canva
Auto

പുതുവര്‍ഷത്തില്‍ എല്ലാ ബൈക്കിനും സ്‌കൂട്ടറിനും എ.ബി.എസ് സുരക്ഷ! 10% വരെ വിലകൂടാന്‍ സാധ്യത, ഡിമാന്‍ഡില്‍ ആശങ്ക

എ.ബി.എസുള്ള വാഹനങ്ങള്‍ക്ക് എന്താണ് പ്രത്യേകത? പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ വാഹന വിലയില്‍ എന്തുമാറ്റമുണ്ടാകും? വിപണിയെയും വാഹന നിര്‍മാണ കമ്പനികളെയും ഇതെങ്ങനെ ബാധിക്കും

Dhanam News Desk

അടുത്ത വര്‍ഷം മുതല്‍ എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും എ.ബി.എസ് (Anti Braking System) നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ജൂലൈയില്‍ പ്രഖ്യാപിച്ച എ.ബി.എസ് നിബന്ധന 2026 ജനുവരി ഒന്ന് മുതലാണ് നടപ്പിലാക്കുന്നത്. നിലവില്‍ ഇത്തരം വാഹനങ്ങളില്‍ സി.ബി.എസ് (Combitnation Braking system) എന്ന ബ്രേക്കിംഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്. എന്തിനാണ് എല്ലാ ഇരുചക്ര വാഹനങ്ങള്‍ എ.ബി.എസിലേക്ക് മാറണെന്ന് കേന്ദ്രസര്‍ക്കാര്‍ ശാഠ്യം പിടിക്കുന്നത്? എ.ബി.എസുള്ള വാഹനങ്ങള്‍ക്ക് എന്താണ് പ്രത്യേകത? പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ വാഹന വിലയില്‍ എന്തുമാറ്റമുണ്ടാകും? വിപണിയെയും വാഹന നിര്‍മാണ കമ്പനികളെയും ഇതെങ്ങനെ ബാധിക്കും. പരിശോധിക്കാം...

എന്താണ് എ.ബി.എസ്?

പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ ടയറുകളുടെ ചലനം അതിവേഗത്തില്‍ നിലക്കാനും ഇതുവഴി വാഹനം വഴുതി വീഴാനും സാധ്യതയുണ്ട്. ഇത് തടയുന്നതിനാണ് എ.ബി.എസ് ഉപയോഗിക്കുന്നത്. അതായത് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തെ പെട്ടെന്ന് നിറുത്തുന്നതിന് പകരം ഘട്ടം ഘട്ടമായി ബ്രേക്ക് പ്രയോഗിച്ച് നിറുത്തുകയാണ് ഇതില്‍ ചെയ്യുന്നത്. ബ്രേക്കിംഗ് സംവിധാനത്തിലുള്ള ഇലക്ട്രോണിക് സങ്കേതങ്ങളാണ് ഡ്രൈവര്‍ അറിയാതെ ഈ പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത്.

സര്‍ക്കാര്‍ നിര്‍ദ്ദേശമെന്ത്

2026 ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് പുറത്തിറങ്ങുന്ന എല്ലാ ഇരുചക്ര വാഹനങ്ങള്‍ക്കും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം എ.ബി.എസ് നിര്‍ബന്ധമാക്കാനുള്ള ഒരുക്കത്തിലാണ്. നിലവില്‍ 125 സി.സിക്ക് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് എ.ബി.എസ് സംവിധാനം വേണമെന്ന നിബന്ധനയുള്ളത്. ഇതോടെ എന്‍ട്രി ലെവല്‍ ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും വരെ എ.ബി.എസ് നിര്‍ബന്ധമാകും.

ലക്ഷ്യമെന്ത്

രാജ്യത്ത് വര്‍ധിച്ച് വരുന്ന ഇരുചക്ര വാഹന അപകടങ്ങള്‍ കുറക്കാനാണ് ഇത്തരമൊരു മാറ്റമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. രാജ്യത്ത് നടക്കുന്ന വാഹന അപകടങ്ങളില്‍ അഞ്ചിലൊന്നും ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് ഔദ്യോഗിക കണക്ക്. ഇത്തരം അപകടങ്ങളില്‍ മരിക്കുന്ന 44 ശതമാനം പേരും ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ചവരാണെന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. എം.ബി.എസ് ഘടിപ്പിച്ച ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള സാധ്യത അതില്ലാത്തവയേക്കാള്‍ കുറവാണെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.

വില കൂടുമോ?

നിലവില്‍ എന്‍ട്രി ലെവല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സി.ബി.എസിന് പകരം എ.ബി.എസ് മാറ്റിസ്ഥാപിക്കുമ്പോള്‍ സ്വാഭാവികമായും വാഹന കമ്പനികളുടെ നിര്‍മാണ ചെലവ് വര്‍ധിക്കും. ഇത് ഉപയോക്താക്കളുടെ തലയിലേക്ക് വെക്കുകയല്ലാതെ കമ്പനികള്‍ക്ക് മുന്നില്‍ മറ്റൊരു വഴിയില്ല. ഇതിന്റെ ഫലമായി 5-10 ശതമാനം വരെ വാഹന വില വര്‍ധിക്കുമെന്നാണ് കരുതുന്നത്. അതായത് ഒരുലക്ഷം രൂപ വിലയുള്ള ബൈക്കിന് 10,000 രൂപ വരെ വില വര്‍ധിക്കാനുള്ള സാധ്യതയുണ്ട്.

വിപണിയെ എങ്ങനെ ബാധിക്കും

85 ശതമാനം ഇരുചക്ര വാഹന കമ്പനികളെയും പ്രതിസന്ധി ബാധിക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. എന്‍ട്രി ലെവല്‍ ബൈക്ക് സെഗ്‌മെന്റിലെ വമ്പന്‍മാരായ ഹീറോ മോട്ടോകോര്‍പ്പിനെയാണ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നും ഇവര്‍ പറയുന്നു. ജി.എസ്.ടി ഇളവിന് പിന്നാലെ വിപണിയിലുണ്ടായ ഡിമാന്‍ഡ് ഇതോടെ നഷ്ടമാകുമോയെന്നാണ് കമ്പനികളുടെ ആശങ്ക. വില വര്‍ധനക്ക് പുറമെ എ.ബി.എസിലേക്ക് മാറാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയിലും കമ്പനികള്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭൂരിഭാഗം കമ്പനികളും സര്‍ക്കാര്‍ തീരുമാനം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ട്രി ലൈവല്‍ ബൈക്കുകളില്‍ ഇപ്പോഴുള്ള ബ്രേക്കിംഗ് സംവിധാനം എ.ബി.എസിനേക്കാള്‍ ഫലപ്രദമാണെന്നും ഇവര്‍ വാദിക്കുന്നു.

ഇളവ് നല്‍കുമോ?

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാഹന കമ്പനികളുടെ ആശങ്ക സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട കമ്പനികളുടെ യോഗം അടുത്ത് തന്നെ സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ജനുവരി ഒന്ന് മുതല്‍ എ.ബി.എസ് നിര്‍ബന്ധമാക്കുന്നതില്‍ ചില ഇളവുകള്‍ നല്‍കാനും സാധ്യതയുണ്ടെന്നാണ് വിവരം.

ABS Mandate in India: What It Means, Why Costs May Rise, and Safety Impact

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT