നേരത്തെ അനുവദിക്കപ്പെട്ട വാഹന വായ്പകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളെ സമീപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 22 മുതല്‍ നിലവില്‍ വരുന്ന ജി.എസ്.ടി ഇളവിന്റെ ഗുണഫലങ്ങള്‍ സ്വന്തമാക്കുന്നതിന് വേണ്ടിയാണിത്. 1,200 സി.സി വരെ എഞ്ചിന്‍ ശേഷിയുള്ള കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമാക്കി കുറയ്ക്കാന്‍ 56ാമത് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. കൂടുതല്‍ ശേഷിയുള്ള കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തിയെങ്കിലും നഷ്ടപരിഹാര സെസ് എടുത്ത് കളഞ്ഞതോടെ ഇവക്കും വില കുറയും. ഇതോടെ പുതിയ വാഹനം വാങ്ങുന്നത് സെപ്റ്റംബര്‍ 22ന് ശേഷം മതിയെന്ന തീരുമാനത്തിലാണ് മിക്ക ഉപയോക്താക്കളും.
- 4 മീറ്ററിന് താഴെ നീളമുള്ളതും 1,200 സിസി എഞ്ചിന്‍ ശേഷിയുള്ളതുമായ പെട്രോള്‍ കാറുകള്‍ക്ക് നിലവില്‍ ജി.എസ്.ടിയും സെസും ചേര്‍ത്ത് നികുതി 29 ശതമാനം. ഇത് 18 ശതമാനമാക്കി. 11 ശതമാനമാണ് ആകെ ഇളവ്
- 4 മീറ്ററിന് താഴെ നീളമുള്ളതും 1,500 സിസി എഞ്ചിന്‍ ശേഷിയുള്ളതുമായ ഡീസല്‍ കാറുകള്‍ക്ക് നിലവില്‍ ജി.എസ്.ടിയും സെസും ചേര്‍ത്ത് 31 ശതമാനം നികുതി. ഇത് 18 ശതമാനമാക്കി കുറഞ്ഞു. ആകെ ഇളവ് 13 ശതമാനം.
- നാല് മീറ്ററില്‍ കൂടുതല്‍ നീളമുള്ളതും വലിയ വാഹനങ്ങള്‍ക്ക് ജി.എസ്.ടിയും സെസും ചേര്‍ത്ത് 50 ശതമാനം വരെയാണ് നികുതി. ഇത് 40 ശതമാനമാകും. 10 ശതമാനമാണ് ആകെ ഇളവ്.
ജി.എസ്.ടി ഇളവിന്റെ ഗുണഫലം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനായി മിക്ക ബ്രാന്‍ഡുകളും കാറുകളുടെ വില കുറച്ചിട്ടുണ്ട്. അനുവദിക്കപ്പെട്ട വായ്പകള്‍ ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ചെറിയ ചാര്‍ജ് നല്‍കിയാല്‍ മതി. കാറ് വാങ്ങല്‍ സെപ്റ്റംബര്‍ 22ന് ശേഷമായാല്‍ ജി.എസ്.ടി ഇളവിന്റെ മുഴുവന്‍ ഗുണവും ലഭിക്കുകയും ചെയ്യും. വലിയ ഇളവ് ലഭിക്കുന്നതോടെ നേരത്തെ തീരുമാനിച്ച വാഹനം അപ്‌ഗ്രേഡ് ചെയ്ത് കൂടുതല്‍ മെച്ചപ്പെട്ടത് വാങ്ങാന്‍ പദ്ധതിയിടുന്നവരും ഉണ്ടെന്നാണ് വിവരം. ജി.എസ്.ടി ഇളവിന് പുറമെ സെപ്റ്റംബര്‍ 21 വരെയുള്ള ശ്രാദ്ധപക്ഷ ആചാരവും ആളുകളെ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് തടയുന്നുണ്ട്. നവരാത്രിക്ക് മുമ്പുള്ള കാലയളവില്‍ പുതിയ സാധനങ്ങള്‍ വാങ്ങുന്നത് അശുഭകരമാണെന്ന വിശ്വാസം രാജ്യത്തിന്റെ പലയിടങ്ങളിലും നിലനില്‍ക്കുന്നുണ്ട്.
അതേസമയം, ഇക്കാര്യത്തില്‍ വാഹന വിദഗ്ധര്‍ നല്‍കുന്ന ഉപദേശം മറ്റൊന്നാണ്. ജി.എസ്.ടി ഇളവ് ലഭിക്കാനായി ബുക്കിംഗ് റദ്ദാക്കേണ്ട ആവശ്യമില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതിനോടകം ബുക്ക് ചെയ്ത വാഹനങ്ങളുടെ ഇന്‍വോയിസ് സെപ്റ്റംബര്‍ 22ന് ശേഷമാണ് ജനറേറ്റ് ചെയ്യപ്പെടുന്നതെങ്കില്‍ പുതിയ നിരക്ക് തന്നെ ലഭിക്കും. 10-15 ലക്ഷം രൂപ വരെ വിലയുള്ള കാറുകള്‍ക്ക് 50,000 മുതല്‍ 1.5 ലക്ഷം രൂപ വരെ ഇളവ് കിട്ടും. ചെറിയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കുള്ള ഇളവ് കൂടുതലായിരിക്കുമെന്നും ഇവര്‍ പറയുന്നു.
ഇതിനോടകം അനുവദിക്കപ്പെട്ട വായ്പകള്‍ ഡീലറുടെ പക്കല്‍ എത്തിയിട്ടുണ്ടെങ്കില്‍ ഉപയോക്താവ് അത്രയും ദിവസത്തെ പലിശ ബാങ്കിന് നല്‍കേണ്ടി വരും. കൂടാതെ പ്രോസസിംഗ് ഫീസ് പോലുള്ള അധിക ചെലവുകളുമുണ്ട്. പുതിയ വായ്പയെടുക്കുമ്പോഴും ഇത് നല്‍കണം. എന്നാല്‍ ജി.എസ്.ടി നിരക്ക് മാറ്റത്തിലൂടെ ലഭിക്കുന്ന ഇളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ചെലവുകള്‍ കഴിഞ്ഞാലും ഉപയോക്താവിന് ലാഭകരമാണെന്നും ഇവര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine