ഉത്സവ സീസണില്‍ രാജ്യത്തെ വാഹന വില്‍പ്പന 11.76 ശതമാനം വര്‍ധിച്ചതായി ഓട്ടോമൊബൈല്‍ ഡീലര്‍മാര്‍. 42 ദിവസം നീണ്ടുനിന്ന ഉത്സവ സീസണില്‍ ഇത്തവണ 42.88 ലക്ഷം വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷമിത് 38.37 ലക്ഷം വാഹനങ്ങളായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ ആളുകള്‍ വാഹനം വാങ്ങാനെത്തിയെന്നും വില്‍പ്പനയില്‍ കഴിഞ്ഞ കൊല്ലത്തെ റെക്കോഡ് മറികടക്കാനായെന്നും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) പ്രസിഡന്റ് സി.എസ് വിഘ്നേശ്വർ പറഞ്ഞു.
ഇത്തവണത്തെ ഉത്സവ സീസണില്‍ 45 ലക്ഷം വാഹനങ്ങള്‍ വില്‍ക്കാനായിരുന്നു ലക്ഷ്യം വെച്ചത്. എന്നാല്‍ 42.88 ലക്ഷം വാഹനങ്ങളാണ് വില്‍ക്കാനായത്. ഈ കാലയളവില്‍ 33,11,325 ഇരുചക്ര വാഹനങ്ങളും 1,59,960 മുച്ചക്ര വാഹനങ്ങളും 1,28,738 ഭാരവാഹനങ്ങളും 6,03,009 യാത്രാ വാഹനങ്ങളും വില്‍പ്പന നടത്താന്‍ ഡീലര്‍മാര്‍ക്കായി. ഇരുചക്ര വാഹന വിപണിയാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.79 ശതമാനം വര്‍ധന. യാത്രാ വാഹനങ്ങളില്‍ 7.10 ശതമാനവും വില്‍പ്പന കൂടി.
ഉത്സവ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് രാജ്യത്തെ ഷോറൂമുകളില്‍ വില്‍ക്കപ്പെടാതെ 79,000 കോടി രൂപയുടെ എട്ട് ലക്ഷത്തോളം വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതായി ഫാഡ പറഞ്ഞിരുന്നു. സീസണ്‍ കഴിഞ്ഞപ്പോള്‍ ഇത് ഗണ്യമായി കുറഞ്ഞു. അടുത്ത കലണ്ടര്‍ വര്‍ഷത്തില്‍ 21 ദിവസത്തെ ഇന്‍വന്ററിയുമായി വില്‍പ്പന തുടങ്ങാന്‍ വാഹന നിര്‍മാതാക്കള്‍ ശ്രദ്ധിക്കണമെന്നും ഡീലര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മികച്ച വില്‍പ്പന നടന്നിട്ടും രാജ്യത്തെ ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരി വില ഇടിഞ്ഞതെങ്ങനെയെന്നാണ് മിക്കവരും ചോദിക്കുന്നത്. കഴിഞ്ഞ നാലാഴ്ചക്കിടെ ചില കമ്പനികളുടെ ഓഹരി വില 23 ശതമാനം വരെയാണ് ഇടിഞ്ഞത്. സംവര്‍ധന മദേര്‍സണ്‍ ഇന്റര്‍നാഷണല്‍ (എസ്.എം.ഐ.എല്‍) ഓഹരി 22.8 ശതമാനവും എക്‌സൈഡ് ഇന്‍ഡസ്ട്രീസ് 21.2 ശതമാനവും ബജാജ് ഓട്ടോ 20.3 ശതമാനവും ഹീറോ മോട്ടോര്‍ കോര്‍പ് 17.1 ശതമാനവും ടാറ്റ മോട്ടോര്‍സ് 16.6 ശതമാനവും ഇടിഞ്ഞു. കൂടാതെ മറ്റ് കമ്പനികളായ ബോഷ് (Bosch), ടി.വി.എസ് മോട്ടോര്‍ കമ്പനി, മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഭാരത് ഫോര്‍ജ്, എം.ആര്‍.എഫ് തുടങ്ങിയ കമ്പനികള്‍ക്ക് ഓഹരി വിലയില്‍ 8 മുതല്‍ 15 ശതമാനം വരെ നഷ്ടം നേരിട്ടു. ഇതേകാലയളവില്‍ നിഫ്റ്റി ഓട്ടോ ഇന്‍ഡക്‌സ് 13.4 ശതമാനവും ഇടിഞ്ഞു.
വാഹന വിപണിയില്‍ ഡിമാന്‍ഡ് കുറവാണെന്ന ആശങ്കയാണ് വണ്ടി കമ്പനികള്‍ക്ക് വിനയായതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രീ-ഓണ്‍ഡ് കാറുകളുടെ സെക്കന്‍ഡ് ഹാന്‍ഡ് വിപണി രാജ്യത്ത് ശക്തമായതും വാഹന വായ്പക്കുള്ള ഉയര്‍ന്ന പലിശ നിരക്കും പാര്‍ക്കിംഗ് പോലുള്ള അടിസ്ഥാന സംവിധാനങ്ങളുടെ കുറവും വാഹനങ്ങള്‍ക്ക് ഉയര്‍ന്ന വില ഈടാക്കുന്നുവെന്ന ആരോപണവും ഡിമാന്‍ഡ് കുറക്കാന്‍ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഫലമായി വില്‍പ്പന കുറഞ്ഞതും ഷോറൂമുകളില്‍ വണ്ടികള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയതും ഉത്പാദനം കുറക്കാന്‍ തീരുമാനിച്ചതും കമ്പനികള്‍ക്ക് തിരിച്ചടിയായി. ഉത്സവ സീസണില്‍ മികച്ച വില്‍പ്പന നേടിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും ഷോറൂമുകളിലുള്ള സ്‌റ്റോക്കിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ വിപണിക്ക് ലഭിച്ചിരുന്നില്ല. ഇതും ഓഹരി വില ഇടിയാന്‍ കാരണമായി.
അതേസമയം, ഓട്ടോമൊബൈല്‍ സെക്ടറിലെ കമ്പനികളുടെ ഓഹരി വിലക്ക് സംഭവിച്ചത് തിരുത്തല്‍ നടപടികള്‍ മാത്രമാണെന്നും ഓഹരി വില കൂടുതല്‍ ഇടിയുമെന്ന ഭീതി അവസാനിച്ചെന്നുമാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഉത്തരേന്ത്യയില്‍ വിളവെടുപ്പ് കാലം ആരംഭിക്കുന്നതോടെ ഇരുചക്ര വാഹന വിപണി കരകയറുമെന്നാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പോലുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കാന്‍ ചിലപ്പോള്‍ കൂടുതല്‍ സമയമെടുത്തേക്കാം. ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് പറ്റിയ സമയമാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine