Retail

വിലക്കയറ്റം തിരിച്ചടിയാകുന്നു: ബേക്കറി മേഖല പ്രതിസന്ധിയില്‍

പാംഓയില്‍ വില കുത്തനെ വര്‍ധിച്ചത് ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ ചെലവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്

Dhanam News Desk

അസംസ്‌കൃത വസ്തുക്കളുടെയും ഇന്ധനവില വര്‍ധനവും ബേക്കറി ഉല്‍പ്പന്ന നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ബേക്കറി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനാവശ്യമായ പാംഓയില്‍ വില കുത്തനെ ഉയര്‍ന്നതാണ് ഈ മേഖലയിലുള്ളവര്‍ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്. ''കഴിഞ്ഞ മാര്‍ച്ച് മാസം 1,300 (15 കിലോഗ്രാമിന്റെ കാന്‍) രൂപയ്ക്കടുത്തുണ്ടായിരുന്ന പാം ഓയില്‍ വില 2250 രൂപ വരെയാണ് ഉയര്‍ന്നത്. ശരാശരി 30 കാന്‍ പാംഓയില്‍ ഉപയോഗിക്കുമ്പോള്‍ തന്നെ ഒരു ദിവസം ചെലവില്‍ വലിയ വര്‍ധനവാണുണ്ടായിട്ടുള്ളത്'' പാംഓയില്‍ വില വര്‍ധന ബേക്കറി ഉല്‍പ്പന്ന വ്യവസായത്തെ എത്രത്തോളം ബാധിച്ചുവെന്നതിനെ കുറിച്ച് ഖാദി ആന്റ് സ്മാള്‍ എന്റപ്രണേഴ്സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ ജന. സെക്രട്ടറിയും കണ്ണൂര്‍ ജില്ലയിലെ ചട്ടുകപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന എംപികെ ഫുഡ്സ് ഉടമയുമായ ഹാഷിം ഇളമ്പയില്‍ പറയുന്നു.

കൂടാതെ തുടര്‍ച്ചയായുണ്ടായ ഇന്ധനവില വര്‍ധനവ് എല്ലാ അസംസ്‌കൃത വസ്തുക്കളുടെയും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. അസംസ്‌കൃത വസ്തുക്കളെത്തിക്കുന്നതിനുള്ള ചെലവും ഉല്‍പ്പന്ന വിതരണ ചെലവും കുത്തനെ വര്‍ധിച്ചതും ഈ രംഗത്തുള്ളവര്‍ക്ക് കനത്ത തിരിച്ചടിയാണ്. അസംസ്‌കൃത വസ്തുക്കളുടെ ട്രാന്‍സ്പോര്‍ട്ടിംഗിനും ഉല്‍പ്പന്നങ്ങളുടെ വിതരണത്തിനും വലിയ തുക ചെലവഴിക്കേണ്ടിവരുന്നുണ്ട്. നേരത്തെ കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ അസംസ്‌കൃത വസ്തുക്കളെത്തിക്കുന്നതിന് 9,000 രൂപയാണ് ചെലവായിരുന്നതെങ്കില്‍ ഇന്ന് 12,000-13,000 രൂപയോളം വേണ്ടിവരുന്നതായി ഹാഷിം പറയുന്നു.

ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതോടെ ബേക്കറി ഉല്‍പ്പന്നങ്ങളുടെ പാക്കാജിംഗ് മറ്റീരിയലിന്റെ വിലയും വര്‍ധിച്ചു. അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കുറഞ്ഞതോടെ ഉല്‍പ്പന്നങ്ങളുടെ വിപണനവും കുത്തനെ കുറഞ്ഞു. നേരത്തെയുണ്ടായിരുന്ന വിപണനത്തിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഉല്‍പ്പാദനവും കുത്തനെ കുറയാന്‍ കാരണമായിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT