Auto

വിലകുറഞ്ഞ മോഡലുമായി ഇവി വിപണി പിടിക്കാന്‍ ഏതര്‍, ₹99,999 കൊനാര്‍ക്ക് വരുന്നു; നിക്ഷേപം ഉയര്‍ത്തി ഹീറോ

ഏതര്‍ എനര്‍ജിയിലെ നിക്ഷേപം വര്‍ധിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. ബ്ലോക്ക് ഡീലിലൂടെ ഏതറിന്റെ 1.18 കോടി ഓഹരികളാണ് ഹീറോ സ്വന്തമാക്കിയത്

Dhanam News Desk

ഏതര്‍ എനര്‍ജി (Ather Energy) പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. ഏതര്‍ കൊനാര്‍ക്ക് (Ather Konarc) എന്നു പേരിട്ടിരിക്കുന്ന മോഡല്‍ സെപ്റ്റംബര്‍ മുതല്‍ വിപണിയിലെത്തും. 99,999 രൂപയാണ് അടിസ്ഥാന മോഡലിന്റെ വില. ഇടത്തരം വിലയിലുള്ള മോഡലുകള്‍ വാങ്ങുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് ഈ സീരിസ്. ബജാജ് ചേതക്, ടിവിഎസ് ഐക്യൂ മോഡലുകള്‍ക്ക് വെല്ലുവിളിയാകും ഏതറിന്റെ നീക്കം.

100 കിലോമീറ്റര്‍ റേഞ്ചുള്ള അടിസ്ഥാന 99,999 ആണ് വില. 125 കിലോമീറ്റര്‍ റേഞ്ചുള്ള പതിപ്പിന് 1,21,999 രൂപ നല്‍കണം. 161 കിലോമീറ്ററിന്റെ ഉയര്‍ന്ന റേഞ്ചുള്ള മോഡല്‍ 1,44,999ന് വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. 200 കിലോമീറ്റര്‍ റേഞ്ചുള്ള കൊനാര്‍ക്ക് 2027ലെ മൂന്നാം പാദത്തില്‍ അവതരിപ്പിക്കും. കൊനാര്‍ക്ക് ഇസഡിന്റെ 125 കിലോമീറ്റര്‍, 161 കിലോമീറ്റര്‍ വകഭേദങ്ങള്‍ 2027ലെ രണ്ടാം പാദത്തിലും പുറത്തിറക്കാനാണ് പദ്ധതി.

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ ആദ്യകാല കമ്പനികളിലൊന്നാണ് ഏതര്‍. ആവശ്യമായ മൂലധനമോ ചാര്‍ജിംഗ് അടിസ്ഥാനസൗകര്യങ്ങളോ ശക്തമായ ഡിമാന്‍ഡോ ഇല്ലാതിരുന്ന ഘട്ടത്തിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്.

ടിവിഎസ്-ബജാജ് കോട്ട തകര്‍ക്കുമോ?

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ പകുതിയിലധികം വിഹിതം ടിവിഎസിനും ബജാജിനുമാണ്. പതിറ്റാണ്ടുകളായി വികസിപ്പിച്ച ബ്രാന്‍ഡ് മൂല്യവും ആയിരക്കണക്കിന് ഡീലര്‍ഷിപ്പുകളുമാണ് പരമ്പരാഗത വാഹന നിര്‍മാതാക്കളുടെ പ്രധാന കരുത്ത്.

ഏകദേശം 8,000-10,000 വില്‍പ്പന കേന്ദ്രങ്ങളുള്ള കമ്പനികളോടാണ് ഏതര്‍ മത്സരിക്കുന്നത്. ഇവയുടെ ചെറിയൊരു വിഹിതം മാത്രം വരുന്ന വിപണന ശൃംഖലയിലൂടെ 13-14 ശതമാനം വിപണി വിഹിതം നേടാന്‍ ഏതറിന് കഴിഞ്ഞിട്ടുണ്ട്. ഇരുചക്ര വാഹന നിര്‍മാതാക്കള്‍ കൂടുതലായി ഇവി മോഡലുകളിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. വരുംനാളുകളില്‍ കടുത്ത മത്സരമാകും ഇവി രംഗത്ത് ഉണ്ടാകുക.

ഏതറില്‍ ഹീറോ നിക്ഷേപം ഉയര്‍ത്തി

അതിനിടെ, ഏതര്‍ എനര്‍ജിയിലെ നിക്ഷേപം വര്‍ധിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. ബ്ലോക്ക് ഡീലിലൂടെ ഏതറിന്റെ 1.18 കോടി ഓഹരികളാണ് ഹീറോ സ്വന്തമാക്കിയത്. ഓഹരിയൊന്നിന് 1,480 രൂപ നിരക്കില്‍ നടന്ന ഇടപാടിന്റെ ആകെ മൂല്യം ഏകദേശം 1,758 കോടിയാണ്. സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നിക്ഷേപ സ്ഥാപനമാണ് ഓഹരികള്‍ വിറ്റഴിച്ചത്.

പുതിയ ഇടപാടോടെ ഏതറിലെ ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരി പങ്കാളിത്തം 29.88 ശതമാനത്തില്‍നിന്ന് ഏകദേശം 32.8 ശതമാനമായി ഉയരും. ഏതറിന്റെ ഏറ്റവും വലിയ ഓഹരിയുടമയായ ഹീറോ, ഇലക്ട്രിക് വാഹന വിപണിയിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിക്ഷേപം വര്‍ധിപ്പിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT