Auto

2020ല്‍ വരുന്ന വില കുറഞ്ഞ ഇലക്ട്രിക് കാറുകള്‍

Dhanam News Desk

പോക്കറ്റിന് താങ്ങാനാകുന്ന ഒരുപിടി ഇലക്ട്രിക് കാറുകള്‍ വിപണിയിലിറങ്ങുന്ന വര്‍ഷമായിരിക്കും 2020. വരും വര്‍ഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന 15 ലക്ഷം രൂപയില്‍ ആരംഭിക്കുന്നതും അതിന് താഴെ വിലയുള്ള ഏതാനും മോഡലുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. സാധാരണ കാറുകളെ സംബന്ധിച്ചടത്തോളം 10-15 ലക്ഷം രൂപ കൂടുതലാണെന്ന് തോന്നാമെങ്കിലും ഇലക്ട്രിക് കാറുകള്‍ക്ക് ഇത് ആകര്‍ഷകമായ വില തന്നെയാണ്.

മഹീന്ദ്ര eKUV100

വരുന്നത്: 2020 ആദ്യം

പ്രതീക്ഷിക്കുന്ന വില: 10 ലക്ഷം രൂപയില്‍ ആരംഭിക്കും

മഹീന്ദ്ര തങ്ങളുടെ പുതിയ ഇലക്ട്രിക് കാറായ eKUV 100 അടുത്തവര്‍ഷം ആദ്യം അവതരിപ്പിക്കാനായി മാറ്റിവെച്ചിരിക്കുകയാണ്. താങ്ങാനാകുന്ന വിലയിലുള്ള ഈ ഇലക്ട്രിക് കാറിന് നിലവില്‍ എതിരാളികളൊന്നും ഉണ്ടാകില്ല. 40കിലോവാട്ട് ഇലക്ട്രിക് മോട്ടറാണ് ഇതിലുണ്ടാവുക. ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ അഞ്ചേമുക്കാല്‍ മണിക്കൂറാണ് എടുക്കുക. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം ഉപയോഗിച്ച് 33 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ ദൂരം ഓടിക്കാനാകും.

മാരുതി സുസുക്കി വാഗണ്‍ആര്‍ ഇലക്ട്രിക്

വരുന്നത്: 2020 അവസാനത്തോടെ

പ്രതീക്ഷിക്കുന്ന വില: 10 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു

വാഗണ്‍ ആര്‍ അധിഷ്ഠിതമായി ഇറങ്ങുന്ന ഇലക്ട്രിക് കാര്‍ ഇറങ്ങുമെന്ന് വാര്‍ത്ത കേട്ടുതുടങ്ങിയിട്ട് ഏറെ നാളായി. അടുത്ത വര്‍ഷം അവസാനത്തോടെ ഇത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളിലായി കമ്പനി 50ഓളം പ്രോട്ടോടൈപ്പുകള്‍ പരീക്ഷണഓട്ടം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനത്തോട് കൂടിയ ഈ മോഡലിന് മുഴുവനായി ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ ദൂരം ഓടാന്‍ കഴിയും.

ടാറ്റ ആള്‍ട്രോസ് ഇലക്ട്രിക്

വരുന്നത്: 2020 അവസാനത്തോടെ

പ്രതീക്ഷിക്കുന്ന വില: 10 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു

ഈ വര്‍ഷം ആദ്യം നടന്ന ജനീവ മോട്ടോര്‍ ഷോയില്‍ ഈ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എങ്കിലും കാറിന്റെ പ്രത്യേകതകള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുഴുവനായി ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്ററിന് മുകളില്‍ ഓടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ നെക്‌സണ്‍ ഇലക്ട്രിക്

വരുന്നത്: മാര്‍ച്ച് 2020

പ്രതീക്ഷിക്കുന്ന വില: 15 ലക്ഷം രൂപയ്ക്ക് മുകളിലേക്ക്

മാര്‍ച്ച് 2020ഓടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന് മുഴുവനായി ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്ററിന് മുകളില്‍ ഓടാന്‍ കഴിഞ്ഞേക്കും. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഉള്‍പ്പടെ നിരവധി ആധുനികസൗകര്യങ്ങള്‍ ഉള്‍പ്പെടുത്തും. ബാറ്ററിക്കും മോട്ടറിനും എട്ട് വര്‍ഷത്തെ വാറന്റി കമ്പനി നല്‍കും.

മഹീന്ദ്ര എക്‌സ്.യു.വി300 ഇലക്ട്രിക്

വരുന്നത്: ഏപ്രില്‍ 2020

പ്രതീക്ഷിക്കുന്ന വില: 15 ലക്ഷം രൂപയില്‍ ആരംഭിക്കും

മുഴുവനായി ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ ദൂരം ഓടാന്‍ കഴിയുന്ന ഈ മോഡലിന്റെ സ്ഥാനം eKUV100ന്റെ മുകളിലായിരിക്കും. ഏപ്രിലോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇതില്‍ 40കിലോവാട്ട് ബാറ്ററി പായ്ക്കാണ് ഉണ്ടാവുക. ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമുണ്ടാകും. സ്‌പെസിഫിക്കേഷനുകള്‍ പരിശോധിച്ചാല്‍ വിലയ്‌ക്കൊത്ത മൂല്യം തരുന്ന വാഹന തന്നെയായിരിക്കും ഇത്. 15 ലക്ഷം രൂപയ്ക്ക് മുകളിലേക്കാണ് വില പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര- ഫോര്‍ഡ് ആസ്പയര്‍ ഇലക്ട്രിക്

വരുന്നത്: 2020 അവസാനത്തോടെ

പ്രതീക്ഷിക്കുന്ന വില: 15 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു

മഹീന്ദ്രയുടെ രണ്ടാമത്തെ ഇലക്ട്രിക് സെഡാന്‍ ഫോര്‍ഡ് ആസ്പയര്‍ അധിഷ്ഠിതമായി വിപണിയിലിറക്കുന്ന മോഡലാണ്. പുതിയ സെഡാന്‍ 2020 അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 60 കിലോവാട്ട് മോട്ടറും 25 കിലോവാട്ട് ബാറ്ററിയുമായി വരുന്ന ഇതിന് മുഴുവനായി ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ ദൂരം പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

(മോഡലുകളുടെ ഏകദേശവിലയും അവ വിപണിയിലെത്തുന്ന ഏകദേശ സമയവുമാണ് കൊടുത്തിരിക്കുന്നത്. അതില്‍ മാറ്റം വന്നേക്കാം)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT