Image courtesy: RM Sotheby's
Auto

ഫെരാരിയുടെ ആദ്യ ഇ.വി കാര്‍ ലേലത്തില്‍ പോയത് ₹382 കോടിക്ക്! തനിമ നഷ്ടപ്പെടുമെന്ന വിമര്‍ശനം ആരു കേള്‍ക്കുന്നു!

വിമർശനങ്ങൾ നവീകരണത്തിന്റെ ഭാഗമാണെന്നും ഭാവിയിൽ ആളുകൾ ഈ മാറ്റത്തെ വിലമതിക്കുമെന്നും കമ്പനിയുടെ ചീഫ് ഡിസൈൻ ഓഫീസർ

Dhanam News Desk

ഫെരാരിയുടെ ചരിത്രത്തിലെ ആദ്യ ഇലക്ട്രിക് കാറായ 'ഫെരാരി ലൂസ്' (Ferrari Luce) കാലിഫോർണിയയിലെ ആർ.എം. സോത്ത്ബീസ് (RM Sotheby's) ലേലത്തിൽ 40 മില്യൺ ഡോളറിന് (ഏകദേശം 382.66 കോടി രൂപ) വിറ്റു. ഒരു പുതിയ വാഹനം ലേലത്തിൽ വിൽക്കുന്ന റെക്കോർഡ് തുകയാണിത്. ചാരിറ്റി ലേലത്തിൽ വിൽക്കപ്പെട്ട ഈ വാഹനം, സാധാരണ വിലയേക്കാൾ 35 മടങ്ങ് അധികം തുകയാണ് സമാഹരിച്ചത്.

രൂപകൽപ്പനയും പ്രത്യേകതകളും

മുൻ ബ്രിട്ടീഷ് ഐഫോൺ ഡിസൈനർ സർ ജോണി ഐവ് (Sir Jony Ive) ആണ് ഈ വാഹനത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രം. ഇലോൺ മസ്‌കിന്റെ ടെസ്‌ലയും ചൈനീസ് കമ്പനികളും ആധിപത്യം പുലർത്തുന്ന ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള ഫെരാരിയുടെ ആദ്യ പ്രവേശനം കൂടിയാണിത്. വെള്ള നിറത്തിലുള്ള ഫിനിഷും, കസ്റ്റമൈസ്ഡ് ബ്രേക്കുകളും, പ്രത്യേക തരം ചക്രങ്ങളും അടങ്ങിയ സവിശേഷമായ രീതിയിലാണ് ലേലത്തിൽ പോയ ഈ കാർ നിർമ്മിച്ചിരിക്കുന്നത്.

വിമർശനങ്ങളും നേട്ടങ്ങളും

കഴിഞ്ഞ മെയ് മാസത്തിൽ പുറത്തിറങ്ങിയ ലൂസിന് വലിയ തോതിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. പരമ്പരാഗത ഡിസൈനുകളിൽ നിന്ന് വ്യതിചലിച്ചതും, ബാറ്ററിയിൽ പ്രവർത്തിക്കുന്നതും, അഞ്ച് സീറ്റുകൾ ഉള്ളതുമായ ഈ വാഹനം ഫെരാരിയുടെ തനിമ നഷ്ടപ്പെടുത്തിയെന്ന് ചിലർ വാദിച്ചു. ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മാറ്റിയോ സാൽവിനിയും മുൻ ഫെരാരി ചെയർമാൻ ലൂക്കാ കോർഡെറോ ഡി മോണ്ടെസെമോളോയും ഇതിനെ വിമർശിച്ചവരിൽ ഉൾപ്പെടുന്നു. ഇതിനെത്തുടർന്ന് വിപണിയിൽ ഫെരാരിയുടെ ഓഹരി വിലയിൽ ഇടിവുണ്ടാവുകയും ചെയ്തു. എന്നാൽ, ചൈനയിൽ നിന്നുള്ള ശക്തമായ ഡിമാൻഡ് കാരണം ഈ വർഷത്തെ തങ്ങളുടെ വിൽപന ലക്ഷ്യം കൈവരിക്കാൻ ഫെരാരിക്ക് സാധിച്ചു.

ലേലത്തിൽ ലഭിച്ച തുക മുഴുവൻ ഫെരാരി ഫൗണ്ടേഷന്റെ വിദ്യാഭ്യാസ പരിപാടികൾക്കായി സംഭാവന ചെയ്യുമെന്ന് സോത്ത്ബീസ് അറിയിച്ചു. ലേലം വാങ്ങിയ ആളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. വിമർശനങ്ങൾ നവീകരണത്തിന്റെ ഭാഗമാണെന്നും ഭാവിയിൽ ആളുകൾ ഈ മാറ്റത്തെ വിലമതിക്കുമെന്നുമാണ് കമ്പനിയുടെ ചീഫ് ഡിസൈൻ ഓഫീസർ ഫ്ലാവിയോ മാൻസോണിയുടെ പക്ഷം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT