ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ പഴയ വാഹനങ്ങളുടെ മൈലേജില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ കുറവുണ്ടാകാമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇ20 ഇന്ധനം ഉപയോഗിച്ചതിനെ തുടര്‍ന്ന് എന്‍ജിന്‍ തകരാറുകളോ വലിയ തോതിലുള്ള മറ്റ് കേടുപാടുകളോ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയില്‍ വ്യക്തമാക്കി.
20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോളാണ് ഇ20. ഇ10 ഇന്ധനത്തിനായി രൂപകല്‍പന ചെയ്ത പഴയ വാഹനങ്ങളില്‍ ഇ20 ഉപയോഗിക്കുമ്പോള്‍ ചെറിയ തോതില്‍ മൈലേജ് കുറയാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം അംഗീകരിച്ചു. എന്നാല്‍ ഇ20 ഉപയോഗം എന്‍ജിന്‍ തകരാറുകള്‍ക്ക് കാരണമാകുന്നുവെന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഇ10 ഇന്ധനം ഉപയോഗിക്കാന്‍ രൂപകല്‍പന ചെയ്ത വാഹനങ്ങളില്‍ ഇ20 പെട്രോള്‍ നിറയ്ക്കുമ്പോള്‍ മൈലേജില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ കുറവുണ്ടാകാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
അതേസമയം, വാഹനത്തിന്റെ ഇന്ധനക്ഷമതയെ ഇന്ധനത്തിന്റെ സ്വഭാവം മാത്രം അടിസ്ഥാനമാക്കി വിലയിരുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു. വാഹനത്തിന്റെ പരിപാലനം, ഡ്രൈവിംഗ് രീതി, ടയര്‍ പ്രഷര്‍, എയര്‍ കണ്ടീഷണറിന്റെ ഉപയോഗം തുടങ്ങിയ ഘടകങ്ങളും മൈലേജിനെ സ്വാധീനിക്കും.
രാജ്യത്ത് കഴിഞ്ഞ മൂന്നര വര്‍ഷമായി ഇ15 ഇന്ധനവും രണ്ടര വര്‍ഷത്തിലേറെയായി ഇ19, ഇ20 ഇന്ധനങ്ങളും വിതരണം ചെയ്യുന്നുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.
നിലവില്‍ 20 കോടിയിലധികം ഇരുചക്രവാഹനങ്ങളും മൂന്ന് കോടിയിലധികം പെട്രോള്‍ കാറുകളും എഥനോള്‍ കലര്‍ത്തിയ ഇന്ധനം ഉപയോഗിച്ച് പ്രശ്നങ്ങളില്ലാതെ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.
രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സര്‍വീസ് ചെയ്ത 2.84 കോടി വാഹനങ്ങളില്‍ ഏകദേശം 1.5 കോടി വാഹനങ്ങള്‍ക്കും ഇ20 സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ഇ20 ഉപയോഗം മൂലമുണ്ടായ പ്രത്യേക തകരാറുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ഇരുചക്രവാഹന നിര്‍മാതാക്കളുടെ സര്‍വീസ് ഡാറ്റയിലും ഇ20 മൂലം വാഹനങ്ങളില്‍ കൂടുതല്‍ തകരാറുകള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. നിര്‍മാതാക്കള്‍ നിലവിലുള്ള കമ്പനി വാറന്റി മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെ ക്ലെയിമുകള്‍ അനുവദിക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
പഴയ ഇന്ധനങ്ങളായ ഇ0 അല്ലെങ്കില്‍ ഇ10 പെട്രോളിലേക്ക് തിരിച്ചുപോകാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. രാജ്യത്തൊട്ടാകെയുള്ള ഒരു ലക്ഷത്തിലധികം പെട്രോള്‍ പമ്പുകളില്‍ ഒരേസമയം ഒന്നിലധികം തരത്തിലുള്ള പെട്രോള്‍ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് വലിയ ലോജിസ്റ്റിക്സ് വെല്ലുവിളിയും അധിക ചെലവും സൃഷ്ടിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI), നീതി ആയോഗ്, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് (SIAM) തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തിയ പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് രാജ്യത്ത് ഇ20 പെട്രോള്‍ നടപ്പാക്കിയതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine