ഫോബ്‌സ് '30 അണ്ടര്‍ 30 ഏഷ്യ' പട്ടികയില്‍ ഇടം പിടിച്ച് മലയാളി സംരംഭകര്‍
ബാന്‍ടിക്കൂട്ട് റോബോട്ടുകളെ വികസിപ്പിച്ച ജെൻ റോബോട്ടിക്‌സിന്റെ സാരഥികളാണ് ഫോബ്‌സിന്റെ പുതിയ പട്ടികയില്‍ സ്ഥാനം നേടിയത്;
ഈ വര്‍ഷത്തെ മികച്ച യുവപ്രതിഭകളെ ഉള്‍പ്പെടുത്തി ഫോബ്‌സ് തയ്യാറാക്കിയ 'ഫോബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ' പട്ടികയില്‍ ഇടം നേടി കേരള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജെന്‍ റോബോട്ടിക്സിന്റെ സാരഥികള്‍. 2018 ല്‍ വിമല്‍ ഗോവിന്ദ് എം.കെ, അരുണ്‍ ജോര്‍ജ്, റാഷിദ് കെ, നിഖില്‍ എന്‍.പി എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ കമ്പനിയാണ് ജെന്‍ റോബോട്ടിക്‌സ്.
ധനകാര്യം, സാങ്കേതികവിദ്യ, വിനോദം, കായികം എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള യുവ സംരംഭകരാണ് ഫോബ്‌സിന്റെ 30 അണ്ടര്‍ 30 ഏഷ്യ ലിസ്റ്റിലുള്ളത്. ഇതില്‍ ഇന്‍ഡസ്ട്രി, മാനുഫാക്ചറിംഗ്, എനര്‍ജി വിഭാഗത്തിലാണ് ജെന്‍ റോബോട്ടിക്‌സ് സാരഥികള്‍ ഇടം പിടിച്ചത്.
ബാന്‍ടിക്കൂട്ടിലൂടെ തുടക്കം
മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനായി ബാന്‍ടിക്കൂട്ട് റോബോട്ടുകളെ വികസിപ്പിച്ചതാണ് ജെന്‍ റോബോട്ടിക്‌സിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. മനുഷ്യര്‍ മാന്‍ഹോളുകളിലിറങ്ങി മാലിന്യം വൃത്തിയാക്കിക്കൊണ്ടിരുന്ന ഇന്ത്യയില്‍ വിപ്ലവകരമായ മാറ്റമാണ് ഈ കണ്ടുപിടിത്തം കൊണ്ടുവന്നത്. ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്‌കാവഞ്ചര്‍ ആയ ബാന്‍ടിക്കൂട്ട് ഇന്ന് ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുകൂടാതെ ജെൻ റോബോട്ടിക്‌സിന്റെ മിഷന്‍ റോബോ ഹോള്‍ പദ്ധതിയിലൂടെ മൂവായിരത്തിലധികം ശുചീകരണ തൊഴിലാളികള്‍ റോബോട്ടിക് ഓപ്പറേറ്റര്‍മാരായി മാറുകയും ചെയ്തു.
സാങ്കേതിക മേഖലയില്‍ കൂടുതല്‍ യുവാക്കള്‍ക്ക് കടന്നു വരാന്‍ പ്രചോദനമാകുന്നതാണ് ആഗോളതലത്തിലുള്ള ഈ അംഗീകാരമെന്ന് ജെൻ റോബോട്ടിക്‌സ് സി.ഇ.ഒ വിമല്‍ ഗോവിന്ദ് എം.കെ പറഞ്ഞു.
ജി -ഗൈറ്റര്‍
ന്യൂറോ റീഹാബിലിറ്റേഷന്‍ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തുന്ന ജി -ഗൈറ്റര്‍ റോബോട്ടുകളും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. പക്ഷാഘാതം സംഭവിച്ച രോഗികള്‍ക്ക് ഏറെ സഹായകമാകുന്നതാണ് ഈ കണ്ടുപിടിത്തം. ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെയുള്ള ബിസിനസ് പ്രമുഖരില്‍ നിന്ന് കമ്പനി 30 ലക്ഷം ഡോളര്‍ ഇതിനായി സമാഹരിച്ചിരുന്നു.
സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പ് എന്ന നിലയിലാണ് ജെൻ റോബോട്ടിക് ഇന്നവേഷന്‍സ് 'ഏഷ്യ അണ്ടര്‍ 30 'പട്ടികയില്‍ ഇടം നേടിയത്. നേരത്തെ ഫോബ്‌സ് ഇന്ത്യ 30 അണ്ടര്‍ 30 പട്ടികയിലും ഇവര്‍ ഇടം പിടിച്ചിരുന്നു. കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍ 2022 ല്‍ കേരള പ്രൈഡ് അവാര്‍ഡും ജെൻ റോബോട്ടിക്‌സിന് ലഭിച്ചിട്ടുണ്ട്.
ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, ബോളിവുഡ് താരം സിദ്ധാന്ത് ചതുര്‍വേദി, സംഗീതജ്ഞയും മോഡലുമായ അംബിക നായിക് തുടങ്ങിയവരും ഇന്ത്യയില്‍ നിന്ന് ഫോബ്സ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.