canva
Auto

ഓഗസ്റ്റില്‍ വാഹന വില്‍പന കത്തിക്കയറി; മുന്നില്‍ മാരുതി, കരുത്ത് കാട്ടി ടാറ്റയും മഹീന്ദ്രയും

വരുംമാസങ്ങളില്‍ മെച്ചപ്പെട്ട വില്പന തുടരാനുള്ള ശുഭാരംഭം കുറിക്കാന്‍ ഓഗസ്റ്റ് വഴിയൊരുക്കുമെന്നാണ് വിപണിയുടെ വിശ്വാസം

Dhanam News Desk

രാജ്യത്ത് പാസഞ്ചര്‍ വാഹനങ്ങളുടെ വില്പനയില്‍ കുതിപ്പ് തുടരുന്നു. ഉത്സവകാലത്തിന് മുന്നോടിയായി കാര്‍ നിര്‍മാതാക്കള്‍ക്ക് ആവേശം പകരുന്ന കണക്കുകളാണ് ഓഗസ്റ്റ് മാസം നല്കുന്നത്. ആഭ്യന്തര പാസഞ്ചര്‍ വാഹനങ്ങളുടെ വില്പനയില്‍ മുന്‍ വര്‍ഷം സമാനമാസത്തെ അപേക്ഷിച്ച് 36 ശതമാനം വര്‍ധനയാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്.

കേരളത്തില്‍ ഓണവില്പനയും ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഉത്സവകാലത്തിന്റെ തുടക്കവും വില്പനയെ സ്വാധീനിച്ചു. വരുംമാസങ്ങളില്‍ മെച്ചപ്പെട്ട വില്പന തുടരാനുള്ള ശുഭാരംഭം കുറിക്കാന്‍ ഓഗസ്റ്റ് വഴിയൊരുക്കുമെന്നാണ് വിപണിയുടെ വിശ്വാസം.

മാരുതിയുടെ മേധാവിത്വം

പതിവുപോലെ മാരുതി സുസൂക്കി തന്നെയാണ് ഒന്നാംസ്ഥാനത്ത്. ഓഗസ്റ്റില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്പനയില്‍ 35 ശതമാനം വര്‍ധന രേഖപ്പെടുത്താന്‍ കമ്പനിക്ക് സാധിച്ചു. ആഭ്യന്തര വിപണിയില്‍ ഇക്കാലയളവില്‍ വിറ്റത് 1,76,971 യൂണിറ്റുകളാണ്. മുന്‍വര്‍ഷം ഓഗസ്റ്റില്‍ ഇത് 1,31,278 യൂണിറ്റുകളായിരുന്നു. ജൂലൈയിലെ 1,96,203 യൂണിറ്റുകളെ അപേക്ഷിച്ച് വില്പന കുറയുകയും ചെയ്തു.

56% വളര്‍ച്ചയുമായി ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ഓഗസ്റ്റില്‍ 67,753 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 56 ശതമാനം വര്‍ധന. ആഭ്യന്തര വില്പന മുന്‍ വര്‍ഷത്തെ 41,001 യൂണിറ്റില്‍ നിന്ന് 65,253 യൂണിറ്റായി ഉയര്‍ന്നു.

ടാറ്റയുടെ ഇവി മോഡലുകളുടെ വില്പനയില്‍ 94 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2025 ഓഗസ്റ്റില്‍ വില്പന 8,540 യൂണിറ്റുകളായിരുന്നത് 16,549 യൂണിറ്റായി ഉയര്‍ന്നു.

മഹീന്ദ്രയ്ക്കും ഓഗസ്റ്റ് നേട്ടങ്ങളുടെ മാസമായിരുന്നു. ആഭ്യന്തര മാര്‍ക്കറ്റില്‍ 50 ശതമാനം വളര്‍ച്ചയോടെ 59,257 യൂണിറ്റുകള്‍ വിറ്റഴിച്ചു. കയറ്റുമതി കൂടി ഉള്‍പ്പെടുത്തിയാല്‍ വില്പന 61,167 യൂണിറ്റുകളാണ്.

ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഓഗസ്റ്റില്‍ ആഭ്യന്തര, കയറ്റുമതി ഉള്‍പ്പെടെ 65,796 യൂണിറ്റുകള്‍ വിറ്റഴിച്ചു. 8.8 ശതമാനം വര്‍ധന.

കിയ ഇന്ത്യ 48 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2025 ഓഗസ്റ്റില്‍ 19,608 യൂണിറ്റുകളായിരുന്നത് ഇത്തവണ 29,042 യൂണിറ്റുകളായി ഉയര്‍ന്നു.

India’s passenger vehicle market recorded strong year-on-year growth in August 2026, led by Maruti Suzuki, while Tata Motors and Mahindra posted sharp gains

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT