Auto

ബ്ലൂസ്നാപ്പ് ഹെല്‍മറ്റ് കൂളറിന്റെ പുതിയ പതിപ്പ്, സ്മാര്‍ട്ട് ഫോണ്‍ കണക്ട് സഹിതം

Dhanam News Desk

ബെംഗളൂരു ആസ്ഥാനമായുള്ള ആപ്റ്റ്‌നെര്‍ മെക്കാട്രോണിക്സ് ഇരുചക്ര വാഹന യാത്രകര്‍ക്കായി നേരത്തെ അവതരിപ്പിച്ച ഹെല്‍മറ്റ് കൂളര്‍ പരിഷ്‌കരിച്ചു. 2020 ജനുവരിയില്‍ ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പുതിയ ഹെല്‍മെറ്റ് കൂളര്‍ ബ്ലൂ 3 ഇ 20 ഉപയോക്താക്കള്‍ക്കു പരിചയപ്പെടുത്താനുള്ള ഒരുക്കത്തിലാണു കമ്പനി.

വെയില്‍ കത്തി നില്‍ക്കുന്ന സമയത്തും ചൂടുകാലത്തും ഇരുചക്ര വാഹനത്തിലുള്ള യാത്ര അസഹനീയമാണ്. തലയില്‍ ഹെല്‍മറ്റ് വെച്ചിട്ടുണ്ടെങ്കിലുള്ള അവസ്ഥ പറയുകയും വേണ്ട. ബൈക്കില്‍ എസി ഇല്ലാത്തതിനാല്‍ എത്ര കൊടും ചൂടാണെങ്കിലും സഹിച്ച് യാത്ര ചെയ്തേ പറ്റൂ. എന്നാല്‍ ചൂട് സമയത്ത് തല കൂളാക്കാന്‍ ഉപകരിക്കുന്ന സംവിധാനമാണ് ഹെല്‍മറ്റ് കൂളറുകള്‍.

ബ്ലീസ്നാപ്പ്, ബ്ലൂസ്നാപ്പ് 2 എന്നീ ഹൈല്‍മറ്റ് കൂളറുകള്‍ക്ക് പിന്നാലെയാണ് പുതിയ പതിപ്പ് വിപണിയിലെത്തുന്നത്.  പ്രവര്‍ത്തനം വ്യക്തമാക്കുന്ന ഒരു വീഡിയോ കമ്പനി പുറത്തു വിട്ടിട്ടുണ്ട്. അന്തരീക്ഷ താപനില മനസിലാക്കി ഹെല്‍മറ്റിനുള്ളിലെ താപനില കുറയ്ക്കാന്‍ കൂളറിന് കഴിയും.ഹെല്‍മറ്റിന്റെ ചിന്‍ ഭാഗത്താണിത് ഘടിപ്പിക്കുക.ഫുള്‍ഫെയ്സ് ഹെല്‍മറ്റുകളില്‍ മാത്രമെ ഈ കൂളര്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയൂ.റൂം കൂളറിന്റെ അതേ അടിസ്ഥാനത്തിലാണ് ഈ മിനി കൂളറിന്റെയും പ്രവര്‍ത്തനം. പൊടിപടലങ്ങള്‍ പൂര്‍ണമായും അകറ്റിയാണ് വായു ഹെല്‍മറ്റിനുള്ളിലേക്കെത്തുന്നത്.

ഒരു വര്‍ഷം മുമ്പാണ് ആപ്റ്റ്‌നെര്‍ മെക്കാട്രോണിക്സ് ആദ്യ ഹെല്‍മെറ്റ് കൂളര്‍ ബ്ലൂസ്നാപ്പ് എന്ന പേരില്‍ വിറ്റു തുടങ്ങിയത്. ഇത് വലിയ വിജയമായിരുന്നു. 10 രാജ്യങ്ങളിലേക്ക് കയറ്റുമതിയും സാധ്യമായി. പിന്നീട് രണ്ടാമത്തെ പതിപ്പ് പുറത്തിറക്കി, ബ്ലൂസ്‌നാപ്പ് 2 എന്ന പേരില്‍.

മെയ്ന്‍ യൂണിറ്റ്, ഫില്‍റ്റര്‍ എന്നിവയ്ക്ക് പുറമേ ഒരു ഹെഡ്സെറ്റ് പാര്‍ട്ട്സും പുതിയ കൂളറില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുമായി കണക്ട് ചെയ്ത് വിവരങ്ങള്‍ അറിയിക്കുകയാണ് ഹെഡ്സെറ്റിന്റെ ജോലി. ഫോണിലെ വോയ്സ് അസിസ്റ്റിലൂടെ കൂളറില്‍ അവശേഷിക്കുന്ന കൂളന്റിന്റെ അളവ്, ഫാന്‍ സ്പീഡ് നിയന്ത്രണം, ഫോണിലെ നോട്ടിഫിക്കേഷന്‍, നാവിഗേഷന്‍, ടെക്സ്റ്റ് മെസേജ് വായന എന്നീ സൗകര്യങ്ങള്‍ ഹെഡ്സെറ്റ് വഴി ലഭ്യമാകും. കൂളറിന്റെ വില കമ്പനി വ്യക്തമാക്കിയിട്ടില്ല. നേരത്തെയുള്ള ബ്ലൂസ്നാപ്പ്2 ഹെല്‍മെറ്റ് കൂളറിന് 2299 രൂപയാണ് വിപണി വില.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT