Representational image 
Auto

ബാറ്ററി പൊട്ടിത്തെറിച്ച് ഒരു മരണം, 2000 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ച് പ്യുവര്‍ ഇവി

തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലാണ് സ്‌കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസുകാരന്‍ മരണപ്പെട്ടത്

Dhanam News Desk

തെലങ്കാനയില്‍ ഇലക്ട്രിക് സ്‌കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിസാമാബാദ് ജില്ലയിലാണ് പ്യുവര്‍ ഇവിയുടെ ഇലക്ട്രിക് സ്‌കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസുകാരന്‍ മരണപ്പെട്ടത്. ഇ-സ്‌കൂട്ടര്‍ നിര്‍മാതാക്കളായ പ്യുവര്‍ ഇവിക്കെതിരേ നിസാമാബാദ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് അടുത്തിടെ വിവിധ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ച് പ്യുവര്‍ ഇവി, ഒരു ഒല ഇലക്ട്രിക്, രണ്ട് ഓകിനാവ ഓട്ടോടെക്, 20 ജിതേന്ദ്ര ഇവി സ്‌കൂട്ടറുകള്‍ക്കാണ് ഇതുവരെ തീപിടിച്ചത്.

അതേസമയം, തീപിടിത്തതിന് പിന്നാലെ ബാറ്ററികളിലെയും ചാര്‍ജറുകളിലെയും പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് 2,000 ഇ-സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. 'നിസാമാബാദിലും ചെന്നൈയിലും ഞങ്ങളുടെ വാഹനങ്ങള്‍ ഉള്‍പ്പെട്ട സമീപകാല തീപിടുത്ത സംഭവങ്ങള്‍ കണക്കിലെടുത്ത്, ബന്ധപ്പെട്ട ബാച്ചുകളിലെ ETrance Plus, EPluto7G മോഡലുകളില്‍ നിന്ന് 2,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു,'' കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കിലൂടെ കമ്പനി എല്ലാ ഉപഭോക്താക്കളിലേക്കും എത്തിച്ചേരുകയും പരിശോധനകള്‍ക്കായി വേഗത്തിലുള്ള കാമ്പെയ്ന്‍ ഉറപ്പാക്കുകയും ചെയ്യും'' കമ്പനി പറഞ്ഞു.

നേരത്തെ, തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഒകിനാവ ഓട്ടോടെക് തങ്ങളുടെ മോഡലയാ പ്രൈസ് പ്രോ സ്‌കൂട്ടറിന്റെ 3,215 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചിരുന്നു. തിരുപ്പൂരിലെ തീപിടിത്തമുള്‍പ്പെടെ മൂന്ന് ഒകിനാവ മോഡലുകള്‍ക്കായിരുന്നു തീപിടിച്ചത്. കഴിഞ്ഞ മാസം ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് പിതാവും 13 വയസുള്ള മകളും മരിച്ചിരുന്നു. തുടര്‍ന്ന് തീ ആയോഗ് സിഇഒ അമിതാഭ് കാന്ത് ഇവി നിര്‍മ്മാതാക്കളോട് തീപിടുത്തത്തില്‍ ഉള്‍പ്പെട്ട ഇവി ബാച്ചുകള്‍ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

നാസിക് ആസ്ഥാനമായുള്ള ജിതേന്ദ്ര ഇവി ടെക്കിന്റെ 20 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ട്രാന്‍സ്പോര്‍ട്ട് കണ്ടെയ്നറില്‍ കയറ്റിയ ശേഷം തീപിടിച്ച് നശിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT