image credit : canva 
Auto

ജി.എസ്.ടി ഇളവ് കിട്ടാന്‍ കട്ട വെയ്റ്റിംഗ്! ഓഗസ്റ്റിലെ വണ്ടിക്കച്ചവടത്തില്‍ സഡന്‍ ബ്രേക്ക്, ഓണബുക്കിംഗ് 16 ശതമാനം കൂടി, ഷോറൂമുകള്‍ക്കും തത്കാലം വേണ്ടെന്ന്

350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് ജി.എസ്.ടി കൂട്ടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പന ഇരട്ടിയായി

Dhanam News Desk

ജി.എസ്.ടി പരിഷ്‌ക്കരണത്തിന്റെ ഇളവ് കിട്ടാന്‍ ജനം കാത്തിരുന്നതോടെ ഓഗസ്റ്റിലെ വാഹന വില്‍പ്പന കുത്തനെ ഇടിഞ്ഞു. ഇക്കുറി യാത്രാ വാഹന സെഗ്‌മെന്റില്‍ 3.3 ലക്ഷം യൂണിറ്റുകളാണ് വില്‍പ്പന നടന്നത്. കഴിഞ്ഞ വര്‍ഷത്തെ സമാനപാദത്തില്‍ 3.56 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തി. 7 ശതമാനത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ നാലാമത്തെ മാസമാണ് വില്‍പ്പന കണക്കുകള്‍ കുറയുന്നത്.

ഇതിന് പുറമെ കമ്പനികളില്‍ നിന്ന് പുതിയ വാഹനങ്ങള്‍ സ്വീകരിക്കുന്നത് ഡീലര്‍മാരും തത്കാലം നിറുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡീലര്‍മാര്‍ ബുക്ക് ചെയ്ത 1.5 ലക്ഷത്തോളം വാഹനങ്ങള്‍ ഇനിയും ഡെലിവറി നടത്തിയിട്ടില്ലെന്നാണ് മാരുതി സുസുക്കി വൃത്തങ്ങള്‍ നല്‍കുന്ന വിശീദകരണം. ജി.എസ്.ടി പരിഷ്‌ക്കരണത്തിന് മുമ്പ് ഡീലര്‍മാര്‍ സ്റ്റോക്ക് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് കമ്പനികളുടെ വിശദീകരണം.

ഓണബുക്കിംഗ് ഉയര്‍ന്നു

അതേസമയം, ജി.എസ്.ടി പരിഷ്‌ക്കാരത്തോടെ വിപണിയില്‍ ഗുണപരമായ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വാഹന ലോകം. ഓണക്കാലത്ത് കേരളത്തിലെ വാഹന ബുക്കിംഗിന് 16 ശതമാനം വര്‍ധനയുണ്ടായെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്ഥോ ബാനര്‍ജി പറയുന്നു. ഗണേശ ഉത്സവം നടക്കുന്ന മഹാരാഷ്ട്രയിലെ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. മികച്ച മണ്‍സൂണ്‍ ലഭിച്ചത് വില്‍പ്പന കൂട്ടുമെന്നാണ് പ്രതീക്ഷ. പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ പ്രഖ്യാപിക്കുന്നതോടെ ഡിമാന്‍ഡില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വില്‍പ്പന കണക്ക് ഇങ്ങനെ

1,31,278 വാഹനങ്ങളാണ് കഴിഞ്ഞ മാസം മാരുതി സുസുക്കി വില്‍പ്പന നടത്തിയത്. മുന്‍വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 8 ശതമാനം കുറവ്. രണ്ടാം സ്ഥാനത്ത് തിരിച്ചെത്തിയ ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ 44,011 വാഹനങ്ങളാണ് നിരത്തിലെത്തിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 11 ശതമാനം കുറവാണിത്. ടാറ്റ മോട്ടോഴ്‌സ് 41,001 യൂണിറ്റുകളും മഹീന്ദ്ര 39,399 യൂണിറ്റുകളും നിരത്തിലിറക്കി. 28,589 യൂണിറ്റുകളാണ് ടൊയോട്ട ഷോറൂമുകളില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയത്. ജെ.എസ്.ഡബ്യൂ എം.ജി മോട്ടോര്‍ 6,578 യൂണിറ്റുകളും വിറ്റതായി വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇരുചക്ര വാഹന കണക്ക്

ഓഗസ്റ്റ് മാസത്തിലെ ഇരുചക്ര വാഹന വില്‍പ്പനയിലും ഹീറോ മോട്ടോകോര്‍പ് തന്നെയാണ് മുന്നിലുള്ളത്. 5,19,139 വാഹനങ്ങളാണ് ഹീറോ ബ്രാന്‍ഡിംഗില്‍ നിരത്തിലെത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 5.4 ശതമാനം വര്‍ധന. 4,81,021 യൂണിറ്റുകള്‍ വിറ്റ ഹോണ്ടയാണ് തൊട്ടുപിന്നില്‍. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി ഹോണ്ടക്ക് 2 ശതമാനത്തോളം വില്‍പ്പന ഇടിഞ്ഞു. 27.6 ശതമാനം വില്‍പ്പന കൂടിയ ടി.വി.എസാണ് തൊട്ടുപിന്നില്‍. 3,68,862 യൂണിറ്റുകളാണ് ടി.വി.എസ് വിപണിയിലെത്തിച്ചത്. ബജാജ് ഓട്ടോയുടെ വില്‍പ്പന 12 ശതമാനം ഇടിഞ്ഞു. മുന്‍ വര്‍ഷം 2,08,621 യൂണിറ്റുകള്‍ വിറ്റെങ്കില്‍ ഇത്തവണ 1,84,109 യൂണിറ്റുകളാണ് ബജാജ് ഷോറൂമില്‍ നിന്നും പുറത്തിറങ്ങിയത്. മുന്‍ വര്‍ഷം 65,623 യൂണിറ്റുകള്‍ മാത്രം വിറ്റ റോയല്‍ എന്‍ഫീല്‍ഡാണ് ഇക്കുറി വമ്പന്‍ പ്രകടനം നടത്തിയത്. ഓഗസ്റ്റില്‍ 1,02,876 യൂണിറ്റുകളാണ് റോയല്‍ എന്‍ഫീല്‍ഡ് വില്‍പ്പന നടത്തിയത്. 350 സിസിക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് ജി.എസ്.ടി വര്‍ധിപ്പിക്കുമെന്ന വാര്‍ത്തകളാണോ വില്‍പ്പന കൂട്ടിയതെന്ന സംശയവും വിദഗ്ധര്‍ പ്രകടിപ്പിക്കുന്നുണ്ട്.

India’s car sales fell sharply in August as buyers delayed purchases expecting GST relief, while Kerala bucked the trend with a surge in Onam festival bookings.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT