വാഹന പ്രേമികളുടെ എണ്ണം കൂടുതലാണെങ്കിലും ദുബൈ നഗരത്തില്‍ ഇലക്ട്രിക് കാറുകളോടുള്ള വിമുഖത മാറുന്നില്ല. യു.എ.ഇ സര്‍ക്കാരാകട്ടെ, ഇ.വി കളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ്. അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ പുറംതള്ളല്‍ കുറക്കുന്നതിന് ഇ.വികളിലേക്ക് മാറണമെന്ന ബോധവല്‍ക്കരണം സര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും വിവിധ കാരണങ്ങളാല്‍ ഇത്തരം വാഹനങ്ങളോട് ദുബൈയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും താല്‍പര്യം വരുന്നില്ല. യു.എ.ഇയില്‍ ആകെയുള്ളത് 8,000 രജിസ്റ്റര്‍ ചെയ്ത ഇലക്ട്രിക് വാഹനങ്ങളാണ് എന്നാണ് കണക്ക്. മൊത്തം വാഹനങ്ങളുടെ 1.3 ശതമാനം മാത്രം. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഇ.വികളുടെ എണ്ണം വര്‍ധിച്ചു വരുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ശതമാനമാണ് വളര്‍ച്ച. സര്‍ക്കാര്‍ നല്‍കുന്ന പ്രോല്‍സാഹനമാണ് കാരണം.
ഇലക്ട്രിക് കാറുകളുടെ വര്‍ധിച്ച വില ഇവയോടുള്ള ജനങ്ങളുടെ താല്‍പര്യം കുറക്കുന്നതില്‍ പ്രധാന ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുബൈയില്‍ ഇ.വികളുടെ ശരാശരി വില രണ്ട് ലക്ഷം ദിര്‍ഹമാണ്. ഏതാണ്ട് 46 ലക്ഷം രൂപ. ജനപ്രിയ ബ്രാന്റുകള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ നാല് ലക്ഷം ദിര്‍ഹം വരെ വിലയുണ്ട്. മധ്യവര്‍ഗത്തിലുള്ളവര്‍ക്ക് ഇത് താങ്ങാനാവാത്ത വിലയാണ്. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ കുറവാണ് മറ്റൊരു കാരണം. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് സ്വന്തമായി ചാര്‍ജിംഗ് സംവിധാനമൊരുക്കുന്നതിന് പരിമിതികള്‍ ഉണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളുടെ ആയുസ് സംബന്ധിച്ച ആശങ്കകള്‍ ഇവിടെയുമുണ്ട്. ചൂടുകാലം കൂടുതലായതിനാല്‍ എ.സി കൂടുതല്‍ ഉപയോഗിക്കേണ്ടി വരുന്നത് ബാറ്ററികളുടെ ആയുസ്സ് കുറക്കും. ഇ.വികള്‍ക്ക് റീ സെയില്‍ വില കുറവാണെന്നതും വാഹന പ്രേമികളെ നിരുല്‍സാഹപ്പെടുത്തുന്നു.
പൊതുവാഹനങ്ങളുടെ എണ്ണം കൂടും
പൊതു ഗതാഗത രംഗത്ത് വൈദ്യുതി വാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദുബൈ ഭരണകൂടം പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ദുബൈ ടാക്‌സി കോര്‍പ്പറേഷന്‍ 250 പുതിയ ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ തീരുമാനിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഈ വാഹനങ്ങള്‍ കൂടി എത്തുന്നതോടെ ദുബൈ ടാക്‌സിക്ക് കീഴിലുള്ള വാഹനങ്ങളുടെ എണ്ണം 6,210 ആയി ഉയരും. 2050 ആകുമ്പോഴേക്കും ദുബൈയിലെ മൊത്തം വാഹനങ്ങളുടെ 50 ശതമാനം ഇലക്ട്രിക് വാഹനങ്ങള്‍ ആക്കുന്നതിനുള്ള പദ്ധതിയാണ് യു.എ.ഇ സര്‍ക്കാര്‍ നടപ്പാക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇ.വി വില്‍പ്പനയില്‍ 27.48 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്നും കണക്കാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine