Auto

ഇവി വാങ്ങാന്‍ പ്ലാനുണ്ടോ? ₹5,000 വരെ കിഴിവ്; പിഎം ഇ-ഡ്രൈവ് സ്‌കീമില്‍ സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രം

ഒരു വാഹനത്തിന് 5,000 രൂപ വരെ കിഴിവ് ലഭിക്കും. 1.5 ലക്ഷം രൂപ വരെ വിലവരുന്ന ടൂവീലര്‍ ഇവികള്‍ക്കാണ് ഈ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുക

Dhanam News Desk

ഇരുചക്ര വൈദ്യുത വാഹന (EV) വില്‍പന പ്രോത്സാഹിപ്പിക്കാനുള്ള ഇന്‍സെന്റീവ് പദ്ധതിയായ പിഎം ഇ-ഡ്രൈവ് സ്‌കീം (PM E-Drive scheme) ദീര്‍ഘിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 2028 മാര്‍ച്ച് 31 വരെയാണ് സ്‌കീം നീട്ടിയത്. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പിഎം ഇ-ഡ്രൈവ് സ്‌കീം.

ഈ സ്‌കീമിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കുന്നതിനുള്ള സബ്സിഡി, ഇ-ബസുകള്‍, ഇ-ട്രക്കുകള്‍, ഇ-ആംബുലന്‍സുകള്‍ എന്നിവയുടെ പ്രോത്സാഹനം, രാജ്യത്തുടനീളം ചാര്‍ജിംഗ് സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ തുടങ്ങിയവയ്ക്കാണ് പ്രധാനമായും സഹായം നല്‍കുന്നത്. വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്ന സമയത്ത് തന്നെ സബ്സിഡി തുക വിലക്കുറവായി ലഭിക്കും. ഈ തുക പിന്നീട് കേന്ദ്ര സര്‍ക്കാര്‍ വാഹന നിര്‍മാതാക്കള്‍ക്ക് കൈമാറും.

മുമ്പ് പ്രഖ്യാപിച്ചിരുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള പിഎം ഇ-ഡ്രൈവ് ആനുകൂല്യത്തിന്റെ സമയപരിധി ജൂലൈ 31ന് അവസാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പദ്ധതി നീട്ടി ഉത്തരവായത്. പദ്ധതിക്കുള്ള വിഹിതവും കേന്ദ്രം വര്‍ധിപ്പിച്ചിട്ടുണ്ട്. 2,767 കോടി രൂപയാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. മുമ്പ് ഇത് 1,772 കോടി രൂപയായിരുന്നു. ഏകദേശം 1,000 കോടിയുടെ വര്‍ധന. ഇതോടെ പദ്ധതിയുടെ ആകെ വിഹിതം 10,900 കോടിയില്‍ നിന്ന് 11,900 കോടിയായി.

അര്‍ഹതയുള്ള ഇരുചക്ര വാഹനങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. 45,79,120 വാഹനങ്ങള്‍ക്ക് വരെ ഈ ആനുകൂല്യം ലഭിക്കും.

എത്രരൂപ വരെ ലാഭിക്കാം?

2028 മാര്‍ച്ച് വരെ പദ്ധതി നീട്ടിയത് രാജ്യത്തെ ഇവി വില്‍പനയ്ക്ക് ഉണര്‍വാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന് ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടിരുന്നു. ഒരു വാഹനത്തിന് 5,000 രൂപ വരെ കിഴിവ് ലഭിക്കും. 1.5 ലക്ഷം രൂപ വരെ വിലവരുന്ന ടൂവീലര്‍ ഇവികള്‍ക്കാണ് ഈ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുക.

വില്‍പനയില്‍ വന്‍ കുതിപ്പ്

ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സ്വീകാര്യത വേഗത്തില്‍ ഉയരുന്നതിനിടെയാണ് സബ്സിഡി കാലാവധി നീട്ടാനുള്ള തീരുമാനം. വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 2.53 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളായിരുന്നു വിറ്റത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 14.6 ലക്ഷമായി ഉയര്‍ന്നു.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമെ മുചക്ര വാഹനങ്ങള്‍, ഇലക്ട്രിക് ബസുകള്‍, ട്രക്കുകള്‍, ആംബുലന്‍സുകള്‍, ചാര്‍ജിംഗ് അടിസ്ഥാനസൗകര്യങ്ങള്‍ തുടങ്ങിയവയ്ക്കും പിഎം ഇ-ഡ്രൈവ് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. ഇലക്ട്രിക് ത്രീ-വീലറുകള്‍ക്കുള്ള വില്‍പന ലക്ഷ്യം പൂര്‍ത്തിയായതിനാല്‍ ആ വിഭാഗത്തിലെ സബ്സിഡി നേരത്തെ അവസാനിപ്പിച്ചിരുന്നു.

India has extended PM E-DRIVE incentives of up to ₹5,000 for eligible electric two-wheelers until March 31, 2028

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT