Auto

വില പ്രഖ്യാപിക്കും മുന്നേ വിറ്റുതീര്‍ന്നു, മിനി കൂപ്പറിന്റെ ആദ്യ ഇലക്ട്രിക് മോഡല്‍, സവിശേഷതകള്‍ അറിയാം

ബിഎംഡബ്യു ഇന്ത്യയില്‍ എത്തിക്കുന്ന പൂര്‍ണമായും ഇലക്ട്രിക് ആയ ആദ്യ മോഡലാണ് മിനികൂപ്പര്‍ എസ് ഇ.

Dhanam News Desk

ബിഎംഡബ്യൂ ഗ്രൂപ്പിന് കീഴിലുള്ള മിനി കൂപ്പറിന്റെ ആദ്യ ഇലക്ട്രിക് മോഡല്‍ മിനി കൂപ്പര്‍ എസ്ഇക്ക് രാജ്യത്ത് മികച്ച തുടക്കം. ഒരാഴ്ചക്കുള്ളില്‍ മുഴുവന്‍ കാറുകളും ബുക്കിംഗ് നേടിയതായി മിനി ഇന്ത്യ അറിയിച്ചു. ഇന്ത്യന്‍ വിപണിക്കായി ആദ്യ ഘട്ടത്തില്‍ 30 മിനി കൂപ്പര്‍ എസ്ഇ മാത്രമാണ് എത്തിച്ചത്. അടുത്തവര്‍ഷമാണ് വാഹനം വിപണിയിലെത്തുക.

ഒക്ടോബര്‍ 29 മുതല്‍ ഒരു ലക്ഷം രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരുന്നത്. ബുക്കിംഗ് ആരംഭിച്ചിട്ടും വാഹനത്തിന്റെ വില മിനി ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല. ഡിമാന്റ് ഉയര്‍ന്നതിനാല്‍ ഇന്ത്യന്‍ വിപണിക്കായി കൂടുതല്‍ യൂണീറ്റുകള്‍ മിനി എത്തിച്ചേക്കും. ഏകദേശം 50 ലക്ഷത്തോളം ആയിരിക്കും മിനിക്കൂപ്പര്‍ എസ്ഇയുടെ ഇന്ത്യയിലെ വില എന്നാണ് കരുതുന്നത്.

ബിഎംഡബ്യു ഇന്ത്യയില്‍ എത്തിക്കുന്ന പൂര്‍ണമായും ഇലക്ട്രിക് ആയ ആദ്യ മോഡലാണ് മിനികൂപ്പര്‍ എസ് ഇ. സാധാരണ മിനികൂപ്പറിന് സമാനമായ ഡിസൈനിലാണ് വാഹനം എത്തുന്നത്. 32.6 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. 184 എച്ച്പി പവറും 270 എന്‍എം ടോര്‍ക്കുമുള്ള വാഹനത്തിന് 150 കി.മീ ആണ് പരമാവധി വേഗത.

പൂജ്യത്തില്‍ നിന്ന് 100 കി.മീ വേഗം കൈവരിക്കാന്‍ 7.3 സെക്കന്‍ഡുകള്‍ മതി. ഒറ്റ ചാര്‍ജില്‍ 235-270 കി.മീ വരെ മിനി കൂപ്പര്‍ എസ്ഇക്ക് റേഞ്ച് ലഭിക്കും. സാധാര രീതിയില്‍ പൂര്‍ണമായും ചാര്‍ജാവാന്‍ 210 മിനിട്ട് എടുക്കും. 50 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജറില്‍ 35 മിനിട്ടുകെണ്ട് 80 ശതമാനം ചാര്‍ജിലെത്തും.

നാല് സീറ്റ്, മൂന്ന് സീറ്റ്, രണ്ട് സീറ്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. ആഡംബര ഇലക്ട്രിക് കാറുകളായ മെഴ്‌സഡസ് ബെന്‍സ് ഇക്യുസി, ജാഗ്വാര്‍ ഐ പേസ്, ഓഡി ഇ-ട്രോണ്‍ തുടങ്ങിയ വാഹനങ്ങളുമായാകും മിനി കൂപ്പര്‍ എസ് ഇ മത്സരിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT