Image:river 
Auto

125 കോടി രൂപയുടെ മൂലധന നിക്ഷേപവപമായി മലയാളികളുടെ ഇ.വി സ്റ്റാര്‍ട്ടപ്പ് റിവര്‍

കമ്പനി അന്താരാഷ്ട്ര വിപണികളില്‍ പ്രവേശിക്കാനും ശ്രമിക്കുന്നുണ്ട്

Dhanam News Desk

ആളുകളുടെ യാത്രാ രീതിയില്‍ പരിവര്‍ത്തനം കൊണ്ടുവരിക എന്ന കാഴ്ചപ്പാടോടെ രണ്ട് മലയാളികള്‍ ആരംഭിച്ച ഇലക്ട്രിക് വാഹന കമ്പനിയായ 'റിവര്‍' 125 കോടി രൂപയുടെ മൂലധന നിക്ഷേപം നേടി. ദുബായ് ആസ്ഥാനമായ അല്‍ ഫുത്തൈം ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഈ നിക്ഷേപം. നിലവിലെ നിക്ഷേപകരായ ലോവര്‍ കാര്‍ബര്‍ കാപ്പിറ്റല്‍, ടൊയോട്ട വെഞ്ച്വേഴ്സ്, മാനിവ് മൊബിലിറ്റി, ട്രക്‌സ് വി.സി. എന്നിവയും പങ്കാളികളായി. ഇതോടെ കമ്പനി മൊത്തം സമാഹരിച്ച തുക 235 കോടി രൂപ വരും.

സ്‌കൂട്ടറുകളുടെ എസ്.യു.വി

മലയാളികളായ അരവിന്ദ് മണിയും വിപിന്‍ ജോര്‍ജും ചേര്‍ന്ന് 2021 മാര്‍ച്ചിലാണ് റിവര്‍ സ്ഥാപിച്ചത്. ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ റിവര്‍ അടുത്തിടെയാണ് 'സ്‌കൂട്ടറുകളുടെ എസ്.യു.വി' എന്ന് വിശേഷിപ്പിച്ചുകൊണ്ട് തങ്ങളുടെ ആദ്യ ഉല്‍പ്പന്നമായ 'ഇന്‍ഡി' പുറത്തിറക്കിയത്. 14 ഇഞ്ച് വീലുകളാണ് ഇന്‍ഡിയുടെ വലിയ സവിശേഷത. ഏത് സ്‌കൂട്ടറിനേക്കാലും ഏറ്റവും വലിയ സ്റ്റോറേജ് സ്പേസ് ഇതിനുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. 43 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും 12 ലിറ്റര്‍ ഫ്രണ്ട് ഗ്ലോവ് ബോക്‌സും ഉണ്ട്.

ഫ്രണ്ട് ഫൂട്ട് പെഗ്ഗുകളാണ് ഈ സ്‌കൂട്ടറിലെ മറ്റൊരു പ്രധാന സവിശേഷത. നീളമേറിയതും വീതിയുള്ളതുമായ സീറ്റ് സ്‌കൂട്ടറിനുണ്ട്. കീലെസ്സ് ഇഗ്നിഷന്‍, ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി തുടങ്ങിയവയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതിന്റെ 6.7 kW പീക്ക് പവര്‍ ഉള്ള ശക്തമായ മോട്ടോറിന് ഇന്‍ഡിയെ 90 കിലോമീറ്റര്‍ വേഗതയില്‍ എത്തിക്കാന്‍ കഴിയും. ഒരു സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

അന്താരാഷ്ട്ര വിപണികളും ലക്ഷ്യം

ഇന്ത്യ, യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ വന്‍കിട വാഹന ഉല്‍പ്പാദന സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അരവിന്ദിന് പരിചയസമ്പത്തുണ്ട്. ഓട്ടോമോട്ടീവ് ഡിസൈനിലുള്ള വിപിന്റെ മികവ് പരിസ്ഥിതി സൗഹൃദം മാത്രമല്ല, സ്റ്റൈലിഷായ ഇലക്ട്രിക് വാഹനങ്ങള്‍ സൃഷ്ടിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കി. ഇന്‍ഡിയുടെ ഡെലിവറി 2023 ഓഗസ്റ്റില്‍ ആരംഭിക്കും. ഇന്ത്യയിലുടനീളമുള്ള നിരവധി നഗരങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. കൂടാതെ അന്താരാഷ്ട്ര വിപണികളില്‍ പ്രവേശിക്കാനും ശ്രമിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT