Auto

ബിവൈഡിക്ക് അടിതെറ്റുന്നു! ഉത്പാദനം കുത്തനെ കുറച്ചു, വില്പനയില്‍ വന്‍ ഇടിവ്; ചൈനീസ് വമ്പന് പിഴയ്ക്കുന്നതെവിടെ?

ജനുവരിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്പനയിലുണ്ടായ കുറവ് ഞെട്ടിക്കുന്നതാണ്, 30.1 ശതമാനം.

Dhanam News Desk

വൈദ്യുത കാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച തുടക്കവുമായെത്തിയ ചൈനീസ് കമ്പനിയായ ബിവൈഡിക്ക് (BYD) കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ അഞ്ചാം മാസവും ബിവൈഡി കാറുകളുടെ വില്പന ഇടിയുകയാണ്. ജനുവരിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്പനയിലുണ്ടായ കുറവ് ഞെട്ടിക്കുന്നതാണ്, 30.1 ശതമാനം.

2026 ജനുവരിയില്‍ കമ്പനി ആഗോള തലത്തില്‍ വിറ്റത് 2,10,051 വാഹനങ്ങളാണ്. ഇതില്‍ 1,00,482 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്. ഉത്പാദനത്തില്‍ 29.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ വില്പനയില്‍ താഴേക്കാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷത്തെ കയറ്റുമതി ലക്ഷ്യം 16 ലക്ഷത്തില്‍ നിന്ന് 13 ലക്ഷം യൂണിറ്റുകളായി കമ്പനി കുറയ്ക്കുകയും ചെയ്തു.

വില്പന കുറയുമ്പോള്‍ ആഗോളതലത്തില്‍ കൂടുതല്‍ വിപുലീകരണത്തിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹംഗറി, ഇന്‍ഡോനേഷ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ കൂടുതല്‍ ഇവി പ്ലാന്റുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ബ്രസീല്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ വിപുലീകരിക്കാനും പ്ലാനുണ്ട്.

എന്തുകൊണ്ട് വില്പന ഇടിഞ്ഞു?

2025 ജുലൈ-സെപ്റ്റംബര്‍ കാലയളവില്‍ ചൈനീസ് വിപണിയില്‍ ബിവൈഡി വില്പനയില്‍ 19.4 ശതമാനത്തിന്റെ കുറവുണ്ടായി. വിദേശ വിപണികളില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ തുടങ്ങിയെങ്കിലും ബിവൈഡിയുടെ വില്പനയുടെ സിംഹഭാഗവും ചൈനയിലാണ്. ഇവി വാഹനങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ നല്കിയിരുന്ന സബ്‌സിഡികള്‍ പലതും നിര്‍ത്തലാക്കുകയോ കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇളവുകള്‍ പിന്‍വലിക്കപ്പെട്ടത് ഉപയോക്താക്കളുടെ താല്പര്യത്തെയും കുറച്ചു.

യൂറോപ്യന്‍ രാജ്യങ്ങള്‍ ചൈനയ്ക്കുമേല്‍ അധിക തീരുവ ഈടാക്കുന്നതും മറ്റ് ഇവി ബ്രാന്‍ഡുകള്‍ ഉദയം ചെയ്യുന്നതും കടുത്ത മത്സരത്തിലേക്ക് ബിവൈഡിയെ നയിച്ചു. ചൈനീസ് വിപണിയിലെ ഇടിവ് തുടരുമെന്ന സൂചനയാണ് കമ്പനിയും നല്കുന്നത്. ഇന്ത്യ അടക്കമുള്ള പുതിയ വിപണികളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നതും ഇക്കാരണങ്ങളാണ്.

ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ വര്‍ധിച്ചതോടെ ഇവിടെ അസംബ്ലി ഫാക്ടറി സ്ഥാപിക്കാന്‍ കമ്പനി നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ദീര്‍ഘകാലടിസ്ഥാനത്തില്‍ വളര്‍ച്ച പ്രതീക്ഷയുള്ളതാണ് നിക്ഷേപം വര്‍ധിപ്പിക്കാന്‍ ചൈനീസ് കമ്പനിയെ പ്രേരിപ്പിക്കുന്നത്.

BYD faces major decline in sales and production, shifting focus to global expansion amidst domestic EV market challenges

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT