Auto

വാഹന നിര്‍മ്മാതാക്കളെ മുള്‍മുനയില്‍ നിര്‍ത്തി ആഭ്യന്തര വിപണി

Dhanam News Desk

രാജ്യത്തെ വാഹന വില്‍പ്പനയില്‍ ഫെബ്രുവരിയിലുണ്ടായ ഇടിവ് എല്ലാ നിഗമനങ്ങളെയും കടത്തിവെട്ടിയതിലുള്ള ആശങ്കയുമായി കമ്പനികള്‍. പ്രമുഖ വാഹന നിര്‍മാതാക്കളായ മരുതി സുസുക്കിക്കും മഹീന്ദ്രയ്ക്കും ബജാജ് ഓട്ടോയ്ക്കും ലെയ്‌ലാന്‍ഡിനും ടാറ്റായ്ക്കുമെല്ലാം വില്‍പ്പനയില്‍ വന്‍ ഇടിവാണ് കഴിഞ്ഞ മാസമുണ്ടായത്. മലിനീകരണ നിയന്ത്രണ ചട്ടം ബിഎസ് നാലില്‍ നിന്ന് ബിഎസ് ആറിലേക്ക് മാറാന്‍ പോകുന്നതും വില്‍പ്പനയിലെ ഇടിവിന് കാരണമായതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഉപഭോഗം വര്‍ധിപ്പിക്കാനുളള സര്‍ക്കാരിന്റെ നടപടികളും വില്‍പ്പന ഉയര്‍ത്താനുളള വാഹന നിര്‍മാതാക്കളുടെ ഇടപെടലുകളും ഫലം കാണുന്നില്ലെന്ന സൂചന ഇതോടെ ശക്തമായി. മാരുതി സുസുക്കി ഇന്ത്യയുടെ ഫെബ്രുവരി മാസത്തെ ആഭ്യന്തര വില്‍പ്പനയില്‍ 3.56 ശതമാനത്തിന്റെ ഇടിവ് നേരിട്ടപ്പോള്‍ മഹീന്ദ്രയ്ക്ക് 42.10 ശതമാനം കുറവ് രേഖപ്പെടുത്തി.

ഇന്ത്യന്‍ വാഹന വിപണിയുടെ പകുതിയോളം വരുന്ന വിപണി വിഹിതം കൈകാര്യം ചെയ്യുന്ന മാരുതിക്കുണ്ടായിരിക്കുന്ന വില്‍പ്പനയിലെ ഇടിവ് എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ ഗ്രാമ-നഗര ഉപഭോഗത്തില്‍ ഉണ്ടായിരിക്കുന്ന വലിയ മാന്ദ്യമാണ് വില്‍പ്പനയില്‍ കുറവുണ്ടാകാന്‍ പ്രധാന കാരണം.

ഫെബ്രുവരിയില്‍ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പന 2.34 ശതമാനം ഇടിഞ്ഞ് 1,33,702 ആയി മാറിയതായി മാരുതി സുസുക്കി ഇന്ത്യ പറഞ്ഞു. വാഗണ്‍ ആര്‍, സ്വിഫ്റ്റ്, സെലെറിയോ, ഇഗ്നിസ്, ബലേനോ, ഡിസയര്‍, ടൂര്‍ എസ് എന്നീ മോഡലുകള്‍ ഉള്‍പ്പെടുന്ന 'കോംപാക്റ്റ്' വിഭാഗത്തില്‍ വില്‍പ്പന 3.92 ശതമാനം ഇടിഞ്ഞ് 69,828 വാഹനങ്ങളായി.

അതേസമയം, മാരുതിയുടെ 'മിനി' വിഭാഗത്തില്‍ വില്‍പ്പന 11.10 ശതമാനം ഉയര്‍ന്ന് 27,499 യൂണിറ്റുകളായതായി മാരുതി സുസുക്കി ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മിനി വിഭാഗത്തില്‍ മാരുതി സുസുക്കിയുടെ ആള്‍ട്ടോ, എസ്-പ്രസ്സോ മോഡലുകള്‍ ഉള്‍പ്പെടുന്നു.

ഫെബ്രുവരിയില്‍ മൊത്തം കയറ്റുമതി 7.09 ശതമാനം ഉയര്‍ന്ന് 10,261 യൂണിറ്റായത് നേട്ടമായി. ഈ സാമ്പത്തിക വര്‍ഷം (ഏപ്രില്‍-ഫെബ്രുവരി) ഇതുവരെയുള്ള 11 മാസങ്ങളില്‍ ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 13,59,148 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 16,06,087 ആയിരുന്നു. 15.38 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ്. ഈ വിഭാഗത്തില്‍ യൂട്ടിലിറ്റി വാഹനങ്ങള്‍, കാറുകള്‍, വാനുകള്‍ എന്നിവയുള്‍പ്പെടെ 10,938 യൂണിറ്റുകള്‍ വിറ്റുപോയതായി മഹീന്ദ്ര പറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 58.11 ശതമാനം ഇടിവാണ് പാസഞ്ചര്‍ വിഭാഗത്തില്‍ രേഖപ്പെടുത്തിയത്.

വാണിജ്യ വാഹന വിഭാഗത്തിലെ വില്‍പ്പന 25.04 ശതമാനം ഇടിഞ്ഞ് 15,856 വാഹനങ്ങളാവുകയും ചെയ്തു. ഇടത്തരം, ഹെവി വാണിജ്യ വാഹന വിഭാഗത്തില്‍ 436 വാഹനങ്ങള്‍ ഈ മാസം വിറ്റതായി വാഹന നിര്‍മാതാക്കള്‍ അറിയിച്ചു. ആഭ്യന്തര വിപണിയിലെ വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെ മൊത്ത വാഹന വില്‍പ്പന ഫെബ്രുവരിയില്‍ 42.10 ശതമാനം ഇടിഞ്ഞ് 32,476 വാഹനങ്ങളായി.

ഇരുചക്ര വാഹന വിപണിയില്‍ മുന്നിട്ടു നില്‍ക്കുന്ന ബജാജ് ഓട്ടോയ്ക്ക് വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കഴിഞ്ഞ മാസം ആകെ 3,54,913 യൂണിറ്റുകളാണ് വിറ്റുപോയത്. മുന്‍ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 3,93,089 യൂണിറ്റുകളായിരുന്നു. 2020 ജനുവരി മാസത്തില്‍ ആകെ വില്‍പ്പന 3,94,473 യൂണിറ്റുകളായിരുന്നു.

മൊത്തം ആഭ്യന്തര വില്‍പ്പന (2 വീലര്‍ & വാണിജ്യ വാഹനങ്ങള്‍) 2020 ഫെബ്രുവരിയില്‍ 24 ശതമാനം കുറഞ്ഞ് 168,747 യൂണിറ്റായി. 2019 ഫെബ്രുവരിയില്‍ 221,706 യൂണിറ്റായിരുന്നു. മൊത്തം കയറ്റുമതി 9 ശതമാനം ഉയര്‍ന്ന് 2020 ഫെബ്രുവരിയില്‍ 186,166 ആയി. 2019 ഫെബ്രുവരിയില്‍ 171,383 യൂണിറ്റായി. 2020 ഫെബ്രുവരിയില്‍ മൊത്തം 2-വീലര്‍ വില്‍പ്പന 310,222 യൂണിറ്റാണ്. 2019 ഫെബ്രുവരിയിലെ 327,985 യൂണിറ്റുകളില്‍ നിന്ന് അഞ്ച് ശതമാനം ഇടിവാണുണ്ടായത്. മൊത്തം വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 31 ശതമാനം കുറഞ്ഞ് 44,691 യൂണിറ്റായി. 2020 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്ത 65,104 യൂണിറ്റുകളില്‍ നിന്നാണ് ഈ കുറവ്.

2020 ഫെബ്രുവരിയില്‍ മൊത്തം ലെയ്ലാന്റ് വാഹന വില്‍പ്പന 37 ശതമാനം ഇടിഞ്ഞ് 11,475 യൂണിറ്റായി.2019 ഫെബ്രുവരിയില്‍ 18,245 യൂണിറ്റായിരുന്നു. കമ്പനിയുടെ മൊത്തം വില്‍പ്പന 2020 ജനുവരിയില്‍ 11,850 യൂണിറ്റുകളോടെ 3.16 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 2019 ഫെബ്രുവരിയില്‍ 17,352 യൂണിറ്റായിരുന്നത് 2020 ഫെബ്രുവരിയില്‍ 39 ശതമാനം കുറഞ്ഞ് 10,612 യൂണിറ്റായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT