ഡല്‍ഹി ഇനി സ്റ്റാര്‍ട്ടപ്പുകളുടേയും തലസ്ഥാനം, ബെംഗളൂരുവിനെ മറികടന്നു
ബഹിരാകാശ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 100 കടന്നു
പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ബെംഗളൂരുവിനെ മറികടന്ന് ഡല്‍ഹി. 2019-21 കാലയളവില്‍ 5,000 സ്റ്റാര്‍ട്ടപ്പുകളാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയത്. ഇക്കാലയളവില്‍ ബെംഗളൂരുവില്‍ നിന്ന് 4,514 സ്റ്റാര്‍ട്ടപ്പുകളാണ് ആരംഭിച്ചത്. 2021-22 സാമ്പത്തിക സര്‍വ്വേയിലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ ഉള്ളത്.
വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ വകുപ്പിന്റെ കണക്ക് അനുസരിച്ച് 61,400 സ്റ്റാര്‍ട്ടപ്പുകളാണ് രാജ്യത്തുള്ളത്. ആറുലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് സ്റ്റാര്‍പ്പുകള്‍ രാജ്യത്ത് സൃഷ്ടിച്ചതെന്നാണ് നിയമസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോദന ചെയ്ത രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ പറഞ്ഞത്.
സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍, സംസ്ഥാനങ്ങളുടെ പട്ടികയില്‍ മഹാരാഷ്ട്രയാണ്(11,308)ഒന്നാമത്. കഴിഞ്ഞ വര്‍ഷം മാത്രം 44 സ്റ്റാര്‍ട്ടപ്പുകളാണ് യൂണീകോണായത് ( 1 ബില്യണ്‍ ഡോളര്‍ മൂല്യം). 2021ല്‍ ഏറ്റവും കൂടുതല്‍ യൂണീകോണുകളെ സൃഷ്ടിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമതാണ്. യുഎസും ( 487) ചൈനയുമാണ് (301) ആദ്യ രണ്ട് സ്ഥാനങ്ങളില്‍. നിലവില്‍ 83 യുണീകോണ്‍ കമ്പനികളാണ് ഇന്ത്യയിലുള്ളത്.
ബഹിരാകാശ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണവും കാര്യമായി വര്‍ധിച്ചു. 2021ല്‍ 47 കമ്പനികള്‍ കൂട എത്തിയതോടെ ഈ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 100 കടന്നു. 2021ല്‍ 28,391 പേറ്റന്റുകളാണ് രാജ്യം അനുവദിച്ചത്. രാജ്യത്തെ ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പുകളും ഐടി/ വിവര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ടവയാണെന്നും സാമ്പത്തിക സര്‍വ്വേ വിലയിരുത്തുന്നു.