Auto

പെട്രോൾ വില മറന്നേക്കൂ; ആതറിന്റെ സ്മാർട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തി

Dhanam News Desk

ഇനി ഇന്ധന വിലയെക്കുറിച്ചുള്ള ആവലാതികൾ വേണ്ട. ഇന്ത്യയിൽ നിര്‍മിച്ച ആതര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇതാ വിപണിയിലെത്തിയിരിക്കുന്നു.

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ടപ്പ് കമ്പനിയായ ആതര്‍ ഈ വര്‍ഷം ജൂണിലാണ് സ്‌കൂട്ടർ അവതരിപ്പിച്ചത്.

ആദ്യ ഘട്ടത്തില്‍ ബെംഗളൂരുവില്‍ മാത്രമാണ് ഇ-സ്‌കൂട്ടര്‍ ലഭ്യമാകുക. ആതര്‍ 340 ൻറെ വില 1.1 ലക്ഷം രൂപയാണ്. ആതര്‍ 450 ൻറെ വില 1.25 ലക്ഷം രൂപയും.

നേരത്തെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ആതര്‍ 450 ഇലക്ട്രിക് സ്‌കൂട്ടറാണ് കൈമാറിയത്. ഉപഭോക്താക്കളുടെ വീടുകളില്‍ ചാർജിങ് സംവിധാനവും കമ്പനി സ്ഥാപിച്ചു നല്‍കും. ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ചാര്‍ജിങ് സ്റ്റേഷനും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

ആതര്‍ 340 മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ സ്പീഡിലും ആതര്‍ 450 മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലും കുതിക്കും.

ഒറ്റചാര്‍ജില്‍ ആതര്‍ 340 60 കിലോമീറ്ററും ആതര്‍ 450 75 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കും. ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

വാഹനത്തിൻറെ ടച്ച് സ്ക്രീൻ ഡാഷ് ബോർഡ് ആണ് മറ്റൊരു ആകർഷണം. വഴികാണിച്ചു തരാനും അടുത്തുള്ള ചാർജിംഗ് പോയന്റുകൾ കണ്ടുപിടിക്കാനും ‘സ്മാർട്ട് ഡാഷ്’ സഹായിക്കും. കമ്പനിയുടെ മൊബീൽ ആപ്ലിക്കേഷനിലും ഈ സേവനങ്ങൾ ലഭ്യമാകും. പാര്‍ക്കിങ് സഹായത്തിനുള്ള സംവിധാനവും വാഹനത്തിനുണ്ട്.

ദുർഘടമായ റോഡുകളിൽ ക്ലേശകരമല്ലാത്ത യാത്രക്കായി മോണോഷോക്ക് സസ്പെന്‍ഷനും സുരക്ഷയ്ക്ക് കംബയ്ന്‍ഡ് ബ്രേക്കിങ് സിസ്റ്റത്തിനൊപ്പം മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT