ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാണ രംഗത്തെ മുന്‍നിരക്കാരായ ഏഥര്‍ എനര്‍ജീസ് ചരിത്രത്തിലാദ്യമായി ഒരു പാദത്തില്‍ ലാഭം രേഖപ്പെടുത്തി. സെപ്റ്റംബര്‍ 30ന് അവസാനിച്ച രണ്ടാപാദത്തില്‍ 1.50 കോടി രൂപയാണ് കമ്പനിയുടെ ലാഭം. മുന്‍ വര്‍ഷം സമാനപാദത്തിലെ 154 കോടി രൂപയുടെ നഷ്ടത്തില്‍ നിന്നാണ് ഈ കുതിപ്പ്.
ഇക്കാലയളവില്‍ വരുമാനത്തില്‍ വലിയ മുന്നേറ്റം നേടാന്‍ കമ്പനിക്ക് സാധിച്ചു. മുന്‍ പാദത്തില്‍ വരുമാനം 898.88 കോടി രൂപയായിരുന്നു. ഇത് 1,464.24 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്. അതേസമയം, റെയര്‍ എര്‍ത്ത് മെറ്റീരിയല്‍സിന്റെ വില ഉയര്‍ന്നത് ചെലവുകള്‍ വര്‍ധിക്കാനും ഇടയാക്കി. ലാഭ മാര്‍ജിന്‍ കുറഞ്ഞു നില്‍ക്കാനുള്ള കാരണവും ഇതാണ്.
കഴിഞ്ഞ നാലു പാദങ്ങളായി നഷ്ടത്തില്‍ തോത് പടിപടിയായി കുറച്ചു കൊണ്ടുവരാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. വിപണിയിലിറക്കിയ പുതിയ മോഡലുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും ഇരുചക്ര ഇവി രംഗത്തെ വളര്‍ച്ചയും ഏഥറിന് ഗുണംചെയ്യുന്നുണ്ട്.
ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആവശ്യകത അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഏഥര്‍. ഡിസംബറോടെ വാര്‍ഷിക ഉല്‍പാദനശേഷിയില്‍ 2.25 ലക്ഷം യൂണിറ്റുകളുടെ വര്‍ധനയാണ് ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലെ ഹൊസൂര്‍ പ്ലാന്റിന്റെയും മഹാരാഷ്ട്രയിലെ പുതിയ ഫാക്ടറിയുടെയും ശേഷി വര്‍ധിപ്പിക്കുന്നതിനായി ഏകദേശം 122 കോടി രൂപയാണ് കമ്പനി നിക്ഷേപിച്ചിരിക്കുന്നത്.
ഹൊസൂരിലെ നിലവിലുള്ള ഫാക്ടറിയുടെ വാര്‍ഷിക ഉല്‍പ്പാദനശേഷി 4.2 ലക്ഷത്തില്‍നിന്ന് 4.95 ലക്ഷം യൂണിറ്റുകളായി ഉയര്‍ത്തും. ഇതിലൂടെ 75,000 യൂണിറ്റുകള്‍ അധികമായി ഉത്പാദിപ്പിക്കാന്‍ സാധിക്കും. റിസ്ത (Rizta), കോനാര്‍ക് (Konarc), 450 സീരീസ് എന്നീ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണികളാണ് ഏഥറിനുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine