കേരളത്തില്‍ 'എമേര്‍ജിംഗ് ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ഹബ്' വരുന്നു
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ ടെക്നോപാര്‍ക്കിലെ ഫെയ്സ് 4 കാമ്പസില്‍ മൂന്ന് ഏക്കറിലാണ് ഹബ് ഒരുങ്ങുക
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ(കെ.എസ്.യു.എം) നേതൃത്വത്തില്‍ കേരളത്തില്‍ എമേര്‍ജിംഗ് ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ഹബ് ആരംഭിക്കുന്നു. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഫെയ്സ് 4 കാമ്പസിലാണ് ഹബ് ഒരുങ്ങുന്നത്. ഇതിനായി മൂന്ന് ഏക്കര്‍ ഭൂമി കെ.എസ്.യു.എം കണ്ടെത്തിയിട്ടുണ്ട്. 30 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് ഏറ്റെടുക്കുന്നത്.
ടെക്നോപാര്‍ക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഭൂമി കൈമാറ്റത്തിനുള്ള സര്‍ക്കാര്‍ അനുമതി ലഭിച്ചതായാണ് കെ.എസ്.യു.എം ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
1,000 സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇടം
അഞ്ച് ലക്ഷം ചതുരശ്രയടിയില്‍ 1,000 സ്റ്റാര്‍ട്ടപ്പുകളെ ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് ഹബ് വിഭാവനം ചെയ്യുന്നത്. എമേര്‍ജിംഗ് ടെക്നോളജീസ് കൈകാര്യം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട സമഗ്രമായ സാങ്കേതിക സഹായങ്ങള്‍ ഇവിടെ ഒരുക്കും. ഡിജിറ്റല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസര്‍ച്ച് സെന്ററുകള്‍, കമ്പനികള്‍, സര്‍ക്കാര്‍, സാങ്കേതിക സൗകര്യങ്ങള്‍ എന്നിവയെ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി ഹബ് പ്രവര്‍ത്തിക്കും.
സ്പെയ്സ് ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്(IoT), ഇന്റലിജന്റ് ആപ്പ്, മെഷീന്‍ ലേണിംഗ്, ബ്ലോക്ക്ചെയ്ന്‍, കോഗ്നിറ്റീവ് കംപ്യൂട്ടിഗ്, ഓഗ്മെന്റഡ് റിയാലിറ്റി/വിര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ വിവിധങ്ങളായ എമേര്‍ജിംഗ് ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഹബ് ഗുണകരമാകും. സര്‍ക്കാര്‍ ഇന്നവേഷന്‍ കേന്ദ്രങ്ങളും മികവിന്റെ കേന്ദ്രങ്ങളും കോര്‍പ്പറേറ്റ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമുകളും ഹബിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുതകുന്ന ടെക്നോളജികള്‍ വികസിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പ്രധാന പരിഗണന. വിദ്യാഭ്യാസം, ആരോഗ്യം, ഗെയിമിംഗ്, വിനോദം, അഗ്രിടെക്, കാലാവസ്ഥ, ടൂറിസം, സുസ്ഥിര വികസനം എന്നിവയുമായി ബന്ധപ്പെട്ട് സംരഭംങ്ങള്‍ തുടങ്ങുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഹബ് പ്രോത്സാഹനം നല്‍കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ എന്നിവയുടെയൊക്കെ സഹകരണത്തോടെയാണ് ഹബ് സ്ഥാപിക്കുക.
കൊച്ചിയിലെ ഡിജിറ്റല്‍ ഹബ് ഉടന്‍ പൂര്‍ത്തിയാകും
കേരള സ്റ്റാര്‍ട്ടപ് മിഷന്റെ കീഴിലുള്ള ഡിജിറ്റല്‍ ഹബ്ബ് ഉടന്‍ പൂര്‍ണസജ്ജമാകും. ഹബ്ബിന്റെ 60 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായി. ഡിസൈന്‍ ഹബ്ബും ഗ്രഫീന്‍ ഇന്നൊവേഷന്‍ സെന്ററുമടക്കം ഡിജിറ്റല്‍ ഹബ്ബിലുണ്ടാകും. ഡിസൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റുഡിയോയും ലാബും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് 10,000 ചതുരശ്ര അടിയുള്ള ഡിസൈന്‍ ഹബ്ബിലുണ്ടാവുക. ഗ്രഫീന്റെ വ്യവസായ, വിപണന സാധ്യതകള്‍ വികസിപ്പിക്കുന്നതിനുള്ള ഗ്രഫീന്‍ ഇന്നൊവേഷന്‍ സെന്റര്‍ 20,000 ചതുരശ്ര അടിയിലാണ് ഒരുങ്ങുന്നത്.
കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കിലെ 13.2 ഏക്കര്‍ വരുന്ന ടെക്നോളജി ഇന്നൊവേഷന്‍ സോണിലാണ് രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടസമുച്ചയം. ടെക്നോളജി ഇന്നൊവേഷന്‍ സോണില്‍ ഡിജിറ്റല്‍ ഹബ്ബിനുപുറമെ രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മറ്റു രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായതായും കെ.എസ്.യു.എം ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ഡിജിറ്റല്‍ ഹബ്ബ് ഉള്‍പ്പെടുന്ന ടെക്നോളജി ഇന്നൊവേഷന്‍ സോണിന് 215 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. നിലവില്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സിലുള്ള 165 സ്റ്റാര്‍ട്ടപ്പുകള്‍ക്കുപുറമെ 200 സ്റ്റാര്‍ട്ടപ്പുകളെക്കൂടി പുതിയ കെട്ടിടത്തില്‍ ഉള്‍ക്കൊള്ളാനാകും.