Auto

ബി.എം.ഡബ്ലിയു എക്‌സ് 7 വില ഒരു കോടി; മിന്നല്‍ വേഗത്തില്‍ വില്‍പ്പന

Dhanam News Desk

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്ലിയു ഇക്കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച എക്‌സ് 7 ന് മികച്ച പ്രതികരണം. 98.90 ലക്ഷം രൂപയോളം എക്‌സ് ഷോറൂം വിലയുള്ള കാറിന്റെ മുഴുവന്‍ യൂണിറ്റുകളും അവതരിപ്പിച്ച് മൂന്ന് മാസത്തിനകം തന്നെ വിറ്റുതീര്‍ന്നു. അതേസമയം ബുക്കിങ് തുടരുമെന്നും ഇപ്പോള്‍ ബുക്കിങ് സ്വീകരിക്കുന്ന വാഹനങ്ങളുടെ ഡെലിവറി 2020 ജനുവരിയില്‍ തന്നെ നടത്താന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫര്‍ട്ടിനും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ളതാണ് എക്‌സ് 7 എന്നാണ് കമ്പനിയുടെ അവകാശവാദം.

ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്.യു.വി (സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റി വെഹിക്കിള്‍) യാണ് ഡീസലിലും പെട്രാളിലുമുള്ള എക്സ് 7 പതിപ്പുകള്‍. ഇതില്‍ ഡീസല്‍ മോഡല്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നു. പെട്രോള്‍ മോഡല്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് വിപണിയിലെത്തിക്കുന്നു.

മൂന്നു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 340 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുള്ളതാണ്. 265 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമുള്ളതാണ് 3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍. എട്ടു സ്പീഡ് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകളിലും.ബിഎംഡബ്ല്യു സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്ലുകളും ചെറിയ എല്‍.ഇ.ഡി. ഹെഡ്ലാമ്പുമാണ് എക്സ്റ്റീരിയറിലെ ആകര്‍ഷണം. 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അഞ്ച് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ത്രീപീസ് ഗ്ലാസ് സണ്‍റൂഫ് തുടങ്ങിയവയും വേറിട്ട ആകര്‍ഷണങ്ങളാണ്.

വിപണിയുടെ അവസ്ഥ എന്തായിരുന്നാലും ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്കു വിജയം ഉറപ്പാണെന്ന തങ്ങളുടെ വിശ്വാസം ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ് എക്‌സ് 7 ന്റെ വന്‍ വിജയത്തിലൂടെയെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായരുദ്രതേജ് സിംഗ് പറഞ്ഞു.തങ്ങളെ സംബന്ധിച്ചിടത്തോളം എക്‌സ് 7 ഒരു തുടക്കം മാത്രമാണ്. ആഡംബര കാര്‍ വിപണിയിലേക്ക് കമ്പനിയുടെ എസ്.യു.വികള്‍ ഇനിയും വരുമെന്ന് അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT