ചൈനീസ് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡിയുടെ വരുമാനം ഇതാദ്യമായി 100 ബില്യണ്‍ ഡോളര്‍ (ഏകദേശം 85,700 കോടി രൂപ) എന്ന നാഴികക്കല്ല് പിന്നിട്ടു. എതിരാളിയായ ടെസ്‌ലയെയും പിന്നിട്ടാണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ ബി.വൈ.ഡി മുന്നേറിയത്. 2024ല്‍ 97.7 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ടെസ്‌ല രേഖപ്പെടുത്തിയത്. ആഗോള ഇ.വി വിപണിയില്‍ ബി.വൈ.ഡിയുടെ അനിഷേധ്യ സാന്നിധ്യമാണ് വരുമാനക്കണക്കുകള്‍ കാണിക്കുന്നതെന്നാണ് വാഹന ലോകം പറയുന്നത്.
ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി ഡിസംബറില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ 107 ബില്യണ്‍ ഡോളര്‍ വരുമാനമാണ് നേടിയത്. കമ്പനിയുടെ ലാഭം 34 ശതമാനം വാര്‍ഷികവളര്‍ച്ചയും നേടി. ഇക്കാലയളവില്‍ കമ്പനി നടത്തിയത് റെക്കോഡ് വാഹന വില്‍പ്പനയാണ്. 1.76 കോടി വാഹനങ്ങളാണ് 2024ല്‍ ബി.വൈ.ഡി വിറ്റഴിച്ചത്. വില്‍പ്പനയില്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയ്ക്ക് തൊട്ട് പിന്നിലുണ്ട് ബി.വൈ.ഡി. കഴിഞ്ഞ വര്‍ഷം 1.79 കോടി കാറുകളാണ് ടെസ്‌ല വിറ്റഴിച്ചത്. അതേസമയം, ഹൈബ്രിഡ് മോഡലുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ബി.വൈ.ഡിയുടെ വില്‍പ്പന 4.27 കോടിയാകും. ഫോഡ് മോട്ടോര്‍ കമ്പനിയുടെ വില്‍പ്പനയ്ക്കടുത്തു വരും ഈ കണക്കുകള്‍.
2025ല്‍ ബി.വൈ.ഡി പ്രതീക്ഷിക്കുന്നത് 5-6 കോടിയ്ക്കടുത്ത് വാഹന വില്‍പ്പനയാണ്. 2025ന്റെ ആദ്യ രണ്ട് മാസത്തില്‍ 6,23,300 വാഹനങ്ങള്‍ ഇത് വരെ വിറ്റഴിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 93 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തുന്നത്. നിരന്തരമായ ഇന്നവേഷനാണ് ബി.വൈ.ഡിയെ ശ്രദ്ധേയമാക്കുന്നത്. എന്‍ട്രി ലെവല്‍ കാറുകളില്‍ പോലും അത്യാധൂനിക ഡ്രൈവര്‍ അസിസ്റ്റന്‍സ് സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തികൊണ്ട് ഹെടെക് ഫീച്ചറുകള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുകയാണ് ബി.വൈ.ഡി. ഇതിനൊപ്പം മത്സരാത്മക വിലയും ഉറപ്പാക്കുന്നുണ്ട്. അഞ്ച് മിനിറ്റ് ചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടാനാകുന്ന ബാറ്ററി കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.
പുതിയ ബാറ്ററി ടെക്‌നോളജി പുറത്തിറക്കിയതിനു ശേഷം ബി.വൈ.ഡി ഓഹരികള്‍ പുതിയ റെക്കോഡിലെത്തിയിരുന്നു. ഈ വര്‍ഷം 51 ശതമാനമാണ് ഓഹരിയുടെ ഉയര്‍ച്ച.
ബ്ലുംബെര്‍ഗില്‍ ഓഹരി ഫോളോ ചെയ്യുന്ന 47 അനലിസ്റ്റുകളില്‍ 44 പേരും ഓഹരിക്ക് 'ബൈ' (വാങ്ങുക) ശിപാര്‍ശയാണ് നല്‍കിയിരിക്കുന്നത്. രണ്ടുപേര്‍ 'ഹോള്‍ഡ്' ചെയ്യാനും ഒരാള്‍ 'വില്‍ക്കാനും' ശിപാര്‍ശ ചെയ്തിട്ടുണ്ട്.
അതേസമയം, വിപണി മൂല്യത്തില്‍ വളരെ മുന്നില്‍ തുടരുകയാണ് ടെസ്‌ല. ഈ വര്‍ഷം ഓഹരി വിലയില്‍ 38 ശതമാനത്തോളം ഇടിവുണ്ടായെങ്കിലും ടെസ്‌ലയുടെ വിപണി മൂല്യം 800 ബില്യണ്‍ ഡോളറാണ്. ബി.വൈ.ഡിയുടേത് 157 ബില്യണ്‍ ഡോളര്‍ മാത്രമാണ്.
ചൈനയില്‍ 100 ബില്യണ്‍ ഡോളര്‍ വരുമാനം നേടുന്ന 16 കമ്പനികളുണ്ടെങ്കിലും ഇന്ത്യയില്‍ ഈ ലക്ഷ്യം കൈവരിച്ചിട്ടുള്ള രണ്ട് കമ്പനികളാണ് ബി.വൈ.ഡിയ്ക്ക് മുന്നിലുള്ളത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും പൊതുമേഖല സ്ഥാപനമായ എല്‍.ഐ.സിയും. 112.4 ബില്യണ്‍ ഡോളറാണ് റിലയന്‍സിന്റെ വരുമാനമെങ്കില്‍ എല്‍.ഐ.സിയുടേത് 103.6 ബില്യണ്‍ ഡോളറാണ്.
Read DhanamOnline in English
Subscribe to Dhanam Magazine