Image : Canva 
Auto

ട്രംപിന്റെ തീക്കളിക്കൊപ്പം പെരുമഴ, പിരിച്ചുവിടല്‍; ജൂലൈയിലെ വണ്ടിക്കച്ചവടത്തില്‍ 88,546 എണ്ണത്തിന്റെ കുറവിന് കാരണങ്ങള്‍ കേട്ടോ?

അഞ്ച് വര്‍ഷത്തിനിടെ ജൂണില്‍ എസ്.യു.വി വില്‍പ്പനാ വളര്‍ച്ച കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ കണക്കുകള്‍

Dhanam News Desk

മൂന്ന് മാസത്തെ വളര്‍ച്ചക്ക് പിന്നാലെ ജൂലൈയിലെ വാഹന വില്‍പ്പനയില്‍ 4.31 ശതമാനം ഇടിവ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 20,52,759 വാഹനങ്ങള്‍ വിറ്റഴിച്ചെങ്കില്‍ ഇക്കുറിയിത് 19,64,213 യൂണിറ്റുകളായെന്ന് ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഡീലേഴ്‌സ് അസോസിയേഷന്റെ (ഫാഡ) കണക്ക്. മുന്‍ വര്‍ഷത്തേക്കാള്‍ 4.31 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. യു.എസ് താരിഫ് സംബന്ധിച്ച അനിശ്ചിതത്വം, ഐ.ടി മേഖലയിലെ കൂട്ട പിരിച്ചുവിടല്‍, പ്രതികൂല കാലാവസ്ഥ തുടങ്ങിയ കാരണങ്ങളാണ് വില്‍പ്പന കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അഞ്ച് വര്‍ഷത്തിനിടെ ജൂണില്‍ എസ്.യു.വി വില്‍പ്പനാ വളര്‍ച്ച കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ കണക്കുകളും പുറത്തുവന്നത്.

ടൂവീലര്‍ വില്‍പ്പന

ഇരുചക്ര വാഹന വില്‍പ്പനയില്‍ കാര്യമായ ഇടിവുണ്ടായ മാസമായിരുന്നു ജൂലൈ. കഴിഞ്ഞ വര്‍ഷം 14,49,487 ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചപ്പോള്‍ ഇക്കുറി കണക്ക് 13,55,504 യൂണിറ്റുകളിലേക്ക് താഴ്ന്നു. രാജ്യത്ത് ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് കുറഞ്ഞതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ പലയിടത്തും നിലനില്‍ക്കുന്ന കനത്ത മഴയും കാര്‍ഷിക മേഖലയിലെ നടീല്‍ക്കാലവും വില്‍പ്പനക്കുറവിന് കാരണമായി. ഉടന്‍ ആരംഭിക്കാനിരിക്കുന്ന ഉത്സവ സീസണില്‍ വലിയ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉപയോക്താക്കള്‍ കാത്തിരുക്കുന്നതാണെന്നും ഫാഡയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാണിജ്യ വാഹങ്ങളില്‍ നേട്ടം

അതേസമയം, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ നേരിയ ഉയര്‍ച്ചയും ജൂലൈയിലുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 76,261 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയപ്പോള്‍ ഇക്കുറിയിത് 76,439 യൂണിറ്റിലേക്ക് മാറി. 0.23 ശതമാനം ഉയര്‍ച്ച. സെഗ്‌മെന്റില്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്, കമ്പനികളും സ്‌കൂളുകളും വാഹനങ്ങള്‍ വാങ്ങിയത് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് നഗരപ്രദേശങ്ങളില്‍ മികച്ച ഡിമാന്‍ഡുണ്ടായിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രശ്‌നങ്ങള്‍, വിതരണ ശൃംഖലയിലെ തടസങ്ങള്‍, വായ്പാ വിതരണത്തിലെ തടസങ്ങള്‍ എന്നിവ മൂലം ഗ്രാമീണ മേഖലയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

യാത്രാ വാഹനങ്ങളില്‍ ഇടിവ്

മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ കുറവുണ്ടായി. മുന്‍വര്‍ഷം ജൂലൈയില്‍ 3,31,280 യൂണിറ്റുകള്‍ വിറ്റിരുന്നു. കഴിഞ്ഞ മാസത്തില്‍ 3,23,613 യൂണിറ്റുകള്‍ മാത്രമാണ് ഷോറൂമില്‍ നിന്നും പുറത്തിറങ്ങിയത്. 0.81 ശതമാനത്തിന്റെ കുറവ്. ജൂലൈ അവസാനത്തോടെ വിപണിയില്‍ ചില പുതിയ മോഡലുകള്‍ വന്നതും ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് കൂടിയതുമാണ് തരക്കേടില്ലാത്ത വില്‍പ്പന നേടാന്‍ സഹായകമായത്. എന്നാല്‍ നഗരങ്ങളിലെ ഉപയോക്താക്കള്‍ ഉത്സവ സീസണ് വേണ്ടി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ട് തുടരുന്നു.

വിപണിയെ കാത്തിരിക്കുന്നതെന്ത്?

മെച്ചപ്പെട്ട മഴ ലഭിച്ചതും വരാനിരിക്കുന്ന ഉത്സവ സീസണും വില്‍പ്പനയില്‍ കാര്യമായ നേട്ടമുണ്ടാക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഉത്സവ സീസണിലെ മികച്ച ഓഫറുകളും പുതിയ മോഡലുകളുടെ ലോഞ്ചിംഗും അനുകൂലമാകും. എന്നാല്‍ കയറ്റുമതി തീരുവ, പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുമെന്ന മുന്നറിയിപ്പ് എന്നിവ തിരിച്ചടിയാകുമോയെന്നും വിപണിക്ക് ആശങ്കയുണ്ട്.

India’s auto retail sales declined 4.3% year-on-year in July 2025, with total registrations at 19,64,213 units. Experts cite monsoon impact and cautious consumer sentiment.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT