Image : ford.com 
Auto

തിരുമ്പിവരുവേന്‍ എന്ന് സൊല്ല്! സാക്ഷാല്‍ ഫോഡ് എന്‍ഡവര്‍; ടൊയോട്ട ഫോര്‍ച്യൂണറിന് വെല്ലുവിളി

ഇന്ത്യയില്‍ ഫോഡ് എന്‍ഡവറിന് വീണ്ടും പേറ്റന്റ്

Dhanam News Desk

ആഗോള വാഹന നിര്‍മ്മാണരംഗത്തെ പ്രമുഖ അമേരിക്കന്‍ ബ്രാന്‍ഡായ ഫോഡ് (Ford) ഒടുവില്‍ ഇന്ത്യയിലേക്ക് മടങ്ങിവരുന്നൂ. സെമികണ്ടക്ടര്‍ ക്ഷാമം ഉള്‍പ്പെടെയുള്ള തിരിച്ചടികളെ തുടര്‍ന്ന് 2021 സെപ്റ്റംബറിലാണ് ഫോഡ് കച്ചവടം അവസാനിപ്പിച്ച് ഇന്ത്യയില്‍ നിന്ന് പടിയിറങ്ങിയത്.

കച്ചവടം അവസാനിപ്പിച്ചെങ്കിലും ചെന്നൈയിലുള്ള ഫാക്ടറി ഫോഡ് മറ്റാര്‍ക്കും വിട്ടുകൊടുത്തിരുന്നില്ല. പിന്നീട് ഈ പ്ലാന്റിനായി ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് സമീപിക്കുകയും ഫോഡ് പ്ലാന്റ് വിറ്റേക്കുമെന്ന സൂചനകള്‍ ഉയരുകയും ചെയ്തിരുന്നു. എന്നാല്‍, അടുത്തിടെ പ്ലാന്റ് വില്‍പന നീക്കം ഉപേക്ഷിക്കുന്നതായി ഫോഡ് വ്യക്തമാക്കി.

വിദേശ വിപണികളിലുള്ള ഫോഡ് എന്‍ഡവറിന്റെ എവറസ്റ്റ് പതിപ്പ് 

ഫോഡിന്റെ ഈ നീക്കത്തിലൂടെ തന്നെ വാഹന ലോകത്തെ പാണന്മാര്‍ കാര്യം മനസ്സിലാക്കിയിരുന്നു, ഇത് മടങ്ങിവരവിന്റെ ആദ്യ പടിയാണെന്ന്. ഇപ്പോഴിതാ, മടങ്ങിവരവിന്റെ ആക്കംകൂട്ടി വിഖ്യാത മോഡലായ എന്‍ഡവറിന് (Ford Endeavour) ഇന്ത്യയില്‍ പേറ്റന്റ് സ്വന്തമാക്കിയിരിക്കുകയാണ് ഫോഡ്.

മൂന്നാമത്തെ അമേരിക്കന്‍ ബ്രാന്‍ഡ്

സെമികണ്ടക്ടര്‍ ക്ഷാമം, ലാഭക്കുറവ്, പുതിയ മോഡലുകളില്ലാത്തത് തുടങ്ങിയ കാരണങ്ങളാലാണ് 2021 സെപ്റ്റംബറില്‍ ഫോഡ് ഇന്ത്യയോട് ഗുഡ്‌ബൈ പറഞ്ഞത്. ഇന്ത്യയില്‍ നിന്ന് പടിയിറങ്ങിയ മൂന്നാമത്തെ അമേരിക്കന്‍ വാഹന ബ്രാന്‍ഡായും അതോടെ ഫോഡ് മാറി. ജനറല്‍ മോട്ടോഴ്‌സും (ഷെവര്‍ലെ), ഹാര്‍ലി-ഡേവിഡ്‌സണും അതിനുമുമ്പേ സ്ഥലംവിട്ടിരുന്നു.

ഏതാണ്ട് 25 വര്‍ഷത്തെ വില്‍പനയ്ക്ക് വിരാമമിട്ടായിരുന്നു ഫോഡിന്റെ മടക്കം. ചെന്നൈയ്ക്ക് പുറമേ ഗുജറാത്തിലെ സനന്ദിലും ഫോഡിന് പ്ലാന്റുണ്ടായിരുന്നു. ഗുജറാത്ത് പ്ലാന്റ് പിന്നീട് ടാറ്റാ മോട്ടോഴ്‌സ് വാങ്ങി. ഇന്ത്യയില്‍ തിരിച്ചുവരവ് ഉടനുണ്ടാകുമെന്ന സൂചന ശക്തമാക്കി ചെന്നൈ പ്ലാന്റിലേക്ക് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍, ടെക്‌നിക്കല്‍ ആങ്കര്‍, സീനിയര്‍ ഡേറ്റ എന്‍ജിനിയര്‍ തുടങ്ങി നിരവധി തസ്തികകളിലേക്ക് അപേക്ഷകളും ക്ഷണിച്ചിട്ടുണ്ട്.

നാലാംതലമുറ എന്‍ഡവറുമായി ഫോഡ് വരുന്നൂ

ഇന്ത്യന്‍ നിരത്തുകള്‍ ഇതുവരെ കണ്ട എസ്.യു.വികളില്‍ എന്നും മുന്‍നിര സ്ഥാനം അവകാശപ്പെടുന്ന മോഡലാണ് ഫോഡ് എന്‍ഡവര്‍. ഫോഡ് ഇന്ത്യയിലെ കച്ചവടം അവസാനിപ്പിച്ച് മൂന്നരവര്‍ഷം കഴിഞ്ഞെങ്കിലും എന്‍ഡവര്‍ ഇപ്പോഴും നിരത്തുകളിലെ നിത്യകാഴ്ചയാണ്.

എന്‍ഡവറിന്റെ നാലാംതലമുറ പതിപ്പിനുള്ള പേറ്റന്റാണ് ഫോഡ് ഇന്ത്യയില്‍ നേടിയത്. വിദേശത്ത് എവറസ്റ്റ് എന്ന പേരില്‍ കമ്പനി ഈ മോഡല്‍ വില്‍ക്കുന്നുണ്ട്. എന്‍ഡവറിന്റെ തനത് രൂപകല്‍പനാശൈലി നിലനിറുത്തിയിട്ടുണ്ട് നാലാം തലമുറയിലും എന്നാണ് കേള്‍ക്കുന്നത്.

എന്‍ഡവറിന്റെ അകത്തളം, ഇന്‍ഫോടെയ്ന്‍മെന്റ്

അതേസമയം, പഴയ തലമുറകളേക്കാള്‍ വലിപ്പം അല്‍പം കൂടുതലായിരിക്കുമെന്നും അറിയുന്നു. 50-60 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില വരുന്ന ശ്രേണിയില്‍ ടൊയോട്ടയുടെ ഫോര്‍ച്യൂണറിനോടാകും ഫോഡ് നാലാം തലമുറപ്പതിപ്പ് ഏറ്റുമുട്ടുക. 2024ലോ 2025ലോ പുത്തന്‍ ഫോഡ് എന്‍ഡവര്‍ വിപണിയിലെത്താനാണ് സാധ്യത.

വലിയ ഗ്രില്‍, മെട്രിക്‌സ് സി-ഷേപ്പ്ഡ് എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ്‌സ്, എല്‍ ആകൃതിയിലെ എല്‍.ഇ.ഡി ടെയ്ല്‍ലൈറ്റ്, അകത്തളത്തില്‍ മൂന്നുനിര സീറ്റുകള്‍, 12-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 12.4 ഇഞ്ച് ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് ക്ലസ്റ്റര്‍, 9 എയര്‍ബാഗുകള്‍ ഉള്‍പ്പെടെ ആധുനിക സുരക്ഷാ ഫീച്ചറുകള്‍ എന്നിങ്ങനെ നിരവധി മികവുകള്‍ പുതിയ എന്‍ഡവറില്‍ പ്രതീക്ഷിക്കുന്നു. 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 3.0 ലിറ്റര്‍ വി6 ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ പതിപ്പുകളുണ്ടായേക്കും. 4-വീല്‍ഡ്രൈവ്, 2-വീല്‍ഡ്രൈവ് ഓപ്ഷനുകളും പ്രതീക്ഷിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT