ആഗോള അത്യാഡംബര സ്പോർട്സ് കാർ നിർമ്മാതാക്കളായ ഫെരാരി (Ferrari) ഇന്ത്യയിലേക്കുള്ള വാഹന വിതരണം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. രാജ്യത്ത് ഫെരാരി കാറുകൾക്കുള്ള ആവശ്യകത അതിവേഗം വർദ്ധിക്കുന്നതും, ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) വഴി ഇറക്കുമതി തീരുവ കുറയുമെന്ന പ്രതീക്ഷയുമാണ് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
വാഹൻ (Vahan) പോര്‍ട്ടലിലെ വിവരങ്ങൾ അനുസരിച്ച്, 2024-ലെ 35 യൂണിറ്റുകളിൽ നിന്ന് 28.6% വളർച്ചയോടെ 2025-ൽ ഫെരാരി രജിസ്ട്രേഷനുകൾ 45 യൂണിറ്റുകളായി ഉയർന്നു. 2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ആദ്യ 9 മാസങ്ങളിൽ തന്നെ രജിസ്ട്രേഷൻ 45 യൂണിറ്റുകളിൽ എത്തി. ആഗോളതലത്തിൽ കമ്പനിയുടെ വിൽപനയിൽ നേരിയ കുറവുണ്ടായപ്പോഴും ഇന്ത്യയിലെ ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത് കൂടുതൽ വാഹനങ്ങൾ അനുവദിക്കാൻ (Vehicle Allocation) കമ്പനി സജ്ജമാണെന്ന് ഫെരാരി അധികൃതര്‍ വ്യക്തമാക്കി.
നിലവിൽ ന്യൂഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനി ഷോറൂം ശൃംഖല 2026 അവസാനത്തോടെ അഹമ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. കൂടാതെ, ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകുന്നതിനായി റീജിയണൽ പ്രവർത്തന ഘടനയിലും കമ്പനി പരിഷ്കാരം വരുത്തിയിട്ടുണ്ട്.
എഫ്.ടി.എ (FTA) നൽകുന്ന പ്രതീക്ഷകൾ: ഇന്ത്യ-ഇ.യു വ്യാപാര കരാര്‍ നടപ്പിലാകുന്നതോടെ നിശ്ചിത ക്വാട്ടയിൽ ഉൾപ്പെടുന്ന വാഹനങ്ങളുടെ ഇറക്കുമതി തീരുവ തുടക്കത്തിലെ 30-35 ശതമാനത്തിൽ നിന്ന് ഘട്ടങ്ങളായി 10 ശതമാനമായി കുറയും. ഇത് വാഹനങ്ങളുടെ വിലയിൽ അനുകൂലമായ മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.
Read DhanamOnline in English
Subscribe to Dhanam Magazine