Image : atherenergy.com/ 
Auto

സബ്‌സിഡി വെട്ടി കേന്ദ്രം: ഇലക്ട്രിക് ടൂവീലര്‍ വില്‍പ്പന ഇടിഞ്ഞു

ജൂണിലെ വില്‍പ്പന മോശം

Dhanam News Desk

രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പന കുത്തനെ കുറയുന്നു. ഈ മാസം ഇതുവരെ വിറ്റഴിഞ്ഞത് 11,862 ഇലക്ട്രിക് സ്‌കൂട്ടറുകളാണെന്ന് 'പരിവാഹന്‍' രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. മേയിലെ 44,700 എണ്ണത്തേക്കാള്‍ നാലിലൊന്നായാണ് വില്‍പ്പന കൂപ്പുകുത്തിയത്. കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറച്ചതാണ് തിരിച്ചടിയായത്. 2022 ഫെബ്രുവരിക്ക് ശേഷം ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന ഇടിയുന്നത് ആദ്യമാണ്. 

വില്‍പ്പന തിരിച്ചുവരുമോ?

ഇരുചക്ര വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന ഈ മാസം 30,000 കടക്കില്ലെന്നാണ് സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സിന്റെ(SMEV) വിലയിരുത്തല്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്ര വാഹന വില്‍പ്പന 23 ലക്ഷം കടക്കുമെന്ന് നീതി ആയോഗ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നീതി ആയോഗിന്റെ പ്രതീക്ഷയുടെ 60 ശതമാനത്തില്‍ കൂടുതല്‍ നേടാനാകില്ലെന്ന് എസ്.എം.ഇ.വി പറയുന്നു. ഇനിയുള്ള ദിവസങ്ങളില്‍ നാലിരട്ടി വില്‍പ്പന നടന്നാല്‍ മാത്രമാണ് മേയ് മാസത്തെ വില്‍പ്പനയ്‌ക്കൊപ്പമെത്താന്‍ സാധിക്കുക.

എന്നാല്‍ ഇരുചക്ര വൈദ്യുത വാഹന വിപണിയിലെ ഈ മാന്ദ്യം അധിക നാള്‍ നീളില്ലെന്നും  ഈ വര്‍ഷം തന്നെ അതിവേഗം വില്‍പ്പന തിരിച്ചുകയറുമെന്നാണ് പ്രതീക്ഷയെന്നും വാഹന നിര്‍മ്മാതാക്കള്‍ പറയുന്നു.

പ്രീമിയം വിഭാഗത്തിന് തിരിച്ചടി

ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രീമിയം സ്‌കൂട്ടര്‍ വിഭാഗത്തെയാണ് സബ്‌സിഡിയിലെ കുറവ് കൂടുതലായി ബാധിച്ചിരിക്കുന്നത്. വാഹന്‍ പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങളനുസരിച്ച് ഈ വിഭാഗത്തിലെ വില്‍പ്പന മൂന്നക്കത്തിലേക്ക് ചുരുങ്ങിയിട്ടുണ്ട്. ടി.വി.എസ് മോട്ടോഴ്‌സിന്റെ വില്‍പ്പന മേയ് മാസത്തെ 17,842 ല്‍ നിന്ന് വെറും 762 ആയി കുറഞ്ഞു. ബജാജ് ഓട്ടോയുടെ വില്‍പ്പന 9,224 ല്‍ നിന്ന് 425 ആയും കുറഞ്ഞു. ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ തുടക്കക്കാരായ ഹീറോ മോട്ടോകോര്‍പ്പിന്റെ ജൂണ്‍ മാസം ഇതുവരെയുള്ള വില്‍പ്പന വെറും 23 യൂണിറ്റാണ്. മേയില്‍ 724 വാഹനങ്ങള്‍ വിറ്റിരുന്നു.

ഇരുചക്ര വൈദ്യുത വാഹന വിപണിയിലെ മുന്‍നിര കമ്പനിയായ ഓല ഇലക്ട്രിക്കിന്റെ വില്‍പ്പനയിലും വലിയ കുറവുണ്ട്. മേയില്‍ 24,646 വാഹനങ്ങള്‍ വിറ്റ സ്ഥാനത്ത് ജൂണ്‍ ഇതു വരെ 5,150 എണ്ണം മാത്രമാണ് വിറ്റഴിച്ചത്. മേയില്‍ വിഹനവില്‍പ്പനയില്‍ കാര്യമായ വളര്‍ച്ച നേടിയ ഏഥറിന് ജൂണില്‍ ഇത് വരെ വില്‍ക്കാനായത് 1127 വാഹനങ്ങളാണ്. 14,271 വാഹനങ്ങളാണ് മേയില്‍ വിറ്റഴിച്ചത്. ഹീറോ ഇലക്ട്രിക്കും ഒക്കിനാവയും ചേര്‍ന്ന് മേയില്‍ 4,479 വാഹനങ്ങള്‍ വിറ്റഴിച്ചത് ജൂണില്‍ 1657 ആയി കുറഞ്ഞു.

സബ്‌സിഡി വെട്ടിക്കുറച്ച കേന്ദ്ര നടപടി ബാധിച്ചു

കഴിഞ്ഞ മാസമാണ് കേന്ദ്രസര്‍ക്കാര്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) - 2 സബ്സിഡി എക്സ്ഷോറൂം വിലയുടെ പരമാവധി 40 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി വെട്ടിച്ചുരുക്കിയത്. കിലോ വാട്ട് അവറിന് (കെ.ഡബ്ള്യു.എച്ച്) 15,000 രൂപയായിരുന്നത് 10,000 രൂപയായും കുറച്ചു. ഇതേ തുടര്‍ന്ന് ജൂലൈ ഒന്നു മുതല്‍ ഏഥര്‍, ഓല, ടി.വി.എസ്, ബജാജ് തുടങ്ങിയ കമ്പനികള്‍ വിവിധ മോഡലുകള്‍ക്കനുസരിച്ച് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില 6,000 രൂപ മുതല്‍ 32,000 രൂപ വരെ വർധിപ്പിച്ചിരുന്നു. ഇതാണ് വില്‍പ്പനയെ ബാധിച്ചത്.  വില ഉയരുന്നതിനു മുന്‍പ് സ്‌കൂട്ടറുകള്‍ സ്വന്തമാക്കാന്‍ ആളുകള്‍ ശ്രമിച്ചത് മേയ് മാസത്തെ വില്‍പ്പന ഉയർത്തുകയും ചെയ്തു. സബ്‌സിഡിയിലെ കുറവ് വരുത്തിയ നഷ്ടത്തിന്റെ നല്ലൊരു ഭാഗം കമ്പനികള്‍ തന്നെ വഹിക്കുന്നുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT