canva, tata , mg
Auto

ഇ.വി വാങ്ങാന്‍ വമ്പന്‍ തിരക്ക്, ആദ്യ മൂന്നില്‍ കേരളവും! പത്തിലൊരു വണ്ടി മലയാളിക്ക് സ്വന്തം, ലീഡര്‍ ടാറ്റ തന്നെ; എം.ജി വിന്‍സറിന് ചൂടന്‍ വില്‍പ്പന

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസത്തെ ഇ.വി കാറുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ മൊത്ത വില്‍പ്പനയെ മറികടന്നു

Dhanam News Desk

ഒക്ടോബറിലെ ഇ.വി യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ റെക്കോഡ് കുതിപ്പ്. ഇലക്ട്രിക്ക് കാറുകളുടെ ചില്ലറ വില്‍പ്പന ഒക്ടോബറില്‍ 18,055 യൂണിറ്റിലെത്തിയെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ (ഫാഡ) കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 11,464 യൂണിറ്റുകള്‍ വിറ്റിടത്ത് നിന്നാണ് 57 ശതമാനം കുതിപ്പ്. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കിയത് ഇ.വികളുടെ വില്‍പ്പനയെ ബാധിച്ചേക്കുമെന്ന ആശങ്ക വാഹന ലോകത്തിനുണ്ടായിരുന്നു. എന്നാല്‍ ആശങ്ക മറികടക്കുന്ന വില്‍പ്പനയാണ് ഒക്ടോബറിലുണ്ടായത്.

ഇ.വി കാറുകളുടെ വില്‍പ്പനയില്‍ ടാറ്റ മോട്ടോര്‍സ് തന്നെയാണ് ഇക്കുറിയും മുന്നില്‍. മുന്‍ വര്‍ഷത്തേക്കാള്‍ 10 ശതമാനം വളര്‍ച്ചയോടെ 7,239 യൂണിറ്റുകളാണ് ടാറ്റയുടെ ഷോറൂമുകളില്‍ നിന്ന് പുറത്തിറങ്ങിയത്. 4,549 യൂണിറ്റുകള്‍ വിറ്റ എം.ജി മോട്ടോര്‍സാണ് തൊട്ടുപിന്നില്‍. മുന്‍വര്‍ഷത്തേക്കാള്‍ 63 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 3,911 യൂണിറ്റുകള്‍ വിറ്റ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് മൂന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ വെറും 995 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വിറ്റത്. കിയ 656 യൂണിറ്റുകളും ബി.വൈ.ഡി 570 യൂണിറ്റും വിറ്റതായി കണക്കുകള്‍ പറയുന്നു.

ഇ.വി വ്യാപനം കൂടി

അതേസമയം, നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴ് മാസത്തെ ഇ.വി കാറുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ മൊത്ത വില്‍പ്പനയെ മറികടന്നതായും കണക്കുകള്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2024-25) 1,17,072 യൂണിറ്റ് ഇ.വികളാണ് വിറ്റത്. ഇക്കുറി ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള വില്‍പ്പന 1,19,332 യൂണിറ്റ് പിന്നിട്ടതായാണ് വാഹന്‍ പോര്‍ട്ടലിലെ കണക്ക്. ഇലക്ട്രിക്ക് കാര്‍ വിപണിയിലെ 88 ശതമാനവും ടാറ്റ, എം.ജി, മഹീന്ദ്ര എന്നീ മൂന്ന് കമ്പനികളുടെ പക്കലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

മുന്നില്‍ കേരളവും

വില്‍പ്പന കണക്കില്‍ മുന്നില്‍ മഹാരാഷ്ട്രയാണ്. 20,098 യൂണിറ്റുകളാണ് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഒക്ടോബര്‍ വരെ ഇവിടെ വിറ്റത്. 12,660 യൂണിറ്റുകളുമായി കര്‍ണാടക രണ്ടാം സ്ഥാനത്തും 11,672 യൂണിറ്റുമായി കേരളം മൂന്നാം സ്ഥാനത്തുമുണ്ട്. ആകെ വിറ്റ ഇ.വി കാറുകളില്‍ 10.61 ശതമാനവും കേരളത്തിലാണ്. എന്നാല്‍ ഇ.വി വ്യാപനത്തില്‍ കേരളത്തിനാണ് രണ്ടാം സ്ഥാനം. തെലങ്കാന ഒന്നാം സ്ഥാനത്തും ഡല്‍ഹി മൂന്നാം സ്ഥാനത്തുമാണ്. 8.2 ശതമാനമാണ് കേരളത്തിലെ ഇ.വി വ്യാപനം. ആകെ വില്‍ക്കപ്പെടുന്ന വാഹനത്തില്‍ ഇ.വികളുടെ ശതമാനം കണക്കാക്കിയാണ് ഇ.വി വ്യാപനം (EV penetration) കണ്ടെത്തുന്നത്.

ഇരുചക്രത്തില്‍ മെല്ലപ്പോക്ക്

യാത്രാ വാഹനങ്ങളുടെ വില്‍പ്പന റെക്കോഡിലേക്ക് കുതിച്ചെങ്കിലും ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന വലിയ വര്‍ധന രേഖപ്പെടുത്തിയിട്ടില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം വര്‍ധനയാണ് ഒക്ടോബറിലെ വില്‍പ്പനയിലുണ്ടായത്. ആകെ 1,43,887 യൂണിറ്റുകളാണ് ഒക്ടോബറില്‍ വിറ്റത്. 31,426 യൂണിറ്റുകളുമായി ബജാജ് ഓട്ടോയാണ് മുന്നില്‍. 29,515 യൂണിറ്റുകളുമായി ടി.വി.എസ് മോട്ടോര്‍ രണ്ടാമതായി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ടി.വി.എസ് ആയിരുന്നു മുന്നില്‍. മൂന്നാം സ്ഥാനത്ത് ഏതര്‍ എനര്‍ജിയാണ് (28,101 യൂണിറ്റുകള്‍). ഒരുകാലത്ത് വിപണിയിലെ വമ്പന്മാരായിരുന്ന ഒല ഇലക്ട്രിക്ക് നാലാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍ ഹീറോ മോട്ടോകോര്‍പ്പും ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുമുണ്ട്.

ടോപ്പ് സെല്ലിംഗ് മോഡല്‍

ലോഞ്ച് ചെയ്ത് 400 ദിവസത്തിനുള്ളില്‍ അരലക്ഷം യൂണിറ്റുകള്‍ വിറ്റ ഇ.വി മോഡലെന്ന പദവി സ്വന്തമാക്കി എം.ജി വിന്‍സര്‍ (MG Windsor). ഇതോടെ രാജ്യത്തെ ഫാസ്റ്റസ്റ്റ് സെല്ലിംഗ് ഇ.വി മോഡലായി എം.ജി വിന്‍സര്‍ മാറിയെന്ന് കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എം.ജി മോട്ടോര്‍സ് വിന്‍സറിനെ ഇന്ത്യന്‍ നിരത്തിലെത്തിക്കുന്നത്. എം.ജിയുടെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ മണിക്കൂറിലും 5 യൂണിറ്റുകളെങ്കിലും നിരത്തിലെത്തി. ബാറ്ററിയുടെ പണം മുഴുവനായി കൊടുക്കാതെ വാടക നല്‍കി ഉപയോഗിക്കാന്‍ കഴിയുന്ന ബാറ്ററി ആസ് എ സര്‍വീസ് പദ്ധതി അവതരിപ്പിച്ചതാണ് വിന്‍സറിനെ ജനപ്രിയമാക്കിയതെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം മികച്ച പവര്‍ ഫിഗറുകളും ഇന്ത്യക്കാര്‍ക്ക് പരിചിതമല്ലാത്ത ഡിസൈനും ഇന്റീരിയറിലെ പ്രീമിയം ഫീച്ചറുകളും വില്‍പ്പന കൂട്ടാന്‍ സഹായിച്ചു. രാജ്യത്തെ ചെറുപട്ടണങ്ങളിലേക്ക് കൂടി ഡീലര്‍ഷിപ്പുകള്‍ വര്‍ധിപ്പിച്ചതും ചാര്‍ജിംഗ് ശൃംഖല വിപുലമാക്കിയതും ഗുണം ചെയ്‌തെന്നും എം.ജി കരുതുന്നു.

EV retail sales in India jumped sharply in October, with passenger EVs up 57% and Kerala ranking among the top three states for fastest-growing electric mobility adoption.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT