ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാവായ ബി.വൈ.ഡി (Build Your Dreams) ഇന്ത്യയിലെ ആദ്യ നിര്‍മാണ പ്ലാന്റ് ഹൈദരാബാദില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഇ.വി മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളില്‍ ഒന്നാകും ഇത്. ആന്ധ്രാപ്രദേശ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ഹൈദരാബാദിലെ മൂന്ന് സ്ഥലങ്ങള്‍ നിര്‍മാണ യൂണിറ്റിനായി പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.
ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ 10 ബില്യന്‍ ഡോളറിന്റെ (ഏകദേശം 85,000 കോടി രൂപ) നിക്ഷേപമാണ് ബി.വൈ.ഡി നടത്തുന്നത്. 500 ഏക്കറില്‍ സ്ഥാപിക്കുന്ന ഫാക്ടറിയില്‍ നിന്നും 2032 എത്തുമ്പോള്‍ പ്രതിവര്‍ഷം 6 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി. 20 ജിഗാവാട്ട് അവര്‍ (GWh) ശേഷിയുള്ള ബാറ്ററി നിര്‍മാണ പ്ലാന്റും ഇവിടെ സ്ഥാപിക്കും. ഇലക്ട്രോണിക് വാഹനങ്ങളുടെ സബ്‌സിഡിയറി യൂണിറ്റുകളും ഇതിന് ചുറ്റും നിലവില്‍ വരുന്നതോടെ ഇ.വി രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വര്‍ഷങ്ങളായി ഇന്ത്യയില്‍ സാന്നിധ്യമുണ്ടെങ്കിലും രാജ്യത്ത് നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ ഇതുവരെയും ബി.വൈ.ഡിക്ക് കഴിഞ്ഞിട്ടില്ല. പൂര്‍ണമായും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ ഉയര്‍ന്ന നികുതി അടച്ചാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇതോടെ വാഹനങ്ങളുടെ വിലയും ഉയരും. ചില മോഡലുകള്‍ പാര്‍ട്‌സുകളായി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ കൂട്ടിയോജിപ്പിച്ചും വില്‍ക്കുന്നുണ്ട്. എന്നാല്‍ പൂർണ തോതില്‍ തദ്ദേശീയ നിര്‍മാണം തുടങ്ങിയാല്‍ വാഹന വിലയില്‍ വലിയ കുറവു വരുത്താമെന്നും വിപണിയിലെ സാന്നിധ്യം വര്‍ധിപ്പിക്കാമെന്നുമാണ് ബി.വൈ.ഡി കരുതുന്നത്. രണ്ട് വര്‍ഷമായി ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ബി.വൈ.ഡി നടത്തുന്നുണ്ടെങ്കിലും ചൈനീസ് നിക്ഷേപത്തിലെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ഇതിന് തിരിച്ചടിയായി.
എന്നാല്‍ ചൈനീസ് നിക്ഷേപം സ്വീകരിക്കുന്നതില്‍ കേന്ദ്രനയങ്ങള്‍ ലഘൂകരിക്കാനുള്ള നീക്കത്തിലാണ്. ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ് നിര്‍മാണം തുടങ്ങിയ ചില മേഖകളില്‍ കൂടുതല്‍ ചൈനീസ് നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ അടുത്തിടെയായി അനുവദിക്കുന്നുണ്ട്. കൂടാതെ ഇലക്ട്രിക് ബസ് നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനിയായ ഒലെക്ട്ര ഗ്രീന്‍ടെക്കുമായുള്ള സഹകരണവും ബി.വൈ.ഡിക്ക് തുണയാകുമെന്നാണ് വിലയിരുത്തല്‍. തെലങ്കാനയിലെ ഒലെക്ട്ര ഗ്രീന്‍ടെക്ക് ബി.വൈ.ഡിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്വന്തം പേരില്‍ രാജ്യത്ത് ഇലക്ട്രിക് ബസുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത്.
ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല മോട്ടോഴ്‌സിന് ആഗോള വാഹന വിപണിയില്‍ കനത്ത വെല്ലുവിളിയാകുന്ന ബ്രാന്‍ഡാണ് ബി.വൈ.ഡി. യൂറോപ്പ് അടക്കമുള്ള വിപണികളില്‍ ടെസ്‌ലയുടെ വില്‍പ്പന ഇടിഞ്ഞപ്പോള്‍ ബി.വൈ.ഡിക്ക് വലിയ നേട്ടമാണുണ്ടായത്. അടുത്തിടെ 1,000 കിലോവാട്ട് അവര്‍ ശേഷിയുള്ള ഇ.വി ചാര്‍ജര്‍ പുറത്തിറക്കിയതിന് പിന്നാലെ വിപണിമൂല്യത്തിലും ടെസ്‌ലയെ കടത്തി വെട്ടാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു. ഇന്ത്യന്‍ വിപണിയിലേക്ക് ടെസ്‌ല വാഹനങ്ങള്‍ അധികം വൈകാതെ എത്തുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് ബി.വൈ.ഡിയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ തത്കാലം നിര്‍മാണ പ്ലാന്റ് സ്ഥാപിക്കില്ലെന്നാണ് ടെസ്‌ലയുടെ നിലപാട്. 2030ല്‍ ഇന്ത്യന്‍ ഇ.വി വിപണിയുടെ 40 ശതമാനം വിഹിതം സ്വന്തമാക്കാനും രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാവെന്ന പദവി നേടാനുമാണ് ബി.വൈ.ഡിയുടെ ശ്രമം.
Read DhanamOnline in English
Subscribe to Dhanam Magazine