ജൂലൈ 31ന് ശേഷം പോലും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി തുടരാന്‍ കേന്ദ്ര ഖന വ്യവസായ മന്ത്രാലയം ആലോചിക്കുന്നതോടെ, ഇ-സ്‌കൂട്ടര്‍ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് വലിയ ആശ്വാസം. പിഎം ഇ-ഡ്രൈവ് പദ്ധതിയില്‍ ലക്ഷ്യങ്ങളെ മറികടന്ന് വില്‍പന കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍, വാഹനത്തിന് 5,000 രൂപ എന്ന നിലവിലെ സബ്സിഡി തുക മാറ്റമില്ലാതെ തന്നെ നീട്ടാന്‍ കേന്ദ്രം ശ്രമിക്കുന്നു.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് നല്‍കി വരുന്ന സബ്സിഡി കാലാവധി ജൂലൈ 31-ന് ശേഷവും നീട്ടി നല്‍കാന്‍ കേന്ദ്ര ഖന വ്യവസായ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് നിര്‍മിക്കുന്ന ഇ- സ്‌കൂട്ടറുകള്‍ക്കും ഇ- മോട്ടോര്‍ സൈക്കിളുകള്‍ക്കും ഈ ആനുകൂല്യം തുടര്‍ന്നും ലഭ്യമാക്കാനാണ് നീക്കം.
നിലവില്‍ 10,900 കോടി രൂപ മൊത്തം അടങ്കലുള്ള 'പിഎം ഇ-ഡ്രൈവ്' (PM E-Drive) പദ്ധതിയുടെ തുക വിവിധ വിഭാഗങ്ങള്‍ക്കായി പൂര്‍ണമായും വകയിരുത്തിക്കഴിഞ്ഞ സാഹചര്യത്തില്‍, സബ്സിഡി നീട്ടുന്നതിന് കേന്ദ്ര ബജറ്റില്‍ നിന്ന് അധിക തുക വകയിരുത്തേണ്ടി വരും. വാഹനം ഒന്നിന് നിലവില്‍ നല്‍കുന്ന 5,000 രൂപ സബ്സിഡി തുകയില്‍ മാറ്റമില്ലാതെ തന്നെ പദ്ധതി നീട്ടാനാണ് കേന്ദ്രം ആലോചിക്കുന്നത്.
2024 സെപ്റ്റംബറിലാണ് പിഎം ഇ-ഡ്രൈവ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി പ്രകാരം 25 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും വിപണിയില്‍ വന്‍ ഡിമാന്‍ഡ് അനുഭവപ്പെട്ടതോടെ വില്‍പന 27 ലക്ഷത്തിലെത്തി.
ഇലക്ട്രിക് മുച്ചക്ര വാഹന (e-3W) വിഭാഗത്തിലും വില്‍പന ലക്ഷ്യം മറികടന്നു. 2.89 ലക്ഷം വാഹനങ്ങള്‍ പദ്ധതി വഴി ലക്ഷ്യമിട്ട സ്ഥാനത്ത് 2.97 ലക്ഷം ഇ-മുച്ചക്ര വാഹനങ്ങളാണ് വിറ്റഴിഞ്ഞത്.
പിഎം ഇ-ഡ്രൈവ് പദ്ധതിയില്‍ ഇരുചക്ര വാഹനങ്ങളുടെ സബ്സിഡിക്കായി ആകെ 1,772 കോടി രൂപയാണ് മാറ്റി വെച്ചിരുന്നത്. ഇതില്‍ 1,259.91 കോടി രൂപ മാര്‍ച്ച് അവസാനത്തോടെ തന്നെ വിതരണം ചെയ്തു കഴിഞ്ഞു. മുച്ചക്ര വാഹനങ്ങള്‍ക്ക് വകയിരുത്തിയ 907 കോടി രൂപയില്‍ 737.35 കോടി രൂപയും ചെലവഴിച്ചു.
പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ തുക നീക്കിവെച്ചത് ഇലക്ട്രിക് ബസുകള്‍ക്കാണ് - 14,028 ഇ-ബസുകള്‍ക്കായി 4,391 കോടി രൂപ. ഇതില്‍ ആദ്യ ഘട്ട ടെന്‍ഡറിലെ 10,900 ബസുകളും രണ്ടാം ഘട്ടത്തിലെ 2,900 ബസുകളും ഉള്‍പ്പെടെ 13,800 ബസുകളുടെ സംഭരണ നടപടികള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലും വില്‍പനയിലും മുന്‍പന്തിയിലുള്ള കേരളത്തിലെ ഉപഭോക്താക്കള്‍ക്കും വാഹന ഡീലര്‍മാര്‍ക്കും കേന്ദ്ര നീക്കം വലിയ ആശ്വാസമാകും. ഇന്ധനച്ചെലവ് കുറയ്ക്കാന്‍ ഇ-സ്‌കൂട്ടറുകളെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ കേരളത്തിലുണ്ട്.
ജൂലൈ 31-ഓടെ സബ്സിഡി അവസാനിച്ചാല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ കുറവുണ്ടാകുമെന്ന ആശങ്ക നിലനിന്നിരുന്ന സാഹചര്യത്തിലാണ് കാലാവധി നീട്ടാനുള്ള നീക്കം വരുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണില്‍ സംസ്ഥാനത്തെ ഇ-വാഹന വില്‍പനയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇത് സഹായിക്കും.
Heavy Industries Ministry considers extending subsidies for electric two-wheelers past the July 31 deadline amid surging sales that exceeded initial targets.
Read DhanamOnline in English
Subscribe to Dhanam Magazine