ടാറ്റ ഡിജിറ്റലിന്റെ ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌കറ്റ്, വൈദ്യുതി വാഹനങ്ങളില്‍ നിക്ഷേപം വര്‍ധിപ്പിക്കാനുള്ള പുതിയ പദ്ധതി തുടങ്ങി. അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിനൊപ്പം ദീര്‍ഘകാലത്തേക്കുള്ള പ്രവര്‍ത്തന ചെലവുകള്‍ കുറക്കുകയെന്നതാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ 50 നഗരങ്ങളില്‍ വൈദ്യുതി വാഹനങ്ങളില്‍ ഡെലിവറി നടത്തുന്നതിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. വൈദ്യുതി വാഹനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ 'കസം' (kazam) മാനേജ്‌മെന്റുമായി ബിഗ് ബാസ്‌കറ്റ് കരാറിലെത്തി.
സ്വന്തം ബിസിനസിന് വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനൊപ്പം പ്രധാന നഗരങ്ങളില്‍ വൈദ്യുതി വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും ബിഗ് ബാസ്‌കറ്റും കസമും ധാരണയായിട്ടുണ്ട്. 773 പട്ടണങ്ങളിലായി 4,000 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കും. പുതിയ രീതിയിലുള്ള ലോജിസ്റ്റിക്‌സ് സംവിധാനം രൂപപ്പെടുത്തിയെടുക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് ബിഗ് ബാസ്‌കറ്റ് സി.ഒ.ഒ ടി.കെ ബാലകുമാര്‍ പറഞ്ഞു. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഡെലിവറി രീതിയാണ് നടപ്പാക്കുന്നത്. 2030 ആകുമ്പോള്‍ കമ്പനിയുടെ ഡെലിവറി വാഹനങ്ങളില്‍ 60 ശതമാനം വൈദ്യുതി വാഹനങ്ങളാക്കും. ബാലകുമാര്‍ പറഞ്ഞു.
വരും കാലങ്ങളില്‍ ഗ്രീന്‍ ലോജിസ്റ്റിക്‌സിന്റെ സാധ്യത വര്‍ധിക്കുകയാണെന്ന് കസം പാര്‍ട്ണര്‍ അക്ഷയ് ശേഖര്‍ പറഞ്ഞു. ഡെലിവറി ബിസിനസില്‍ വാഹനങ്ങളുടെ ഇന്ധനക്ഷമത പ്രധാന ഘടകമാണ്. സുസ്ഥിരവും സുരക്ഷിതവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെലവ് കുറഞ്ഞതുമായ ഊര്‍ജ സ്രോതസുകളെ കുറിച്ചാണ് ഇനി ചിന്തിക്കേണ്ടത്. അക്ഷയ് ശേഖര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine