ബ്യൂട്ടി ബ്രാന്‍ഡില്‍ നിക്ഷേപവുമായി പ്രിയ താരം രശ്മിക മന്ദാന

താനെ ആസ്ഥാനമായുള്ള കമ്പനിയുടെ ബ്രാന്‍ഡ് അംബസഡറും ഈ തെന്നിന്ത്യന്‍ താരമാണ്

Update:2022-06-23 17:26 IST

വെഗന്‍ ബ്യൂട്ടി & പേഴ്സണല്‍ കെയര്‍ ബ്രാന്‍ഡായ പ്ലമില്‍ നിക്ഷേപവുമായി തെന്നിന്ത്യന്‍ താരമായ രശ്മിക മന്ദാന (Rashmika Mandanna). താനെ ആസ്ഥാനമായുള്ള കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറും രശ്മികയാണ്. എന്നാല്‍ രശ്മികയുടെ പങ്കാളിത്തം എത്രയാണെന്നോ എത്ര രൂപയുടെ നിക്ഷേപമാണ് നടത്തിയതെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പ്രിയതാരവുമായുള്ള പങ്കാളിത്തം ബിസിനസിനെ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

2018 ലാണ് ബ്യൂട്ടി ബ്രാന്‍ഡായ പ്ലം ആദ്യമായി ഫണ്ട് സ്വരൂപിച്ചത്. ഇതുവരെ കമ്പനി വിവിധ സ്ഥാപന നിക്ഷേപകരില്‍ നിന്ന് 50 മില്യണിലധികം ഡോളറാണ് സമാഹരിച്ചത്. 2022 മാര്‍ച്ചില്‍ എ91 പാര്‍ട്ണേഴ്സിന്റെ നേതൃത്വത്തില്‍ നടന്ന ഫണ്ടിംഗ് റൗണ്ടില്‍ 35 മില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. ആദ്യ ഫണ്ടിംഗ് റൗണ്ട് മുതല്‍ ബ്രാന്‍ഡ് ഏകദേശം 15 മടങ്ങ് വളര്‍ന്നതായി പ്ലം സിഇഒയും സ്ഥാപകനുമായ ശങ്കര്‍ പ്രസാദ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉപഭോക്താക്കളുമായി തങ്ങളുടെ ബ്രാന്‍ഡ് ബന്ധം ശക്തിപ്പെടുത്തുന്നതിനായി രശ്മികയെ ഉള്‍പ്പെടുത്തിയതില്‍ ബ്രാന്‍ഡിന് സന്തോഷമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത 12 മാസത്തിനുള്ളില്‍ വാര്‍ഷിക വരുമാനം ഇരട്ടിയാക്കാനാണ് പ്ലം (Plum) ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ജനപ്രിയ നടിയുമായുള്ള പുതിയ കരാര്‍ അതിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ബ്രാന്‍ഡ് പ്രതീക്ഷിക്കുന്നുണ്ട്.
2013ല്‍ സ്ഥാപിതമായ പ്ലം, സ്‌കിന്‍, ഹയര്‍, പേഴ്സണല്‍ കെയര്‍, മേക്കപ്പ് വിഭാഗങ്ങളിലായി നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. ഇത് ഒരു ഓമ്നിചാനല്‍ മോഡലിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ വെബ്സൈറ്റ് വഴിയും ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, നൈകാ, പര്‍പ്പിള്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഇ-കൊമേഴ്സ് മാര്‍ക്കറ്റ് പ്ലേസ് വഴിയും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്. പ്ലമിന് ഇന്ത്യയിലെ 250 നഗരങ്ങളിലായി ഏകദേശം 1000 മള്‍ട്ടി-ബ്രാന്‍ഡ് ഔട്ട്ലെറ്റുകളും 10,000 എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകളുമുണ്ട്.



Tags:    

Similar News