യയില്‍ അവതരിപ്പിക്കുകയാണെങ്കില്‍, അത് ഇത്തരം ഉത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്ന ചെറുകിട സംരംഭകരെ പ്രതികൂലമായി ബാധിച്ചേക്കും.


Tags:    

Similar News