രാജ്യത്തെ ഓട്ടോമൊബൈല്‍ രംഗത്ത് റെക്കോഡിട്ട് 2025-26 സാമ്പത്തികവര്‍ഷം. ഒരു സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ വാഹന വില്പനയെന്ന നേട്ടം സ്വന്തമാക്കിയാണ് 2026 കടന്നുപോയത്. വില്പനയില്‍ മുന്‍ സാമ്പത്തികവര്‍ഷത്തേക്കാള്‍ 13.30 ശതമാനം വര്‍ധന രേഖപ്പെടുത്തി.
2,96,71,064 യൂണിറ്റുകളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം വിറ്റഴിഞ്ഞത്. 2025 സാമ്പത്തികവര്‍ഷം ഇത് 2,61,87,255 യൂണിറ്റുകളായിരുന്നുവെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (FADA) റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹന വിപണിയെ സംബന്ധിച്ച് വലിയ നേട്ടമാണിതെന്നും രണ്ടുവര്‍ഷം മുമ്പ് പ്രതിവര്‍ഷം മൂന്നുകോടി വാഹനങ്ങള്‍ക്ക് അടുത്ത് വിറ്റഴിക്കാമെന്നത് സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നുവെന്ന് ഫാഡ പ്രസിഡന്റ് സി.എസ് വിഗ്നേശ്വര്‍ വ്യക്തമാക്കി.
കോവിഡ് കാലത്തിനുശേഷം ഇരുചക്ര വാഹന വിപണിയുടെ വളര്‍ച്ച മന്ദഗതിയിലായിരുന്നു. എന്നാല്‍, കഴിഞ്ഞ സാമ്പത്തികവര്‍ഷം എല്ലാ പ്രവചനങ്ങളെയും കാറ്റില്‍പ്പറത്തുന്ന പ്രകടനമാണ് ടു വീലര്‍ സെഗ്മെന്റില്‍ രേഖപ്പെടുത്തിയത്. 13.40 ശതമാനം വര്‍ധനയോടെ 2.14 കോടി യൂണിറ്റുകളാണ് ഇരുചക്ര വിഭാഗത്തില്‍ രേഖപ്പെടുത്തിയത്.
ജിഎസ്ടി പരിഷ്‌കരണത്തിനൊപ്പം ഗ്രാമീണ മേഖലയില്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടായ മുന്നേറ്റമാണ് ഇരുചക്ര വാഹനങ്ങളുടെ വില്പന കുതിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. എന്‍ട്രി ലെവല്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വിലയില്‍ വലിയ കുറവുണ്ടായി. യുവാക്കള്‍ കൂടുതല്‍ സമ്പദിക്കാന്‍ തുടങ്ങിയതും വിപണിക്ക് കരുത്തായി.
പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ 47 ലക്ഷം യൂണിറ്റുകളെന്ന നേട്ടം ആദ്യമായി മറികടക്കാന്‍ സാധിച്ചു. 13 ശതമാനത്തിന്റെ വര്‍ധന. തൊട്ടുമുന്‍ സാമ്പത്തികവര്‍ഷം ഇത് 41.64 ലക്ഷം യൂണിറ്റായിരുന്നു. പുതിയ മോഡലുകള്‍ പുറത്തിറക്കിയതും നഗരവത്ക്കരണം വര്‍ധിച്ചതും കാര്‍ഷിക മേഖലയിലെ ഉണര്‍വും കാര്‍ വിപണിക്ക് കരുത്തായി.
മുചക്ര വാഹനങ്ങളുടെ സെഷനില്‍ 11.68 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ വിഭാഗത്തില്‍ വൈദ്യുത വാഹനങ്ങളാണ് വില്ക്കുന്നതിന്റെ 60 ശതമാനവും. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വിഭാഗത്തില്‍ ആദ്യമായി 10 ലക്ഷം യൂണിറ്റുകളെന്ന നേട്ടം പിന്നിടാനും സാധിച്ചു. ട്രാക്ടറുകളുടെ വില്പനയിലും കഴിഞ്ഞ സാമ്പത്തികവര്‍ഷം മികച്ച നേട്ടമാണുണ്ടായത്.
ഓരോ മാസത്തെയും വില്പനയില്‍ പുതിയ റെക്കോഡ് കുറിക്കാന്‍ 2026 മാര്‍ച്ച് മാസത്തിനായി. 25.28 ശതമാനം വില്പന വളര്‍ച്ചയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. ഓഫറുകള്‍ കുറഞ്ഞേക്കാമെന്ന ആശങ്കയില്‍ ഉപയോക്താക്കള്‍ തള്ളിക്കയറിയതാണ് പശ്ചിമേഷ്യന്‍ യുദ്ധത്തിനിടയിലും വില്പനയില്‍ ഉണര്‍വേകിയത്.
Read DhanamOnline in English
Subscribe to Dhanam Magazine