Auto

യൂറോപ്പില്‍ ഇവി വിപ്ലവം കത്തിക്കയറുന്നു; ആദ്യ എട്ടുമാസത്തില്‍ വിറ്റഴിച്ചത് 16.7 ലക്ഷം ഇലക്ട്രിക് കാറുകള്‍!

വാഹന വില്‍പന അതിവേഗം ഉയരുമ്പോഴും ആവശ്യത്തിന് ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ ഒരുക്കാന്‍ യൂറോപ്പിന് ഇതുവരെ സാധിച്ചിട്ടില്ല

Dhanam News Desk

യൂറോപ്പില്‍ ഇലക്ട്രിക് വാഹന (ഇവി) വിപണി വന്‍ കുതിപ്പിലേക്ക്. 2026 ഓഗസ്റ്റില്‍ മാത്രം പ്രധാനപ്പെട്ട 16 യൂറോപ്യന്‍ വിപണികളില്‍ വിറ്റഴിച്ച പുതിയ കാറുകളില്‍ 30.5 ശതമാനവും പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രജിസ്‌ട്രേഷനില്‍ 54.2 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള എട്ടുമാസത്തിനിടെ യൂറോപ്പിലാകെ 16.7 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തുകളിലിറങ്ങിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും റഷ്യ-യുക്രെയ്ന്‍ യുദ്ധവും യൂറോപ്പിനെ മാറ്റിചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പ്രവചനങ്ങളെയും ഞെട്ടിച്ചു

യൂറോപ്യന്‍ യൂണിയനില്‍ 2026ല്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വിഹിതം 23 ശതമാനത്തിലെത്തുമെന്നായിരുന്നു ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ പ്രവചനം. യൂറോപ്പിലാകെ ഏകദേശം 21 ശതമാനം വിഹിതമാണ് ഗവേഷണ സ്ഥാപനമായ റോ മോഷന്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ ഓഗസ്റ്റില്‍ മാത്രം വിപണി വിഹിതം 30.5 ശതമാനത്തിലെത്തിയതോടെ ഈ പ്രവചനങ്ങള്‍ മറികടന്നു.

മുന്നില്‍ ജര്‍മനിയും ഫ്രാന്‍സും

ഓഗസ്റ്റില്‍ ജര്‍മനിയില്‍ 68,980 ബാറ്ററി ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. രാജ്യത്തെ പുതിയ കാര്‍ വിപണിയുടെ 32.5 ശതമാനമാണിത്. പഴയ സബ്സിഡി പദ്ധതി പെട്ടെന്ന് അവസാനിപ്പിച്ചതിനെ തുടര്‍ന്ന് 2023 അവസാനത്തിലും 2024ന്റെ തുടക്കത്തിലും ജര്‍മന്‍ ഇലക്ട്രിക് വാഹന വിപണി തിരിച്ചടി നേരിട്ടിരുന്നു.

300 കോടി യൂറോയുടെ പുതിയ പ്രോത്സാഹന പദ്ധതിയാണ് വിപണിയുടെ തിരിച്ചുവരവിന് സഹായിച്ചത്. കുടുംബങ്ങളുടെ വരുമാനമനുസരിച്ച് 1,500 യൂറോ മുതല്‍ 6,000 യൂറോ വരെയാണ് പദ്ധതിയിലൂടെ ലഭിക്കുന്ന സഹായം. ഇത് വില്പന വലിയതോതില്‍ ഉയരാന്‍ കാരണമായി.

ഫ്രാന്‍സില്‍ ഓഗസ്റ്റിലെ ഇവി വിഹിതം 38.3 ശതമാനത്തിലെത്തി. 36,159 വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 200 യൂറോയില്‍ താഴെ തുകയ്ക്ക് ഇലക്ട്രിക് കാര്‍ ലഭ്യമാക്കുന്ന സോഷ്യല്‍ ലീസിംഗ് പദ്ധതിയാണ് വളര്‍ച്ചയ്ക്ക് കരുത്തായത്.

നോര്‍വേയില്‍ പുതിയ കാര്‍ വില്‍പനയുടെ 98.7 ശതമാനവും ബാറ്ററി ഇലക്ട്രിക് വാഹനങ്ങളാണ്. ഡെന്‍മാര്‍ക്ക് 85.9 ശതമാനം, ഫിന്‍ലന്‍ഡ് 52.3 ശതമാനം, നെതര്‍ലന്‍ഡ്സ് 48.9 ശതമാനം, ബെല്‍ജിയം 46.2 ശതമാനം, പോര്‍ച്ചുഗല്‍ 36.1 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രധാന വിപണികളുടെ വിഹിതം.

ചൈനീസ് കമ്പനികളുടെ കുതിപ്പ്

യൂറോപ്യന്‍ ഇലക്ട്രിക് വാഹന വിപണിയിലെ വളര്‍ച്ചയ്ക്ക് ചൈനീസ് കമ്പനികളുടെ മത്സരവും പ്രധാന ഘടകമാണ്. 2026ന്റെ ആദ്യ ആറുമാസത്തില്‍ ചൈനീസ് ബ്രാന്‍ഡുകള്‍ യൂറോപ്പില്‍ ഏകദേശം 6.63 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 107 ശതമാനം വര്‍ധനയാണിത്. വില കുറച്ചുള്ള മത്സരമാണ് ചൈനീസ് കമ്പനികളുടെ ഡിമാന്‍ഡ് ഉയര്‍ത്തുന്നത്.

യൂറോപ്യന്‍ കാര്‍ വിപണിയില്‍ ചൈനീസ് കമ്പനികളുടെ സംയുക്ത വിഹിതം 4.5 ശതമാനത്തില്‍നിന്ന് 9.2 ശതമാനമായി ഉയര്‍ന്നു. ബിവൈഡി ആദ്യ പകുതിയില്‍ ഏകദേശം 1.73 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് 145 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തി. ലീപ്പ്‌മോട്ടറും അതിവേഗ വളര്‍ച്ച നേടി.

യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി തീരുവ നിലനില്‍ക്കുമ്പോഴും കുറഞ്ഞ ഉല്‍പാദനച്ചെലവും ബാറ്ററി നിര്‍മാണത്തിലെ മേല്‍ക്കൈയും ചൈനീസ് കമ്പനികള്‍ക്ക് നേട്ടമാകുന്നു. തീരുവ ഒഴിവാക്കുന്നതിനായി ബിവൈഡി ഉള്‍പ്പെടെയുള്ള കമ്പനികള്‍ യൂറോപ്പില്‍ തന്നെ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ്.

ചാര്‍ജിംഗ് ശൃംഖല പ്രധാന വെല്ലുവിളി

വാഹന വില്‍പന അതിവേഗം ഉയരുമ്പോഴും ആവശ്യത്തിന് ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ ഒരുക്കാന്‍ യൂറോപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. നിലവില്‍ യൂറോപ്യന്‍ യൂണിയനില്‍ ഏകദേശം 9.10 ലക്ഷം പൊതു ചാര്‍ജിംഗ് പോയിന്റുകളാണുള്ളത്. 2030ഓടെ 35 ലക്ഷം ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ് യൂറോപ്യന്‍ കമ്മീഷന്റെ ലക്ഷ്യം.

എന്നാല്‍ വാഹനങ്ങളുടെ വളര്‍ച്ച കണക്കിലെടുക്കുമ്പോള്‍ 2030ഓടെ 88 ലക്ഷം ചാര്‍ജിംഗ് പോയിന്റുകള്‍ ആവശ്യമായി വരുമെന്നാണ് യൂറോപ്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ വിലയിരുത്തല്‍. ഇതിനായി ഓരോ വര്‍ഷവും ഏകദേശം 12 ലക്ഷം പുതിയ ചാര്‍ജറുകള്‍ സ്ഥാപിക്കണം. നിലവില്‍ വര്‍ഷത്തില്‍ ഏകദേശം 1.5 ലക്ഷം ചാര്‍ജറുകള്‍ മാത്രമാണ് പുതുതായി സ്ഥാപിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT